എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്തുന്നു

എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്തുന്നു

പ്രഖ്യാപനത്തെ തുടര്‍ന്ന് എമിറേറ്റ്‌സ് എന്‍ബിഡി ഓഹരികള്‍ നേട്ടമുണ്ടാക്കി

ദുബായ്: ആസ്തിയില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി 40 ശതമാനമാക്കി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ഓഹരികളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്‌സ് എന്‍ബിഡി വിദേശ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തുന്നത്. എഫ്ടിഎസ്ഇ റസ്സല്‍, എംഎസ്‌സിഐ തുടങ്ങി ഉയര്‍ന്നുവരുന്ന വിപണി സൂചികകളുടെ പ്രധാന ഓഹരി സൂചികകളില്‍ ഉള്‍പ്പെടാന്‍ ഈ തീരുമാനം എന്‍ബിഡിക്ക് സഹായമാകും.

വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ മാറ്റങ്ങളില്‍ ഓഹരിയുടമകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി തേടുമെന്ന് ബാങ്ക് വ്യക്തമാക്കി. മുമ്പ് 5 ശതമാനമായിരുന്ന വിദേശ ഉടമസ്ഥാവകാശ പരിധി 20 ശതമാനമാക്കി ഉയര്‍ത്താന്‍ നേരത്തെ എമിറേറ്റ്‌സ് എന്‍ബിഡി ബോര്‍ഡും ഓഹരിയുടമകളും അനുമതി നല്‍കിയിരുന്നു. ഈ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് ബാങ്ക് അറിയിച്ചു.

ഈ വര്‍ഷം 46 ശതമാനം നേട്ടമുണ്ടാക്കിയ എമിറേറ്റ്‌സ് എന്‍ബിഡി ഓഹരികള്‍ പുതിയ പ്രഖ്യാപനത്തോടെ ഇന്നലെ രാവിലെ 11 മണിക്ക് 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലനിലവാരമായ 13.15 ദിര്‍ഹത്തില്‍ എത്തിയിരുന്നു.

യുഎഇ സര്‍ക്കാരുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായാണ് വിദേശ ഉടമസ്ഥാവകാശ പരിധി ഉയര്‍ത്തുന്നതെന്ന് ബാങ്ക് ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഏറ്റവും ആകര്‍ഷകമായ സമ്പദ് വ്യവസ്ഥയെന്ന യുഎഇയുടെ സ്ഥാനത്തിന് ഈ പ്രഖ്യാപനം കരുത്ത് പകരുമെന്നും സയീദ് അല്‍ മക്തൂം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിക്ഷേപക അടിത്തറ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ ഉടമസ്ഥാവകാശ പരിധിയില്‍ മാറ്റം വരുത്തിയിരിക്കുമെന്ന് എമിറേറ്റ്‌സ് എന്‍ബിഡി അറിയിച്ചു. മാത്രമല്ല, വിദേശ നിക്ഷേപവും മൂലധനവും ആകര്‍ഷിച്ച് യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശ നിക്ഷേപ പരിധിയില്‍ മാറ്റം വരുത്തണമെന്ന ഫസ്റ്റ് അബുദാബി ബാങ്ക് നിര്‍ദ്ദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രഖ്യാപനമാണിതെന്നും ബാങ്ക് അറിയിച്ചു.

Comments

comments

Categories: Arabia
Tags: emirates nbd