വീണ്ടും നിരക്കിളവ് അനിവാര്യം

വീണ്ടും നിരക്കിളവ് അനിവാര്യം

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനത്തില്‍ പുനര്‍വിചിന്തനം നടത്തുകയാണ് ഗവേഷക സ്ഥാപനങ്ങള്‍. വീണ്ടുമൊരു നിരക്കിളവ് അനിവാര്യമായിരിക്കുന്നു

ജൂണ്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി നിരക്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം ഇടിവാണ് സംഭവിച്ചത്. സാമ്പത്തിക അസ്ഥിരത നേരിടുന്ന സാഹചര്യത്തില്‍ അത് വ്യവസായ ലോകത്തിന് കൂടുതല്‍ ആഘാതമേല്‍പ്പിച്ചു. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ് ജൂണ്‍ പാദത്തിലെ അഞ്ച് ശതമാനമെന്നത്. ഉപഭോഗ ആവശ്യകതയും കയറ്റുമതിയും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഓഗസ്റ്റില്‍ രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയിലെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്(പിഎംഐ) 51.4ലേക്ക് താഴ്‌ന്നെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നത്.

15 മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണ് ഉല്‍പ്പാദനമേഖലയിലെ പിഎംഐ കണക്കിലുണ്ടായിരിക്കുന്നത്. വലിയ പ്രതീക്ഷയില്ലാത്ത റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പും സിറ്റിഗ്രൂപ്പുമെല്ലാം രാജ്യത്തിന്റെ വളര്‍ച്ചാ നിഗമനത്തില്‍ പുനപരിശോധന നടത്തിയിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രതീക്ഷ ഇവര്‍ ആറ് ശതമാനത്തിലേക്കാണ് ചുരുക്കിയിരിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കിളവ് തുരടേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. ഈ വര്‍ഷം ഇതുവരെ 110 ബേസിസ് പോയ്ന്റിന്റെ ഇടിവാണ് പലിശനിരക്കില്‍ ആര്‍ബിഐ വരുത്തിയിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷ ഏഴ് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ കാര്യങ്ങള്‍ പതിയെ ട്രാക്കിലേക്ക് തിരിച്ച് കയറുമെന്നും സര്‍ക്കാര്‍ വിശ്വസിക്കുന്നു.

പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് വായ്പാ വളര്‍ച്ച ത്വരിതപ്പെടുത്തുക, നേരിട്ടുള്ള വിദേശ നിക്ഷേപ നയങ്ങള്‍ കൂടുതല്‍ ഉദാരമാക്കുക, വാഹനം വാങ്ങുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നതെല്ലാമാണ് വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന നയങ്ങള്‍. എന്നാല്‍ ബാങ്ക് ലയനങ്ങളിലൂടെ വായ്പാ വിപണി ശക്തമാകില്ലെന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ വായ്പാ നിരക്കിലെ ഇളവുകള്‍ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല എന്നതും വിപണിക്ക് തലവേദനയാണ്. ഇക്കാര്യം സുഗമമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് പ്രായോഗികവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.

സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന കാര്യം അംഗീകരിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം വീണുവെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടില്ല. സാങ്കേതികാര്‍ത്ഥത്തില്‍ മാന്ദ്യാവസ്ഥയിലാണോ രാജ്യമെന്ന കാര്യത്തില്‍ രണ്ടഭിപ്രായങ്ങളുമുണ്ട്. സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യം സൂപ്പര്‍ പവര്‍ പദവിയിലേക്ക് കുതിക്കുന്നുവെന്ന് നാം അവകാശപ്പെടാറുള്ളത്. അതിനാല്‍ തന്നെ സാമ്പത്തിക കണക്കുകള്‍ ശക്തമാണെന്ന് തെളിയിക്കുന്നത് തന്നെയാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി. രാഷ്ട്രീയപരമായ വിഷയങ്ങളില്‍ രാജ്യത്തിന്റെ ശ്രദ്ധ തിരിഞ്ഞാലും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ആത്യന്തികമായി വിലയിരുത്തപ്പെടുക രാജ്യത്തിന്റെ വികസന സൂചകങ്ങള്‍ തന്നെയാകും.

Categories: Editorial, Slider
Tags: GDP