എന്തുകൊണ്ടാണ് മികച്ച ജീവനക്കാര്‍ രാജിവയ്ക്കുന്നത്?

എന്തുകൊണ്ടാണ് മികച്ച ജീവനക്കാര്‍ രാജിവയ്ക്കുന്നത്?

പണിയെടുക്കുന്ന സ്ഥാപനം തന്റെ സ്വന്തമല്ലെങ്കിലും സ്വന്തമാണെന്ന് കരുതി സംരംഭത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാന്‍ ‘തച്ചുടയ്ക്കല്‍’ ചിന്ത നടത്തുന്ന ജീവനക്കാരുണ്ടോ? എങ്കില്‍ അവരെ വിടാതെ മുറുകെപിടിക്കണം, അതാണ് ഏറ്റവും ലളിതവും ശക്തവുമായ മാനേജ്‌മെന്റ് വൈദഗ്ധ്യം

ഗൂഗിളും ഫേസ്ബുക്കും വിപ്രോയുമെല്ലാം വളര്‍ന്ന് പന്തലിച്ചത് ഇന്‍ട്രാപ്രണര്‍മാരിലൂടെയാണ്. അവരാണ് ഫ്യൂച്ചറിസ്റ്റിക്കായ ഏതൊരു സംരംഭത്തിന്റെയും കാതലായ ഭാഗം. ഇത്തരക്കാരില്ലെങ്കില്‍ വളര്‍ച്ചയുടെ, നൂതനാത്മകതയുടെ, അതിജീവനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുകയെന്നത് അസാധ്യം. 1955ലെ ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളില്‍ 88 ശതമാനവും 2015 ആകുമ്പോഴേക്കും അപ്രത്യക്ഷമായി. ഇതിന്റെ കാരണം തേടി പോകുമ്പോഴും ബോധ്യമാകുന്നത് ഇന്‍ട്രാപ്രണര്‍ഷിപ്പിന്റെ പ്രസക്തി തന്നെയാണ്.

പല ബിസിനസുകരും ഇന്‍ട്രാപ്രണര്‍മാരെ അല്ലെങ്കില്‍ വേറിട്ട രീതിയില്‍ ചിന്തിക്കുന്ന ജീവനക്കാരെ (പണിയെടുക്കുന്ന സ്ഥാപനം തന്റെ സ്വന്തമല്ലെങ്കിലും സ്വന്തമാണെന്ന് കരുതി സംരംഭത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാന്‍ ‘തച്ചുടയ്ക്കല്‍’ ചിന്ത നടത്തുന്ന ജീവനക്കാര്‍) പ്രോല്‍സാഹിപ്പിക്കാന്‍ മടി കാണിക്കാറുണ്ട്. അത് നേതൃത്വത്തിന്റെ പരാജയമാണ് പ്രതിഫലിപ്പിക്കുന്നത്. ഒടുവില്‍ സംഭവിക്കുക, നല്ല ജീവനക്കാര്‍ അല്ലെങ്കില്‍ ഇന്‍ട്രാപ്രണര്‍മാര്‍ കമ്പനിയില്‍ നിന്ന് രാജിവച്ച് എതിരാളികളോടൊത്ത് ചേരും. അല്ലെങ്കില്‍ അവര്‍ സ്വന്തമായി സംരംഭം തുടങ്ങും. ഒരു പഠനം പറയുന്നത് നോക്കുക. വിജയികളായ സംരംഭകരില്‍ 50 ശതമാനത്തിനും അവരുടെ ബിസിനസ് ഐഡിയ ആദ്യമായി മനസില്‍ തോന്നിയത് സാധാരണ ജീവനക്കാരനായി മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ്. ഐഡിയകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നടപ്പില്‍ വരുത്താനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും കമ്പനി മേധാവികളുടെ അസഹനീയമായ തൊഴില്‍ മനോഭാവം കൊണ്ടുമാണ് അവര്‍ ജോലി വിടുന്നത്. ബിസിനസ് വളര്‍ച്ചയുടെ അനിവാര്യ ഘടകമായി ഇന്‍ട്രാപ്രണര്‍ഷിപ്പിനെ കാണുന്നതില്‍ അത്തരം കമ്പനികള്‍ പരാജയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

പോള്‍ ബുഹെയ്റ്റ

വിജയികളായ ഇന്‍ട്രാപ്രണര്‍മാരെ സൃഷ്ടിക്കുന്ന കമ്പനികള്‍ ചെയ്യുന്ന പ്രധാനകാര്യം, എത്ര വലിയ സ്ഥാപനമാണെങ്കിലും ഒരു സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം അവിടെ സൃഷ്ടിച്ചെടുക്കുകയെന്നതാണ്. പ്രമുഖ നെറ്റ്‌വര്‍ക്കിംഗ് സംരംഭമായ ലിങ്ക്ഡ്ഇന്നില്‍ ഓരോ പാദത്തിലും പുതിയ ആശയവുമായി ഏത് ജീവനക്കാരനും കടന്നുവരാം. അങ്ങനെയെത്തുന്ന ആള്‍ക്ക് ഇഷ്ടാനുസരണം ഒരു ടീമുണ്ടാക്കി എക്‌സിക്യൂട്ടിവ് ടീമിനു മുമ്പില്‍ ആശയം അവതരിപ്പിക്കാം. ആശയത്തിന് അംഗീകാരം ലഭിച്ചാല്‍ മൂന്ന് മാസം ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി അവര്‍ക്ക് വിനിയോഗിക്കാവുന്നതാണ്.

ഫേസ്ബുക്കിന്റെ ലൈക്ക് ബട്ടണ്‍ ഇത്തരത്തിലുള്ള ചെറിയ എന്‍ജിനീയറിംഗ് ടീമുകള്‍ കമ്പനിക്കുള്ളില്‍ സൃഷ്ടിച്ചതിന്റെ ഫലമാണ്. ടെക് ഭീമന്‍ ഗൂഗിളില്‍ ജീവനക്കാര്‍ക്ക് അവരുടെ ജോലിസമയത്തിന്റെ 20 ശതമാനം അവര്‍ക്കിഷ്ടമുള്ള പ്രൊജക്ടുകള്‍ക്കായി വിനിയോഗിക്കാം. മൈക്രോസോഫ്റ്റിലാണെങ്കില്‍ ഇതിനായി ഗരാജ് എന്ന പേരില്‍ കമ്പനിക്കുള്ളില്‍ പ്രത്യേക സ്ഥലം തന്നെ മാറ്റിവച്ചിരുന്നു. ആഗോള സോഫ്റ്റ്‌വെയര്‍ കമ്പനിയായ എസ്എപിയുടെ ഹന എന്ന ഏറെ പ്രശസ്തമായ ഡാറ്റ ബേസ് മാനേജ്‌മെന്റ് സിസ്റ്റം പിറവിയെടുത്തത് കമ്പനിക്കുള്ളിലെ ചില ഇന്‍ട്രാപ്രണര്‍മാരുടെ ടീം ഒരുമിച്ചുചേര്‍ന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്.

ഇന്‍ട്രാപ്രണര്‍മാര്‍ എങ്ങനെ പെരുമാറും

വിജയികളായിത്തീര്‍ന്ന ഇന്‍ട്രാപ്രണര്‍മാരില്‍ കണ്ടുവരുന്ന ചി പ്രവണതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ശമ്പളം അത്ര പ്രധാനമല്ല

ഇന്‍ട്രാപ്രണര്‍മാരുടെ അളുവകോല്‍ എപ്പോഴും പണമാകണമെന്നില്ല. അവരുടെ പ്രധാന പ്രചോദനം ജോലി ചെയ്യാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ്. എന്നാല്‍ അതിനു മോശമല്ലാത്ത ശമ്പളം അവര്‍ പ്രതീക്ഷിക്കും. പക്ഷേ, ആ ശമ്പളത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല അവരുടെ നിലപാടുകള്‍. കമ്പനി പ്രതിസന്ധിയിലാകുന്ന ചില ഘട്ടങ്ങളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും ഒരുപക്ഷേ അവര്‍ തയ്യാറാകും.

ഫ്യൂച്ചറിസ്റ്റിക്കാണിവര്‍

ഭാവിയെ മുന്‍കൂട്ടിക്കാണും ഇക്കൂട്ടര്‍. എന്താണ് വളര്‍ച്ചയുടെ അടുത്ത ഘട്ടമെന്നായിരിക്കും ഇന്‍ട്രാപ്രണര്‍മാര്‍ എപ്പോഴും ചിന്തിക്കുക. ഭാവിയിലേക്ക് എപ്പോഴും ഒരുപടി കടന്ന് ചിന്തിക്കുന്നവരാകുമെന്ന് സാരം. കമ്പനിയിലെ ‘ചെയ്ഞ്ച് ഏജന്റുമാര്‍’ എന്ന്് അവരെ വിളിക്കാം. ഏതു സമയത്തും പ്രതിജ്ഞാബദ്ധരായ, ചെയ്യുന്ന കാര്യങ്ങളിലും കമ്പനിയിലെ ചര്‍ച്ചകളിലുമെല്ലാം വളരെ വ്യക്തത പുലര്‍ത്തുന്ന അവര്‍ ഒരിക്കലും ലോകം മാറുന്നതും കാത്തിരിക്കുകയില്ല. അതിനു മുമ്പേ ആ മാറ്റം കമ്പനിയില്‍ എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിക്കുകയാണ് ചെയ്യുക. ആരില്‍ നിന്നും എപ്പോഴും പുതിയ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന അവര്‍ക്ക് പഠനം ജീവവായുവാണ്. ഗൂഗിളില്‍ ജിമെയ്ല്‍ പിറന്നതു തന്നെ മികച്ച ഉദാഹരണം.

വേറിട്ട വഴി, തനത് വഴി

കമ്പനി അതുവരെ ഫോക്കസ് ചെയ്തിരുന്ന മേഖലയില്‍ നിന്നു തീര്‍ത്തും വിഭിന്നമായ ഒരു മേഖലയില്‍ ബിസിനസ് ചെയ്യാന്‍ ഉടമയെ ചില ഇന്‍ട്രാപ്രണര്‍മാര്‍ പ്രേരിപ്പിക്കും. സാധ്യതകളുള്ള അത്തരം മേഖലകള്‍ കണ്ടെത്തി, നടപ്പാക്കാനൊരു പ്ലാന്‍ തയാറാക്കി അതില്‍ നിക്ഷേപിക്കാന്‍ സംരംഭകനെ നിര്‍ബന്ധിക്കുന്നതിനുള്ള ധൈര്യമാണ് ഇവിടെ പ്രധാനം. മികച്ച ഉദാഹരണം കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയിലേക്കുള്ള ആപ്പിളിന്റെ മാറ്റം. ഒരു ചെറിയ വെജിറ്റബിള്‍ ഓയില്‍ ഉല്‍പ്പാദക കമ്പനിയെന്ന നിലയില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഔട്ട്‌സോഴ്‌സിംഗ് ഭീമനായി വിപ്രോ മാറിയതിനു പിന്നിലും ഇന്‍ട്രാപ്രണര്‍ഷിപ്പ് സ്പിരിറ്റ് തന്നെയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ തുടങ്ങിയ ആമസോണ്‍ ഇന്ന് സ്വന്തമായ ഹാര്‍ഡ്‌വെയര്‍ നിര്‍മിച്ചു വില്‍ക്കുന്നു. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ബിസിനസ് ലോകത്തുനിന്നും അടര്‍ത്തിയെടുക്കാം.

ആരാണീ ഇന്‍ട്രാപ്രണര്‍?

സ്റ്റീവന്‍ സാസ്സൂണ്‍

സംരംഭകനല്ല അവന്‍. പിന്നെയോ? സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരനോ ഒരു കൂട്ടം ജീവനക്കാരോ ബിസിനസിന്റെ വളര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഇന്നൊവേഷനുകളെ ഇന്‍ട്രാപ്രണര്‍ഷിപ്പിന്റെ ഭാഗമായി നിര്‍വചിക്കാമെന്ന് ലോക പ്രശസ്ത സാമ്പത്തിക പ്രസിദ്ധീകരണം ദ ഇക്കണോമിസ്റ്റ് പറയുന്നു. 1992ലാണ് അമേരിക്കന്‍ ഹെറിറ്റേജ് ഡിക്ഷനറിയില്‍ ഇങ്ങനെയൊരു വാക്ക് ഉള്‍പ്പെടുത്തുന്നത്. 1982 ഏപ്രില്‍ 17ന് പുറത്തിറങ്ങിയ ഇക്കണോമിസ്റ്റ് മാസികയില്‍ നോര്‍മാന്‍ മക്കറേ ഇന്‍ട്രാപ്രണര്‍ എന്ന ആശയത്തിന് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് ഗിഫോഡ് പിന്‍ചോട് എന്ന സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ ടൈം മാസികയുടെ 1985 ഫെബ്രുവരി പതിപ്പില്‍ ഒലൃല ഇീാല വേല കിേൃമുൃലിലൗൃ െഎന്ന തലക്കെട്ടില്‍ വന്ന ലേഖനത്തോടെയാണ് ലോക മാധ്യമങ്ങളില്‍ ഇന്‍ട്രാപ്രണര്‍ എന്ന പദം ചര്‍ച്ചയാകുന്നത്. അതേവര്‍ഷം തന്നെ ന്യൂസ് വീക്കും ഇന്‍ട്രാപ്രണര്‍ഷിപ്പിനെ കുറിച്ച് ഫീച്ചര്‍ ചെയ്തു. ആപ്പിളിന്റെ മെക്കിന്‍ടോഷ് കംപ്യൂട്ടര്‍ പിറവിയെടുത്തത് കമ്പനിയിലെ ഇന്‍ട്രാപ്രണര്‍ഷിപ്പിന്റെ ഭാഗമായാണെന്ന് സ്റ്റീവ് ജോബ്‌സ് ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രശസ്തരായ ചില ഇന്‍ട്രാപ്രണര്‍മാര്‍

ജിമെയ്ല്‍ ഇന്‍ബോക്‌സ്, ഗൂഗിള്‍ ആഡ്‌സെന്‍സ്, മാക്, ഐഫോണ്‍ തുടങ്ങിയ ആശയങ്ങളെല്ലാം ഇന്‍ട്രാപ്രണര്‍ഷിപ്പിന്റെ ഫലമാണ്. പോള്‍ ബുഹെയ്റ്റ്, സ്‌പെന്‍സര്‍ സില്‍വര്‍, സ്റ്റീവന്‍ സാസ്സൂണ്‍, കെന്‍ കറ്റരാഗി തുടങ്ങിയവരാണ് ലോകത്തെ അതിപ്രശസ്തരായ ചില ഇന്‍ട്രാപ്രണര്‍മാര്‍. ഗൂഗിളിന്റെ ഭാഗമായി ജിമെയ്ല്‍ വികസിപ്പിച്ചത് പോളായിരുന്നു. സോണിയില്‍ ജൂനിയര്‍ ജീവനക്കാരനായിരുന്ന സമയത്താണ് കെന്‍ പ്ലേസ്റ്റേഷന്റെ വികസനത്തിന് അടിത്തറ പാകിയത്. പോസ്റ്റ് ഇറ്റ് നോട്ടാണ് സ്‌പെന്‍സറിന്റെ സംഭാവന. എടുത്തുകൊണ്ടുപോകാവുന്ന ഡിജിറ്റല്‍ കാമറയാണ് കൊഡാക്കില്‍ ജോലി ചെയ്യവെ സ്റ്റീവന്‍ വികസിപ്പിച്ചത്.

സംരംഭകര്‍ മറക്കരുത് ഈ 5 കാര്യങ്ങള്‍

  • കമ്പനിക്കുള്ളില്‍തന്നെ ഇന്നൊവേഷന്‍ സാധ്യമാക്കുന്ന സമീപനമാണ് ഇന്‍ട്രാപ്രണര്‍ഷിപ്പില്‍ വേണ്ടത്
  • അതുവരെയുള്ള കമ്പനിയുടെ വളര്‍ച്ച, സംസ്‌കാരം, വൈദഗ്ധ്യം തുടങ്ങിയ ഘടകങ്ങള്‍ വെച്ച് ഇന്‍ട്രാപ്രണര്‍മാരെ അളക്കരുത്
  • പുതിയ ഇന്‍ട്രാപ്രണര്‍മാരെ സൃഷ്ടിക്കുന്നതല്ല കാര്യം. കമ്പനിക്കുള്ളില്‍ നിലനില്‍ക്കുന്ന ഇന്‍ട്രാപ്രണര്‍മാരെ കണ്ടെത്തുകയും അവരെ അംഗീകരിക്കുകയുമാണ്
  • എന്തെല്ലാമാണ് നിയമങ്ങളെന്നും അതെങ്ങനെ ലംഘിക്കാമെന്നും നിശ്ചയമുള്ളവരാകും ഇക്കൂട്ടര്‍
  • സാധാരണ കണ്ടുശീലിച്ച ഭരണനിര്‍വഹണ മനോഭാവം ഇന്‍ട്രാപ്രണര്‍മാരുടെ കാര്യത്തിലുണ്ടാകരുത്‌

Categories: FK Special, Slider