ഇനി ഊര്‍ജം മാത്രം ; വ്യവസായ, ഖനന മേഖലകളുടെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് ഖാലിദ് അല്‍ ഫാലി

ഇനി ഊര്‍ജം മാത്രം ; വ്യവസായ, ഖനന മേഖലകളുടെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് ഖാലിദ് അല്‍ ഫാലി

ഊര്‍ജ, വ്യവസായ, ഖനന മന്ത്രാലയത്തെ രണ്ടായി വിഭജിച്ചു

റിയാദ്: എണ്ണയുല്‍പ്പാദനം ബ്രേക്ക് ഇവന്‍ ലെവലിലും (വരുമാനത്തിലൂടെ ചിലവുകളെ മറികടക്കാന്‍ സാധിക്കുന്ന അവസ്ഥ) താഴെപ്പോയ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ, നഷ്ട്രപ്രതാപം വീണ്ടെടുക്കാനുള്ള അക്ഷീണശ്രമത്തിലാണ്. പ്രദേശിക എണ്ണവ്യാപാരത്തില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിക്ക് ഇനി എണ്ണവിപണിയെ സന്തുലനത്തിലാക്കാന്‍ കൂടുതല്‍ സമയം ചിലവഴിക്കാം.

2016 മുതല്‍ ഖാലിദ് അല്‍ ഫാലിയുടെ ചുമതലയിലുണ്ടായിരുന്ന രാജ്യത്തെ വിശാലമായ ഊര്‍ജ, വ്യവസായ, ഖനന മേഖലയെ സൗദി അറേബ്യ രണ്ട് മന്ത്രാലയങ്ങളായി വിഭജിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ അനവധി രാജകല്‍പ്പനകളുടെ ഭാഗമായിരുന്നു ഈ പ്രഖ്യാപനവും. ഊര്‍ജ നയം തുടര്‍ന്നും ഫാലിയുടെ ഉത്തരവാദിത്വമാണെങ്കിലും വ്യവസായ, ഖനന മേഖലയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിന് നഷ്ടമാകുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ നയതന്ത്രത്തിന്റെ പ്രതിരൂപമായിരുന്നു ഫാലി. എണ്ണവിപണിയില്‍ അമേരിക്കയുടെ ഷെയില്‍ എണ്ണയ്ക്കുള്ള ആധിപത്യത്തെ ചെറുക്കണമെന്ന് ഒപെകിലെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് സൗദി ഊര്‍ജ മന്ത്രാലയത്തില്‍ ചില പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മന്ത്രാലത്തിലെ പുതിയ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ നയത്തില്‍ മാറ്റമുണ്ടാക്കുകയില്ല. എണ്ണവിപണിയെ സന്തുലിതമാക്കുക, വിലനിലവാരം കാത്തുസൂക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ന്നതിന് തന്നെയാകും തുടര്‍ന്നും സൗദി അറേബ്യയുടെ ഊര്‍ജനയം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ദുബായിലെ എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിലെ ഉല്‍പ്പന വിഭാഗം അനലിസ്റ്റ് എഡ്വേഡ് ബെല്‍ പറയുന്നു.

അമേരിക്ക-ചൈന വ്യാപാരയുദ്ധവും ആഗോള സാമ്പത്തിക രംഗത്തെ പ്രതികൂല കാലവസ്ഥവും എണ്ണ വിതരണ രാഷ്ട്രങ്ങള്‍ക്ക് വെല്ലുവിളിയായി തുടരവെ കുറച്ച് മാസങ്ങള്‍ കൂടി നിലവിലെ ഈ സമ്മര്‍ദ്ദാവസ്ഥ തുടരുമെന്നും ബെല്‍ അഭിപ്രായപ്പെടുന്നു. വിതരണം നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെങ്കിലും എണ്ണയ്ക്കുള്ള ആവശ്യകത ദുര്‍ബലപ്പെടുകയും അത് വിലയെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് ബെല്‍ പറഞ്ഞു.

ഉല്‍പ്പാദനം പരിമിതപ്പെടുത്തുകയെന്ന ഒപെക് കരാറിന്റെ ഭാഗമായി പ്രതിദിന എണ്ണയുല്‍പ്പാദനം 10 ദശലക്ഷം ബാരലിനും താഴെയായി കുറച്ചിരിക്കുകയാണ് സൗദി അറേബ്യ. ഉല്‍പ്പാദനം കുറച്ച് കൊണ്ട് വിപണിയെ സന്തുലിതമാക്കുന്നതിനായി ഇത്തരമൊരു കരാര്‍ ഉണ്ടാക്കാനും അതില്‍ റഷ്യയടക്കമുള്ള വന്‍കിട എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളെ ഒപ്പം ചേര്‍ക്കാനും അല്‍ ഫാലി ഏറെ കഷ്ടപ്പെട്ടിരുന്നു. കരാര്‍ കൊണ്ടുവരുന്നതിനായി ഏറ്റവും കൂടുതല്‍ ത്യാഗങ്ങള്‍ സഹിക്കുന്നതും സൗദി അറേബ്യയാണ്. അവര്‍ക്ക് അനുവദിനീയമായതിലും 500,000 ബാരലുകള്‍ കുറച്ചാണ് സൗദി എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്.

ബജറ്റ് ബാലന്‍സ്

എണ്ണവ്യാപാരത്തില്‍ നിന്നുള്ള വരുമാനത്തില്‍ സര്‍ക്കാരിനുള്ള ആശ്രിതത്വം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണം, ഖനനം തുടങ്ങിയ പുതിയ വ്യവസായ മേഖലകളില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് സൗദി എണ്ണ ഉല്‍പ്പാദം കുറയ്ക്കാനും തീരുമാനമെടുത്തത്. സൗദിയുടെ ബജറ്റ് സന്തുലിതമാക്കി കൊണ്ടുപോകുന്നതിന് എണ്ണ, ബാരലിന് 80 ഡോളറെന്ന കണക്കിലെങ്കിലും വ്യാപാരം നടത്തേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നാണ്യനിധിയും ബ്ലൂംബര്‍ഗ് വിദഗ്ധ സംഘവും നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബാരലിന് 60 ഡോളറെന്ന വിലയിലാണ് ബ്രെന്റ് ക്രൂഡ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

മാത്രമല്ല, എണ്ണയിലധിഷ്ഠിതമായ ബിസിനസുകള്‍ വിപുലപ്പെടുത്തുന്നതിനായി പങ്കാളിത്തത്തിലൂടെ കോടിക്കണക്കിന് ഡോളര്‍ വിദേശ നിക്ഷേപവും സൗദിയിലേക്ക് ഒഴുകിയെത്തേണ്ടതുണ്ട്. വിദേശനിക്ഷേപകരെ ആകര്‍ഷിച്ച് അര ട്രില്യണോളം ഡോളര്‍ വ്യാവസായിക നിക്ഷേപം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെത്തിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്നത് ഖലിദ് അല്‍ ഫാലിയാണ്. വ്യാവസായിക, ഖനന മേഖലകളെ വേര്‍തിരിക്കുന്നത് ഫാലിയുടെ മുന്‍ഗാമിയായ അലി അല്‍ നയമി ദീര്‍ഘകാലം ചുമതല വഹിച്ചിരുന്നത് പോലെ വളരെ ഗൗരവമുള്ള ഉത്തരവാദിത്വങ്ങളില്‍ മാത്രം ശ്രദ്ധം കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് ഊര്‍ജമന്ത്രാലയത്തെ എത്തിക്കും. 2016ല്‍ നയമിയുടെ പകരക്കാരനായി ഫാലി എത്തിയപ്പോഴാണ് ഊര്‍ജ മന്ത്രാലയത്തിന് അധികച്ചുമതലകള്‍ വന്നുചേര്‍ന്നത്.

നിക്ഷേപങ്ങളില്‍ ശ്രദ്ധ

വ്യവസായ, ധാതു ഉറവിട മന്ത്രാലയത്തിന്റെ ചുമതല ഇനി മുതല്‍ ബന്ദര്‍ അല്‍ ഖൊറയെഫിനാണ്. ഖനന മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകരാന്‍ പുതിയ മന്ത്രിക്ക് സാധിച്ചേക്കുമെന്ന് ബെല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സൗദി അരാംകോയെന്ന് അറിയപ്പെടുന്ന ദേശീയ എണ്ണകമ്പനിയായ സൗദി അറേബ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓഹരി വില്‍പ്പനയാണ് സൗദിയുടെ സാമ്പത്തിക പുനസംഘടന പദ്ധതിയുടെ മൂലക്കല്ല്. അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന 2020ല്‍ പദ്ധതിയിട്ടിരിക്കെ, എണ്ണ വ്യാപാരം വര്‍ധിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമാകും ഫാലി ഇനി ശ്രദ്ധ നല്‍കുക. അരാംകോയുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നതും എവിടെയാണ് കമ്പനി ഓഹരികള്‍ ലിസ്റ്റ് ചെയ്യുകയെന്നതും ഇപ്പോഴും അവ്യക്തമാണ്.

Comments

comments

Categories: Arabia