ചാരന്മാരെ റിക്രൂട്ട് ചെയ്യാന്‍ ചൈന ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നു

ചാരന്മാരെ റിക്രൂട്ട് ചെയ്യാന്‍ ചൈന ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നു

ലിങ്ക്ഡ്ഇന്‍ എന്ന നവമാധ്യമത്തെ ഉപയോഗിച്ച് ചാരവൃത്തിക്ക് ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചൈനയെന്നു കണ്ടെത്തിയിരിക്കുകയാണു പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികള്‍. കോര്‍പറേറ്റ് ട്രേഡ് സീക്രട്ട് അഥവാ കോര്‍പറേറ്റ് വ്യാപാര രഹസ്യങ്ങള്‍, ബൗദ്ധിക സ്വത്തവകാശം മറ്റ് ഗവേഷണ സംബന്ധിയായ വിവരങ്ങള്‍ എന്നിവയാണ് ഇന്റലിജന്‍സ് ഏജന്റുമാര്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്. അതിനു വേണ്ടി അവര്‍ അക്കാദമിക രംഗത്തെയും സ്വകാര്യരംഗത്തെയും മുന്‍നിരകളില്‍ പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടും. അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. ഇതാണ് ഇന്റലിജന്‍സ് ഏജന്റുമാരുടെ പ്രവര്‍ത്തനരീതി. ചാരവൃത്തിക്കായി വലിയ തോതില്‍ സോഷ്യല്‍ മീഡിയ വഴി ചൈന ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ലോകമെങ്ങുമുള്ള തൊഴില്‍ദാതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേണ്ടിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റാണ് ലിങ്ക്ഡ്ഇന്‍. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ലിങ്ക്ഡ്ഇന്‍ വളരെ വ്യത്യസ്തവുമാണ്. തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കും തൊഴില്‍സൃഷ്ടിക്കുന്നവര്‍ക്കും തമ്മില്‍ ഫലപ്രദമായ വിനിമയം നടത്താന്‍ ഉപകരിക്കുന്നതാണ് ലിങ്ക്ഡ്ഇന്‍. സല്ലപിക്കുന്നതിനോ, രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ ഈ പ്ലാറ്റ്‌ഫോമിനെ അധികമാരും ഉപയോഗിക്കാറില്ല. എന്നാല്‍ ഈയടുത്ത കാലത്ത് ചൈന ചാരവൃത്തിക്കായി ഏജന്റുമാരെ നിയമിക്കാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് ഒബാമ ഭരണകൂടത്തിലെ ഒരു മുന്‍ മുതിര്‍ന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥന് ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമിലെ റോബിന്‍സണ്‍ സാങ് എന്ന പേരുള്ള ഒരു പ്രൊഫൈലില്‍ നിന്ന് ഒരു ഓഫര്‍ അടങ്ങിയ സന്ദേശം ലഭിച്ചു. ചൈനയിലേക്കു പറക്കാന്‍ ക്ഷണിക്കുകയും ‘നല്ല ശമ്പളമുള്ള’ അവസരങ്ങളുമായി ബന്ധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു കൊണ്ടുള്ളതായിരുന്നു സന്ദേശം. ആര്‍ &സി ക്യാപിറ്റല്‍ എന്ന കമ്പനിയിലെ പബ്ലിക് റിലേഷന്‍സ് മാനേജരെന്ന് രേഖപ്പെടുത്തിയതായിരുന്നു സാങിന്റെ പ്രൊഫൈല്‍. ആര്‍ &സി ക്യാപിറ്റലിന്റെ വെബ്‌സൈറ്റ് അഡ്രസില്‍ നമ്പര്‍.68, മോടി റോഡ്, ഹോങ്ങോങ് എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഹോങ്ങാങില്‍ അങ്ങനെയൊരു കമ്പനിയില്ലെന്നു പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഹോങ്ങോങിന്റെ കോര്‍പറേറ്റ് രജിസ്‌ട്രേഷന്‍ ഡാറ്റാബേസിലും ഈ കമ്പനിയില്ലെന്നു കണ്ടെത്തി.

2011-ല്‍ ചൈനയിലെ ഒരു റിക്രൂട്ടിംഗ് സ്ഥാപനത്തില്‍നിന്നും ഗ്രേസ് വൂ എന്നു പേരുള്ള യുവതി സ്വയം പരിചയപ്പെടുത്തുകയും ബീജിംഗില്‍വച്ചു കൂടിക്കാഴ്ചയ്ക്കായി ഡെന്‍മാര്‍ക്കിലെ മുന്‍വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനായ പരേല്ലോ പ്ലെസ്‌നറെ ക്ഷണിക്കുകയുണ്ടായി. അതും ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു. ഡിആര്‍എച്ച്ആര്‍ എന്ന ചൈനയിലുള്ള ഹാങ്‌സു എന്ന പ്രവിശ്യയിലാണു കമ്പനി സ്ഥിതി ചെയ്യുന്നതെന്നും ഗ്രേസ് പറഞ്ഞു. ഡാനിഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍ 2012-ല്‍ ചൈന സന്ദര്‍ശിക്കുന്നുണ്ടെന്ന് അറിഞ്ഞ ഗ്രേസ്, അദ്ദേഹത്തിനോട് ഹാങ്‌സുവിലെ ഗ്രേസിന്റെ ഓഫീസ് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കിയാല്‍ യാത്രയ്ക്കുള്ള നടപടിക്രമങ്ങള്‍ ശരിയാക്കി തരാമെന്നും ഗ്രേസ് വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കായി ബീജിംഗിലുള്ള സെന്റ് റീഗിസ് ഹോട്ടലില്‍ ഡാനിഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍ എത്തിയെങ്കിലും ഗ്രേസ് അവിടെ വന്നില്ല. 2017-ല്‍ ജര്‍മനിയുടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഗ്രേസ് വൂ പരിചയപ്പെടുത്തിയ ഡിആര്‍എച്ച്ആര്‍ എന്ന സ്ഥാപനം ചൈനീസ് ഏജന്റുമാരുമായി ബന്ധമുള്ള സ്ഥാപനമാണെന്നു കണ്ടെത്തുകയുണ്ടായി. ചൈനീസ് ഏജന്റുമാര്‍ ലിങ്ക്ഡ്ഇന്‍ വഴി 10,000-ത്തോളം ജര്‍മന്‍കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡിആര്‍എച്ച്ആര്‍, ഗ്രേസ് വൂ ഉള്‍പ്പെടെയുള്ളവരുടെ എക്കൗണ്ടുകള്‍ ലിങ്ക്ഡ്ഇന്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഒബാമ ഭരണകാലത്ത് വൈറ്റ് ഹൗസ് ജീവനക്കാരനായിരുന്ന ബ്രെറ്റ് ബ്രുവനോട് 2017-ല്‍ ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ റിസര്‍ച്ച് ഫെല്ലോ എന്നു സ്വയം പരിചയപ്പെടുത്തിയ ഡോണ അലക്‌സാണ്ടര്‍ സൗഹൃദം സ്ഥാപിക്കുകയുണ്ടായി. ഒരു നടിയുടെ ചിത്രമായിരുന്നു പ്രൊഫൈല്‍ പിക്ചറായി പോസ്റ്റ് ചെയ്തിരുന്നത്. വാസ്തവത്തില്‍ അത്തരത്തിലൊരു റിസര്‍ച്ച് ഫെല്ലോ അവിടെ ഉണ്ടായിരുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയെ വിദേശ ഏജന്റുമാര്‍ റിക്രൂട്ട് ചെയ്യാനുള്ള വേദിയായി ഉപയോഗിക്കുകയാണെന്നാണ്. ലിങ്ക്ഡ്ഇന്‍ ആണ് അവര്‍ പ്രധാന റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോമാക്കി മാറ്റിയിരിക്കുന്നത്. ലിങ്ക്ഡ്ഇന്‍ വെബ്‌സൈറ്റിലെ ആയിരക്കണക്കിന് ഉപയോക്താക്കളെ സമീപിക്കുന്ന വിദേശ ഏജന്റുമാരെക്കുറിച്ച് യുഎസ്, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമില്‍ ചൈനീസ് ചാരന്മാരാണ് ഏറ്റവും സജീവമെന്ന് പാശ്ചാത്യരാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.

നൂറ്റാണ്ടുകളായി രാജ്യതന്ത്രജ്ഞതയുടെ അവശ്യ ഉപകരണങ്ങളാണു ചാരവൃത്തി അഥവാ എസ്പിയോനേജും, കൗണ്ടര്‍ എസ്പിയോനേജും. പതിറ്റാണ്ടുകളായി യുഎസിന്റെയും ചൈനയുടെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങിയിട്ട്. മേല്‍സൂചിപ്പിച്ച സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് രഹസ്യാന്വേഷണ യുദ്ധം രൂക്ഷമാവുകയാണെന്നാണ്. യുഎസില്‍നിന്നും രഹസ്യങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമങ്ങളുടെ വ്യാപ്തിയും സാങ്കേതിക വൈദഗ്ധ്യവും ചൈന വര്‍ധിപ്പിച്ചിരിക്കുന്നു. സാമ്പത്തികമായും സാങ്കേതികമായും മുന്നേറുകയാണു ചൈന. അതിനാല്‍ അവര്‍ ചാരവൃത്തിയുടെ വേഗത നിലനിര്‍ത്താന്‍ ബാധ്യസ്ഥരായിരിക്കുകയുമാണ്. ചൈനയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഏറ്റവും പുതിയ പരിഷ്‌കാരങ്ങള്‍ വശമാക്കിയവരാണ്. അവരുടെ പക്കലുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ശക്തമാണ്. മാത്രമല്ല, അവര്‍ എതിരാളികളായ അമേരിക്കയെ പ്രതിരോധത്തിലാക്കും വിധം ചാരവൃത്തിയുടെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നതായി കാണപ്പെടുന്നു.

എന്തു കൊണ്ട് ലിങ്ക്ഡ്ഇന്‍ ?

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇന്‍. ചാരവൃത്തിക്കു വേണ്ടിയുള്ള ഏജന്റുമാരെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനുമുള്ള ഏറ്റവും അനുയോജ്യമായ പ്ലാറ്റ്‌ഫോമായിട്ടാണ് ഇന്ന് ലിങ്ക്ഡ്ഇന്നിനെ കാണുന്നതെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി പറയുന്നു. കാരണം അതിന്റെ 645 ദശലക്ഷം ഉപയോക്താക്കളില്‍ പലരും തൊഴിലവസരങ്ങള്‍ തേടുന്നവരാണ്. ലിങ്ക്ഡ്ഇന്നില്‍ തൊഴില്‍ തേടുന്ന പലര്‍ക്കും അപരിചിതരില്‍നിന്നാണു പലപ്പോഴും അവസരങ്ങള്‍ ലഭിക്കാറുള്ളതും. ഇത് ചാരവൃത്തിക്ക് ഏജന്റുമാരെ തേടുന്ന ചൈനീസ് ഏജന്റുമാര്‍ക്കു ഗുണകരമായി തീരാറുണ്ട്. ചൈനീസ് ഏജന്റുമാര്‍ ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണു തങ്ങളോടൊപ്പം ചേരാന്‍ സാധ്യതയുള്ളവര്‍ക്കു വാഗ്ദാനം നല്‍കുന്നത്. ഇവര്‍ ചിലപ്പോള്‍ ഒരു കോര്‍പറേറ്റ് റിക്രൂട്ടിംഗ് സ്ഥാപനത്തിന്റെ വേഷത്തിലായിരിക്കും ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് ഗവേഷണത്തില്‍ സഹായിക്കാനോ, കണ്‍സല്‍ട്ടിംഗിലോ താല്‍പര്യമുണ്ടോ എന്നു ചോദിക്കും. ഇതില്‍ താല്‍പര്യമുള്ളവരുമായി ചൈനീസ് ഏജന്റുമാര്‍ ക്രമേണ ബന്ധം വികസിപ്പിക്കുകയും ചെയ്യും. ചൈനയില്‍ തടഞ്ഞിട്ടില്ലാത്ത ഒരേയൊരു പ്രധാന അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലിങ്ക്ഡ്ഇന്‍ ആണ്. ഈയൊരു ഘടകവും റിക്രൂട്ടിന് ചൈനീസ് ഏജന്റുമാര്‍ക്കു ഗുണകരമായി തീരുന്നുണ്ട്. രാഷ്ട്രീയ, അക്കാദമിക, ബിസിനസ് രംഗങ്ങളിലെ എലൈറ്റുകള്‍ അഥവാ പ്രമാണിമാരുമായി ബന്ധം സ്ഥാപിക്കാനാണ് പ്രധാനമായും ചൈനീസ് ഏജന്റുമാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ തലങ്ങളില്‍ പ്രധാന പദവികള്‍ വഹിച്ചവര്‍ എളുപ്പത്തില്‍ ചൈനീസ് ഏജന്റുമാരുടെ റിക്രൂട്ടിംഗ് പ്രലോഭനങ്ങളില്‍ വീഴാന്‍ സാധ്യതയുള്ളവരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ ചാര ഏജന്‍സിയായ സിഐഎയുടെയും, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെയും മുന്‍ ജീവനക്കാരനായ കെവിന്‍ പാട്രിക് മല്ലോരിയെ ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയതിനു സമീപകാലത്തു പിടികൂടുകയും 20 വര്‍ഷത്തേയ്ക്കു തടവ്ശിക്ഷയ്ക്കു വിധിക്കുകയും ചെയ്തിരുന്നു. കെവിന്‍ ചൈനയുടെ ഇന്റലിജന്‍സ് ഏജന്റുമായി പരിചയപ്പെട്ടത് 2017-ല്‍ ലിങ്ക്ഡ്ഇന്നിലൂടെയായിരുന്നു. ചൈനീസ് ഏജന്റ് കെവിനെ പരിചയപ്പെട്ടത് തിങ്ക്ടാങ്ക് പ്രതിനിധി എന്ന വ്യാജേനയുമായിരുന്നെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ കണ്ടെത്തുകയുണ്ടായി.

Comments

comments

Categories: Top Stories
Tags: Linked In, Spy