കെടിഎം 250 അഡ്വഞ്ചര്‍ അണിയറയില്‍

കെടിഎം 250 അഡ്വഞ്ചര്‍ അണിയറയില്‍

ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ന്യൂഡെല്‍ഹി: കെടിഎം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘390 അഡ്വഞ്ചര്‍’ അധികം വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ അതിനിടയില്‍ മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ‘അഡ്വഞ്ചര്‍’ മോട്ടോര്‍സൈക്കിളിന്റെ 250 സിസി വേര്‍ഷന്‍ കെടിഎം വികസിപ്പിക്കുന്നതായാണ് വിവരം. 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ മിക്ക സ്‌റ്റൈലിംഗ്, മിക്ക ഹാര്‍ഡ്‌വെയര്‍ ഘടകങ്ങള്‍ കെടിഎം 250 അഡ്വഞ്ചര്‍ കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെടിഎം 390 അഡ്വഞ്ചര്‍ ഇനിയും ഔദ്യോഗികമായി അനാവരണം ചെയ്തിട്ടില്ല.

വില നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍, രണ്ട് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളും ഡ്യൂക്ക് 390, ഡ്യൂക്ക് 250 മോഡലുകളുടെ രീതി പിന്തുടരും. എന്‍ജിന്‍ മാറ്റിനിര്‍ത്തിയാല്‍, കാഴ്ച്ചയില്‍ രണ്ട് ബൈക്കുകളും മിക്കവാറും സമാനമായിരിക്കും. എല്‍ഇഡി യൂണിറ്റിന് പകരം ഹാലൊജന്‍ ഹെഡ്‌ലൈറ്റ് ആയിരിക്കും കെടിഎം 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ നല്‍കുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കാണാന്‍ കഴിഞ്ഞേക്കില്ല.

250 ഡ്യൂക്ക് ഉപയോഗിക്കുന്ന അതേ എന്‍ജിനായിരിക്കും കെടിഎം 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. എന്നാല്‍ ട്യൂണിംഗ്, ഗിയര്‍ അനുപാതങ്ങള്‍ സംബന്ധിച്ച് ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കും. 250 ഡ്യൂക്ക് എന്ന നേക്കഡ് മോട്ടോര്‍സൈക്കിളിലെ 250 സിസി മോട്ടോര്‍ 30 ബിഎച്ച്പി കരുത്തും 24 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായും എന്‍ജിന്‍ ട്യൂണ്‍ ചെയ്യും. മുന്നില്‍ 19 ഇഞ്ച് വ്യാസമുള്ള ചക്രവും പിന്നില്‍ 17 ഇഞ്ച് വലുപ്പമുള്ള ചക്രവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ കെടിഎം 390 അഡ്വഞ്ചര്‍ ആഗോള അരങ്ങേറ്റം നടത്തും. 250 അഡ്വഞ്ചര്‍ മോഡലും ഐക്മയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 390 സിസി അഡ്വഞ്ചര്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമ്പോള്‍ 250 സിസി മോഡല്‍ അടുത്ത വര്‍ഷം പുറത്തിറക്കും. 390 സിസി മോഡലിന് ഏകദേശം മൂന്ന് ലക്ഷം രൂപ വില പ്രതീക്ഷിക്കാം. 250 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് രണ്ട് ലക്ഷത്തോളം രൂപയും.

Comments

comments

Categories: Auto