ഉദയ്പുര്‍ രാജകുമാരന് ആനന്ദ് മഹീന്ദ്ര സമ്മാനിച്ചത് ഥാര്‍ 700

ഉദയ്പുര്‍ രാജകുമാരന് ആനന്ദ് മഹീന്ദ്ര സമ്മാനിച്ചത് ഥാര്‍ 700

വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ലക്ഷ്യരാജ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചു

ന്യൂഡെല്‍ഹി : ഉദയ്പുര്‍ രാജകുമാരനായ ലക്ഷ്യരാജ് സിംഗ് മേവാറിന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ‘ഥാര്‍ 700’ സമ്മാനിച്ചു. വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ലക്ഷ്യരാജ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ചു. ലിമിറ്റഡ് എഡിഷന്‍ മോഡലാണ് മഹീന്ദ്ര ഥാര്‍ 700. നിലവിലെ തലമുറ 4 വീല്‍ ഡ്രൈവ് ഓഫ്‌റോഡ് എസ്‌യുവി വിപണി വിടുന്നതിനുമുമ്പ് പുറത്തിറക്കിയതാണ് ഥാര്‍ 700. ആകെ 700 യൂണിറ്റ് ഥാര്‍ 700 മാത്രമാണ് നിര്‍മ്മിക്കുന്നത്. ഈ അവസാന ബാച്ചില്‍ ഉള്‍പ്പെട്ട വാഹനങ്ങളിലൊന്നാണ് ലക്ഷ്യരാജ് സിംഗിന് കൈമാറിയത്.

എഴുപത് വര്‍ഷം മുമ്പ് 1949 ലാണ് ആദ്യ മഹീന്ദ്ര വാഹനം ഇന്ത്യയില്‍ നിര്‍മ്മിച്ചത്. എഴുപത് വര്‍ഷത്തെ ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഥാര്‍ 700 എന്ന പേര് നല്‍കി വാഹനം വിപണിയിലെത്തിച്ചത്. ആനന്ദ് മഹീന്ദ്രയുടെ ഒപ്പോടുകൂടിയ പ്രത്യേക ബാഡ്ജാണ് ഥാര്‍ 700 വാഹനത്തിന്റെ പ്രധാന സവിശേഷത. സ്‌റ്റൈലിഷ് 5 സ്‌പോക്ക് അലോയ് വീലുകള്‍, വശത്തും ബോണറ്റിലും ഡീകാളുകള്‍, ഗ്രില്ലില്‍ ബ്ലാക്ക് ഫിനിഷ്, മുന്‍ ബംപറില്‍ സില്‍വര്‍ ഫിനിഷ് എന്നിവ നല്‍കിയിരിക്കുന്നു.

വാഹന കമ്പം നല്ലപോലെ ഉള്ളവരുടെ കൂട്ടത്തിലാണ് ഉദയ്പുരിലെ മേവാര്‍ കുടുംബം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദയ്പുരില്‍ വിന്റേജ് കാര്‍ മ്യൂസിയം ഇവര്‍ തുറന്നിരുന്നു. ഉദയ്പുര്‍ രാജകുമാരന്റെ വസതിയില്‍ നൂറുകണക്കിന് ക്ലാസിക്, വിന്റേജ് കാറുകള്‍ കൂടാതെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് പോലുള്ള ആധുനിക കാറുകള്‍ക്കൊപ്പമായിരിക്കും മഹീന്ദ്ര ഥാര്‍ 700 എസ്‌യുവിയുടെ സഹവാസം. ഈ വര്‍ഷം ജൂണിലാണ് മഹീന്ദ്ര ഥാര്‍ 700 പുറത്തിറക്കിയത്. 9.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto