കല്‍ക്കരിയിലെ പരിഷ്‌കരണങ്ങള്‍

കല്‍ക്കരിയിലെ പരിഷ്‌കരണങ്ങള്‍

ഇന്ത്യയുടെ ഊര്‍ജ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ ശ്രദ്ധേയമായ കാര്യമാണ് കല്‍ക്കരി മേഖലയിലെ ഖനനം ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി

നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ ഊര്‍ജ പദ്ധതികള്‍, ഇരുമ്പ്, ഉരുക്ക്, സിമന്റ് കമ്പനികള്‍ എന്നിവയ്ക്ക് കല്‍ക്കരി-ലിഗ്‌നൈറ്റ് ഖനനത്തിന് സ്വാഭാവിക വഴിയിലൂടെ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിരുന്നു. അതിനുപുറമെ കല്‍ക്കരി സംസ്‌കരണ യൂണിറ്റുകളായ വാഷറിപ്ലാന്റുകള്‍ പോലെയുള്ളവ ആരംഭിക്കുന്നതിനും 100% നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഭാവിക വഴിയിലൂടെ അനുവദിച്ചിരുന്നു. എന്നാല്‍ ആ കമ്പനി കല്‍ക്കരി ഖനനം ചെയ്യാന്‍ പാടില്ല, അവരുടെ കല്‍ക്കരി സംസ്‌കരണ പ്ലാന്റുകളില്‍ നിന്നു വാഷ്‌ചെയ്ത കല്‍ക്കരിയോ വലുപ്പമുള്ള കല്‍ക്കരിയോ പൊതുവിപണിയില്‍ വില്‍ക്കാനും പാടില്ല, ഈ വാഷ് ചെയ്തതോ വലിയതോ ആയ കല്‍ക്കരി അസംസ്‌കൃത കല്‍ക്കരി വാഷിംഗിനോ സൈസിംഗിനോ ആയി നല്‍കിയ കമ്പനികള്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇത് നല്‍കിയിരുന്നത്.

ഇപ്പോള്‍ കല്‍ക്കരിയുടെ വില്‍പ്പനയ്ക്കും അനുബന്ധ പ്രോസസിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉള്‍പ്പെടെ കല്‍ക്കരി ഖനനത്തിന് 100% നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഭാവിക വഴിയിലൂടെ അനുവദിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കല്‍ക്കരി ഇറക്കുമതി കുറച്ച്, കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ വിപണി വികസിപ്പിക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും. അതുപോലെ തന്നെ മേഖലയില്‍ കോള്‍ ഇന്ത്യക്കുള്ള കുത്തക അവസാനിക്കുന്നതിനും വഴിവെച്ചേക്കും. 1973ലാണ് രാജ്യത്തെ കല്‍ക്കരി മേഖല ദേശസാല്‍ക്കരിക്കുന്നത്. അതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളിലൊന്നാണിത്.

കല്‍ക്കരി മേഖല തുറന്നുകൊടുക്കുന്നത് കൂടുതല്‍ നൂതനാത്മകമായ സാങ്കേതികവിദ്യകളുടെ വിന്യാസത്തിന് കാരണമാകും. പ്രത്യേകിച്ചും സംശുദ്ധ ഊര്‍ജ സ്രോതസുകള്‍ക്കായുള്ള മുന്നേറ്റം ശക്തമായ ഇക്കാലത്ത്. കല്‍ക്കരി ഖനനത്തിനുള്ള അത്യാധുനിക സങ്കേതങ്ങള്‍ എത്തുന്നത് ഇന്ത്യക്ക് ഗുണകരമാകുകയും ചെയ്യും. എന്നാല്‍ ആഗോള തലത്തില്‍ കല്‍ക്കരി അധിഷ്ഠിത വ്യവസായങ്ങളോട് നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം കുറയുകയാണെന്ന വസ്തുതയും കണക്കിലെടുക്കണം.

2020 ആകുമ്പോഴേക്കും 1.5 ബില്യണ്‍ ടണ്‍ കല്‍ക്കരിയെന്നതാണ് കേന്ദ്രം ലക്ഷ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഒരു ബില്യണ്‍ ടണ്‍ കോള്‍ ഇന്ത്യ മാത്രം സംഭാവന ചെയ്‌തേക്കും. എന്തായാലും കല്‍ക്കരിയെ ഊര്‍ജസ്രോതസായി കാണുന്ന പ്രവണത കുറച്ചുകൊണ്ടുവരുന്നതിനാകണം നിര്‍ബന്ധമായും കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കല്‍ക്കരി അധിഷ്ഠിത കമ്പനികള്‍ക്ക് ധനസഹായം നല്‍കുന്നത് ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. 2017നോട് താരതമ്യം ചെയ്യുമ്പോള്‍ കല്‍ക്കരി അധിഷ്ഠിത ഊര്‍ജ പദ്ധതികളിലെ നിക്ഷേപത്തില്‍ 2018ല്‍ സംഭവിച്ചിരിക്കുന്നത് 90 ശതമാനത്തിന്റെ ഇടിവാണെന്നതും ഓര്‍ക്കണം.

Categories: Editorial, Slider
Tags: Coal, mining