ഒപെക്കില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റഷ്യയോട് ഇന്ത്യ

ഒപെക്കില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റഷ്യയോട് ഇന്ത്യ

പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും റഷ്യന്‍ ഊര്‍ജമന്ത്രി അലെക്‌സാണ്ടര്‍ വാലന്റീനോവിച്ച് നോവാക്കും ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: ന്യായവിലയ്ക്ക് ആവശ്യമായ എണ്ണ ലഭ്യമാക്കാനും ആഗോള എണ്ണ വിപണിയെ സന്തുലിതമാക്കാനും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസിലെ അംഗമെന്ന നിലയില്‍ റഷ്യ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ റഷ്യന്‍ ഊര്‍ജമന്ത്രി അലെക്‌സാണ്ടര്‍ വാലന്റീനോവിച്ച് നോവാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം മുന്നോട്ടു വെച്ചത്. എണ്ണ ഉല്‍പ്പാദനം ഉയര്‍ത്താന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ റഷ്യക്കാവുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

റഷ്യയിലെ എണ്ണ, പ്രകൃതി വാതക മേഖലയില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ തല്‍പരരാണെന്ന് പ്രധാന്‍ അറിയിച്ചു. സമാനമായി ഇന്ത്യയിലെ എണ്ണ, പ്രകൃതി വാതക ഉല്‍പ്പാദന, ശുദ്ധീകരണ, പര്യവേക്ഷണ, പെട്രോകെമിക്കല്‍ മേഖലകളില്‍ റഷ്യന്‍ നിക്ഷേപം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രധാന്റെ സന്ദര്‍ശനം. സെപ്റ്റംബര്‍ നാല് മുതല്‍ ആറ് വരെ വഌഡിവോസ്‌റ്റോക്കില്‍ നടക്കുന്ന വെസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ മുഖ്യാനിഥിയായി മോദി പങ്കെടുക്കുന്നുണ്ട്.

അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 83 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 85 ശതമാനമാണ് ഒപെക് രാജ്യങ്ങളുടെ പങ്ക്. കൂടാതെ 80% ശതമാനം പ്രകൃതി വാതകവും ഈ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

Categories: FK News, Slider