ടയര്‍ വിപണിയില്‍ കൂടുതല്‍ സ്മാര്‍ട്ടായി ജെ കെ ടയര്‍

ടയര്‍ വിപണിയില്‍ കൂടുതല്‍ സ്മാര്‍ട്ടായി ജെ കെ ടയര്‍
  • ട്രീല്‍ മൊബിലിറ്റി സൊലൂഷന്‍സ് സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തത് ജെ കെ ടയറിന് മുതല്‍കൂട്ടാകുന്നു
  • മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ കഴിയും എന്നത് പ്രധാന സവിശേഷത
  • പുതിയ ടയറുകള്‍ക്ക് വിപണിയില്‍ സ്വീകര്യത ലഭിക്കുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: അടുത്തിടെ ജെ കെ ടയര്‍ വിപണിയിലെത്തിച്ച ‘ട്രീല്‍ സെന്‍സേഴ്‌സ്’ ടയറുകള്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ടയര്‍ വിപണിയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ചാണ് റേഡിയല്‍ ടെക്‌നോളജിയുടെ പതാകവാഹകരായ ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട് മോണിട്ടറിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങള്‍ ലഭ്യമാക്കിയ പുതിയ ബ്രാന്‍ഡ് ‘ട്രീല്‍ സെന്‍സേര്‍സ്’ വിപണിയില്‍ എത്തിച്ചത്. രാജ്യത്തു ഹൈ പെര്‍ഫോമന്‍സ് ട്രക്കുകള്‍, ബസുകള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ എന്നിവയ്ക്കായുള്ള ടയര്‍ വിപണിയില്‍ ജെ കെ ടയറിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, ടയര്‍ വിപണിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ ക്ഷമതയും സുരക്ഷയുമുള്ള ടയര്‍ നിര്‍മിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ടയര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ട്രീല്‍ മൊബിലിറ്റി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പിനെ ജെ കെ ടയര്‍ അടുത്തിടെ സ്വന്തമാക്കിയതാണ് പ്രസ്തുത നേട്ടത്തിലേക്ക് എത്താന്‍ കമ്പനിക്കു സഹായകരമായത്.

റേഡിയല്‍ ടയറുകളെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തിയവര്‍ എന്നതുകൂടാതെ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ സുരക്ഷയും ക്ഷമതയും നല്‍കുന്ന ‘സ്മാര്‍ട്ട് ടയര്‍’ എന്ന പേരിലുള്ള നൂതന സംരംഭത്തിനും ഞങ്ങളിലൂടെ തന്നെ തുടക്കം കുറിക്കുകയാണ്-ജെ കെ ടയര്‍ & ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. രഗുപതി സിംഗാനിയ പറഞ്ഞു.

ട്രീല്‍ സെന്‍സേര്‍സ് എന്ന പേരില്‍ ടയര്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ടയര്‍ വിപണിയില്‍ ആദ്യത്തെ ഹൈടെക് സ്മാര്‍ട്ട് ടയറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നൂതന സാങ്കേതിവിദ്യയിലൂടെ നിര്‍മിച്ചിരിക്കുന്നതിനാല്‍ വാഹന ഉടമകള്‍ക്കു മുടക്കുന്ന തുകയ്ക്കു മികച്ച സേവനം പ്രത്യേകിച്ചും ടയറുകളുടെ ക്ഷമതയുടെ കാര്യത്തില്‍ ഉറപ്പാക്കാം. മേയ്ക്ക് ഇന്‍ ഇന്ത്യ കാംപയിനിന്റെ ഭാഗമായി പൂനെയില്‍ നിര്‍മിച്ച ടയര്‍ നിലവില്‍ രാജ്യത്തെ നിരത്തുകളില്‍ പരീക്ഷണ വിജയം നേടി ശേഷി തെളിയിച്ചു കഴിഞ്ഞതാണെന്നും-അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ കഴിയും എന്നതുകൊണ്ട് ജെ കെ ടയറുകളുടെ പൊതുഗുണമായ ‘നിരത്തുകളിലെ സുരക്ഷിതത്വം’ എന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ട്രീല്‍ സെന്‍സേഴ്‌സിലൂടെ ടയറുകളിലെ സമ്മര്‍ദവും ചൂടും പരിശോധിക്കാവുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സ്മാര്‍ട്ട് സെന്‍സര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമയുടെ മൊബീല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ ബ്ലൂടൂത്ത് സഹായത്തോടെ സമയബന്ധിതമായി അറിയാന്‍ സാധിക്കും. ഇതിലൂടെ ടയറുകളുടെ സ്ഥിതിയെകുറിച്ചു നേരത്തെ മനസിലാക്കാനും അവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു ടയറുകളുടെ ക്ഷമത കൂട്ടാനും സുരക്ഷ ഉറപ്പുവരുത്താനും കഴിയും.

മാത്രമല്ല ടിപിഎംഎസ് സഹായത്തോടെ ട്രീല്‍ സെന്‍സേഴ്‌സ് ടയറുകള്‍ക്കു കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുവാനും സാധിക്കും. ചുരുക്കത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മികച്ച സേവനം നല്‍കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സാമ്പത്തിക നേട്ടവും പുതിയ ടയര്‍ വാഗ്ദാനം ചെയ്യുന്നു.

ട്രീല്‍ സെന്‍സേഴ്‌സ് രാജ്യത്ത് 700ല്‍ അധികം ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ പുതിയ ടയറുകള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമിലൂടെ ഉപയോക്താക്കള്‍ക്കായി വില്‍പ്പന നടത്താനും ജെ കെ ടയറിന് പദ്ധതിയുണ്ട്.

Comments

comments

Categories: Business & Economy
Tags: JK Tyre