മാരുതി സുസുകി അരീന ഷോറൂമുകളുടെ എണ്ണം 450

മാരുതി സുസുകി അരീന ഷോറൂമുകളുടെ എണ്ണം 450

323 നഗരങ്ങളിലായാണ് ഇത്രയും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്

ന്യൂഡെല്‍ഹി : രാജ്യത്ത് മാരുതി സുസുകി അരീന ഷോറൂമുകളുടെ എണ്ണം 450 ആയി വര്‍ധിപ്പിച്ചു. 323 നഗരങ്ങളിലായാണ് ഇത്രയും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. അരീന, നെക്‌സ, കൊമേഴ്‌സ്യല്‍, ട്രൂ വാല്യു എന്നീ നാല് തരം ഡീലര്‍ഷിപ്പുകളിലൂടെയാണ് മാരുതി സുസുകി വാഹനങ്ങള്‍ വില്‍ക്കുന്നത്. മാരുതി സുസുകിയുടെ അരീന വെബ്‌സൈറ്റിലും ഉപയോക്താക്കള്‍ സജീവമാണ്. ഓരോ മാസവും 4.74 ദശലക്ഷം പേരാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്.

ഈക്കോ, ഓള്‍ട്ടോ, ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലെറിയോ, സെലെറിയോ എക്‌സ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ എന്നീ വാഹനങ്ങളാണ് അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്നത്. ബലേനോ, എസ്-ക്രോസ്, ഇഗ്നിസ്, സിയാസ്, എക്‌സ്എല്‍6 എന്നീ മോഡലുകള്‍ പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ വഴി വില്‍ക്കുന്നു. സൂപ്പര്‍ കാരി, ഈക്കോ കാര്‍ഗോ എന്നിവയാണ് കൊമേഴ്‌സ്യല്‍ ഷോറൂമുകളിലൂടെ വില്‍ക്കുന്നത്. മാരുതി സുസുകിയുടെ പ്രീ-ഓണ്‍ഡ് കാറുകള്‍ വില്‍ക്കാനുള്ള ശൃംഖലയാണ് ട്രൂ വാല്യു.

യുവാക്കളായ ഇന്ത്യന്‍ ഉപയോക്താക്കളുടെ കാര്‍ വാങ്ങല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് അരീന, നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതെന്നും കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ നല്‍കി അരീന ഷോറൂമുകള്‍ നവീകരിച്ചതെന്നും മാരുതി സുസുകി ഇന്ത്യ വിപണന-വില്‍പ്പന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഉപയോക്താക്കള്‍ക്കായി അരീന ഷോറൂമുകളില്‍ ഓരോ മോഡലിന്റെയും മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച ടച്ച്‌സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍, കളര്‍ ഓപ്ഷനുകള്‍, ഇഎംഐ ഓപ്ഷനുകള്‍, ആക്‌സസറികള്‍ തുടങ്ങിയ വിവരങ്ങള്‍ ടച്ച്‌സ്‌ക്രീനില്‍ ലഭിക്കും. കാറിന്റെ 360 ഡിഗ്രി കാഴ്ച്ച ലഭിക്കുന്നതിന് ഐക്രിയേറ്റ് കോണ്‍ഫിഗറേറ്ററും അരീന ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്.

Comments

comments

Categories: Auto