മുഴുവന്‍ ഹെവി ഡ്യൂട്ടി ട്രക്കുകളും ബിഎസ് 6 പാലിക്കുന്നതായി അശോക് ലെയ്‌ലന്‍ഡ്

മുഴുവന്‍ ഹെവി ഡ്യൂട്ടി ട്രക്കുകളും ബിഎസ് 6 പാലിക്കുന്നതായി അശോക് ലെയ്‌ലന്‍ഡ്

സാക്ഷ്യപത്രങ്ങള്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് അശോക് ലെയ്‌ലന്‍ഡ് ഏറ്റുവാങ്ങി

ന്യൂഡെല്‍ഹി: തങ്ങളുടെ മുഴുവന്‍ ഹെവി ഡ്യൂട്ടി ട്രക്കുകളും ബിഎസ് 6 പാലിക്കുന്നതാണെന്ന് അശോക് ലെയ്‌ലന്‍ഡ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് അശോക് ലെയ്‌ലന്‍ഡ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡോ. എന്‍ ശരവണന്‍ ഏറ്റുവാങ്ങി. ഇതോടെ മുഴുവന്‍ ഹെവി ഡ്യൂട്ടി ട്രക്കുകളും ബിഎസ് 6 പാലിക്കുന്ന ഇന്ത്യയിലെ ആദ്യ വാണിജ്യ വാഹന നിര്‍മ്മാതാക്കളായി അശോക് ലെയ്‌ലന്‍ഡ് മാറി. വാഹനത്തിന്റെ മൊത്തം ഭാരം 16.2 ടണ്ണിനും അതിന് മുകളിലും വരുന്നതാണ് ഹെവി ഡ്യൂട്ടി ട്രക്കുകള്‍.

അശോക് ലെയ്‌ലന്‍ഡിന്റെ ലഘു വാണിജ്യ വാഹനങ്ങളുടെയും (എല്‍സിവി) ഇടത്തരം വാണിജ്യ വാഹനങ്ങളുടെയും (ഐസിവി) പരിശോധന ഉടന്‍ പൂര്‍ത്തിയാകുമെന്ന് അശോക് ലെയ്‌ലന്‍ഡ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു. അശോക് ലെയ്‌ലന്‍ഡ് പുതുതായി മോഡുലര്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചതായി എന്‍ ശരവണന്‍ അറിയിച്ചു. ലോഡിംഗ് സ്പാന്‍, കാബിന്‍, സസ്‌പെന്‍ഷന്‍, ഡ്രൈവ്‌ട്രെയ്ന്‍ എന്നിവ സംബന്ധിച്ച് ഉപയോക്താക്കള്‍ക്കായി വിവിധ ഓപ്ഷനുകള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ബിഎസ് 6 ട്രക്കുകള്‍ ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഐഷര്‍ ട്രക്ക്‌സ് ആന്‍ഡ് ബസ്സസ് പുറത്തിറക്കിയിരുന്നു. ഐഷര്‍ പ്രോ 2000 സീരീസ് എന്ന ലൈറ്റ് ഡ്യൂട്ടി ട്രക്കുകളാണ് ഭാരത് സ്റ്റേജ് 6 പാലിക്കുന്നതാക്കി മാറ്റിയത്. ഉപയോക്താക്കളുടെ ആവശ്യങ്ങളും വ്യവസായത്തില്‍ ഇതാദ്യമായ ചില ഫീച്ചറുകളും നല്‍കിയാണ് ഈ ട്രക്കുകള്‍ നിര്‍മ്മിച്ചത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടെലിമാറ്റിക്‌സ് കണക്റ്റിവിറ്റി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നീ പുതു തലമുറ ഇന്‍ഡസ്ട്രി ഫസ്റ്റ് ഫീച്ചറുകളാണ് ഐഷര്‍ പ്രോ 2000 സീരീസ് ലൈറ്റ് ഡ്യൂട്ടി ട്രക്കുകളില്‍ നല്‍കിയത്. 1.8 മീറ്റര്‍, 2.0 മീറ്റര്‍ എന്നീ രണ്ടുതരം ഡ്രൈവര്‍ കോണ്‍ഫിഗറേഷനുകള്‍ ഉള്ളതാണ് ഐഷര്‍ പ്രോ 2000 സീരീസ് ട്രക്കുകളുടെ ‘സ്മാര്‍ട്ട്’ കാബിന്‍. ഈ കാബിന്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും നല്‍കും. രണ്ട് പുതിയ എന്‍ജിന്‍ പ്ലാറ്റ്‌ഫോമുകളിലാണ് ഐഷര്‍ പ്രോ 2000 സീരീസ് ട്രക്കുകള്‍ വരുന്നത്.

ചിത്രം: പ്രതീകാത്മക ചിത്രം

Comments

comments

Categories: Auto