ഏറ്റവും വേഗതയേറിയ സ്രാവിനെ സംരക്ഷിക്കാനായി നിരവധി രാജ്യങ്ങള്‍ രംഗത്ത്.

ഏറ്റവും വേഗതയേറിയ സ്രാവിനെ സംരക്ഷിക്കാനായി നിരവധി രാജ്യങ്ങള്‍ രംഗത്ത്.

ജനീവ: വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്രാവിനെ സംരക്ഷിക്കാനായി നിരവധി രാജ്യങ്ങള്‍ രംഗത്ത്. മാകോ ഷാര്‍ക്ക് എന്ന സ്രാവ് സമുദ്രങ്ങളിലെ ചീറ്റ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ സംരക്ഷണത്തിനായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു കഴിഞ്ഞയാഴ്ച ജനീവയില്‍ വച്ചു നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നത്. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡേഞ്ചേഡ് സ്പീഷ്യസിന്റെ (സൈറ്റ്‌സ്) 18-ാം സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ജനീവയില്‍ നിരവധി രാജ്യങ്ങള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവരാണ് മാകോ ഷാര്‍ക്കിനെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. വംശനാശഭീഷണിയുള്ള ജീവവര്‍ഗ്ഗങ്ങളുടെ സംരക്ഷണത്തിനായുള്ള ഒരു ബഹുരാഷ്ട്ര ഉടമ്പടിയാണ് സൈറ്റ്‌സ്.

ലോകമെങ്ങും മാകോ ഷാര്‍ക്കിനെ മത്സ്യബന്ധനത്തിന്റെ ഭാഗമായി വന്‍തോതില്‍ പിടികൂടുന്നുണ്ട്. വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ കാണപ്പെടുന്ന ഷോര്‍ട്ട്ഫിന്‍ മാകോ ഷാര്‍ക്കാണു ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്നത്. സ്‌പെയന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ ഷോര്‍ട്ട്ഫിന്‍ മാകോ ഷാര്‍ക്കിനെ വന്‍ തോതില്‍ പിടികൂടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ശാസ്ത്രജ്ഞരും സംരക്ഷണവാദികളും പ്രധാനപ്പെട്ട ജീവിവര്‍ഗങ്ങളെ വന്‍തോതില്‍ വേട്ടയാടുന്നതിനെതിരേ മുന്നറിയിപ്പുമായി രംഗത്തുവരാറുണ്ടെങ്കിലും അതെല്ലാം പലപ്പോഴും ഒറ്റപ്പെട്ട ശബ്ദമായി പോവുകയും ചെയ്യുന്നു. ഈ വര്‍ഷം ഷോര്‍ട്ട്ഫിന്‍, ലോങ്ഫിന്‍ മാക്കോ ഷാര്‍ക്കിനെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി. മാക്കോ ഷാര്‍ക് കരുതിയതിലും വേഗത്തില്‍ ഉന്മൂലനം ചെയ്യപ്പെടുകയാണെന്നു ചൂണ്ടിക്കാണിച്ച് ഈ വര്‍ഷം ജൂണില്‍ ശാസ്ത്രജ്ഞര്‍ രംഗത്തുവന്നിരുന്നു.

സൂപ്പിനുള്ള ആവശ്യം വര്‍ധിക്കുന്നതാണ് സമുദ്രത്തില്‍ സ്രാവുകളുടെ എണ്ണം കുറയാന്‍ കാരണമായി പറയപ്പെടുന്നത്. സ്രാവുകളും അവയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആഗോളവ്യാപാരത്തിന് നിയന്ത്രണവുമില്ല. ഇത്തരം ഘടകങ്ങള്‍ സ്രാവുകളെ വംശനാശത്തിലേക്കു നയിച്ചെന്നാണു കണ്ടെത്തിയിരിക്കുന്നത്.

Comments

comments

Categories: World