അക്വാകള്‍ച്ചറില്‍ വരുമാനത്തിന്റെ ചാകരക്കാലം

അക്വാകള്‍ച്ചറില്‍ വരുമാനത്തിന്റെ ചാകരക്കാലം

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‌മേഖലയെ വിലയിരുത്തുന്ന കാലം അതിക്രമിച്ചിരിക്കുന്നു. പണ്ടൊക്കെ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒക്കെ നേടിയാല്‍ ഏത് വിധേനയും വൈറ്റ്‌കോളര്‍ ജോലി കണ്ടെത്തുന്നതിലായിരുന്നു യുവാക്കളുടെ ശ്രദ്ധ. എന്നാല്‍ ഇന്നങ്ങനെയല്ല, മികച്ച വരുമാനം ലഭിക്കുന്ന എന്തുതൊഴിലും ചെയ്യാന്‍ പുതുതലമുറ തയ്യറാണ്. എന്നാല്‍ അതില്‍ അല്‍പം ആധുനികത ചേര്‍ന്നിരിക്കണം എന്ന് മാത്രം. മത്സ്യകൃഷി ഇത്തരത്തിലൊരു സംരംഭമാണ്. കടലില്‍ നിന്നോ പുഴയില്‍ നിന്നോ മാത്രം മത്സ്യം പിടിച്ചെടുത്ത് വില്‍പ്പനക്കെത്തിച്ചിരുന്ന കാലം പോയി. ഇന്ന് മത്സ്യത്തിന്റെ ആവശ്യകത വര്‍ധിച്ചതോടെ പടുതാക്കുളങ്ങളിലും , തോടുകളിലും മറ്റ് ജലാശയങ്ങളിലുമായി മത്സ്യങ്ങളെ വളര്‍ത്തി വരുമാനമുണ്ടാകുകയാണ് ജനങ്ങള്‍. അക്വാകള്‍ച്ചറിന്റെ ഭാഗമായി ശാസ്ത്രീയരീതിയില്‍ മത്സ്യകൃഷി നടത്തി വരുമാനം നേടുന്നവരില്‍ അഭ്യസ്ത വിദ്യരായ യുവാക്കളാണ് മുന്‍പന്തിയില്‍. കുറഞ്ഞ മുതല്‍ മുടക്കില്‍ ചെറിയ കാലത്തിനിടക്ക് വലിയ ലാഭം നേടാനാകും എന്നത് തന്നെയാണ് മത്സ്യകൃഷിയെ ജനകീയമാക്കുന്നതും. എന്‍ജിനീയറിംഗ് ഉപേക്ഷിച്ച് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞ പാലക്കാട് സ്വദേശി സുബൈറും വിദേശത്തെ ജോലി വേണ്ടെന്നുവച്ച് തൃശ്ശൂരിലെ വീട്ടില്‍ മത്സ്യകൃഷി ആരംഭിച്ച കിരണുമെല്ലാം ഈ രംഗത്തെ ഭാവി വാഗ്ദാനങ്ങളാണ്. എന്നാല്‍ മികച്ച ഒരു അക്വാകള്‍ച്ചര്‍ സംരംഭകനാകണമെങ്കില്‍ വിത്ത് മത്സ്യങ്ങളെ കണ്ടെത്തുന്നത് തുടങ്ങി വിപണി കണ്ടെത്തുന്നത് വരെ നിരവധിക്കാര്യങ്ങളില്‍ പ്രാവീണ്യം നേടേണ്ടത് അത്യാവശ്യമാണ്

”ആദ്യ വിളവെടുപ്പില്‍ 850 കിലോ മത്സ്യം; രണ്ടു ലക്ഷത്തിലധികം രൂപ വരുമാനം” ഇത്തരമൊരു തലക്കെട്ടില്‍ ഒരു പ്രമുഖ പത്രത്തില്‍ കോട്ടയം പൊന്‍കുന്നത്തിനു സമീപം പത്താംമൈല്‍ സ്വദേശി ഷിന്റോയെപ്പറ്റിയുള്ള വാര്‍ത്ത വന്നപ്പോള്‍, വായനക്കാര്‍ ഒന്ന് ഞെട്ടി എന്നത് വാസ്തവം. കടലിലും പുഴയിലുമായി പ്രകൃതിദത്തമായി വളരുന്ന മത്സ്യസമ്പത്തിനെ കൃത്രിമ തടാകത്തില്‍ വളര്‍ത്തിയെടുത്താണ് ഷിന്‌ടോ ഈ വിജയം നേടിയത്. ഷിന്‌ടോ എന്ന സംരംഭകന്റെ കഠിനപ്രയത്‌നങ്ങള്‍ക്കൊപ്പം വായനക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയത് മത്സ്യക്കൃഷിയുടെ സാധ്യതകളെപ്പറ്റിയുള്ള ചിന്തകൂടിയാണ്. ഈ ചിന്തയുടെ പിന്‍ബലത്തില്‍ അക്വാകള്‍ച്ചറിനെ പറ്റി പഠിക്കുകയും ഈ രംഗത്തേക്ക് യാതൊരു മടിയും കൂടാതെ കടന്നു വരികയും ചെയ്ത ആളുകളുടെ എണ്ണം നിരവധിയാണ്. കേരളത്തില്‍ ഏറ്റവുമധികം ചെറുപ്പക്കാര്‍ കടന്നുവരുന്ന കാര്‍ഷികമേഖലയേതാണെന്നു നോക്കിയാല്‍ ആദ്യസ്ഥാനങ്ങളില്‍ തന്നെ അക്വാകള്‍ച്ചര്‍ സ്ഥാനം പിടിച്ചിരിക്കും. ആയിരവും പതിനായിരവുമൊക്കെ കടന്ന് ലക്ഷങ്ങളുടെ ലാഭക്കണക്കുകള്‍ പറയാന്‍ തുടങ്ങിയിടത്താണ് അക്വേകള്‍ച്ചറിന്റെ വിജയം. മത്സ്യങ്ങളെ ഉയര്‍ന്ന സാന്ദ്രതയില്‍ കൂട്ടിലടച്ചുവളര്‍ത്തുന്ന കേജ്കൃഷി, വിഷരഹിത പച്ചക്കറിയും മത്സ്യവും ഉല്‍പാദിപ്പിക്കുന്ന അക്വാപോണിക്‌സ്, ലഭ്യമായ ജലം ശുദ്ധീകരിച്ച് പുനരുപയോഗം നടത്തുന്ന റീസര്‍ക്കുലേറ്ററി അക്വാകള്‍ചര്‍ (റാസ്) സൂക്ഷ്മ ജീവികളെ ഉപയോഗിച്ച് ജലം ശുദ്ധിയാക്കുകയും മത്സ്യത്തീറ്റ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ബയോഫ്‌ലോക് എന്നിങ്ങനെ ഒട്ടേറെ സാങ്കേതികവിദ്യകളും അവയുടെ വകഭേദങ്ങളും ചേര്‍ന്നാണ് അക്വാകള്‍ച്ചര്‍ സംരംഭകര്‍ വിജയം കൊയ്യുന്നത്.

ഒരു ലക്ഷം ലീറ്റര്‍ വെള്ളത്തില്‍ പതിനായിരം ഗിഫ്റ്റ് മത്സ്യങ്ങള്‍ വളരുന്നതു കാണണമെങ്കില്‍ തൃശൂര്‍ മരത്താക്കരയിലെ റോസന്‍ ഫിഷറീസ് എന്ന സ്ഥാപനം സന്ദര്‍ശിച്ചാല്‍ മതി. മത്സ്യകൃഷിയിലെ വേറിട്ടൊരു സമീപനമാണ് അവിടെ കാണാന്‍ കഴിയുക. പത്തേക്കറില്‍ ലഭിച്ചിരുന്ന മത്സ്യം ഇപ്പോള്‍ 25 സെന്റില്‍ നിന്നും ഇവിടെ കൃഷി ചെയ്‌തെടുക്കുന്നു. ചൈനയിലും ഗള്‍ഫിലുമൊക്കെയുള്ള ഹൈടെക് മത്സ്യഫാമുകള്‍ സന്ദര്‍ശിച്ചും പൂര്‍ണതയുള്ള സാങ്കേതികവിദ്യ വിദേശത്തുനിന്നു വില കൊടുത്തു വാങ്ങിയുമാണ് അള്‍ട്രാ ഹൈ ഡെന്‍സിറ്റി അക്വാകള്‍ചറിലേക്ക് ഇവര്‍ കടന്നത്. ആവശ്യങ്ങള്‍കണ്ടറിഞ്ഞും സാഹചര്യങ്ങള്‍ മനസ്സിലാക്കിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നിന്നും വരുമാനം നേടുന്ന ആളുകളുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ച് വരികയാണ്. ഇത് കേവലം ഷിന്റോയുടെയും റോസന്‍ ഫിഷറീസിന്റെയും മാത്രം കഥയല്ല. വിജയം മാത്രം ലക്ഷ്യമിടുന്ന ഒരു സംരംഭം എന്ന നിലക്ക് അക്വാക്കള്‍ച്ചറിനെ ഗൗരവമായിക്കാണുന്നവര്‍ കൃഷിയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അനുകൂല ഘടകങ്ങളെ പരിപാലിക്കുക

മത്സ്യകൃഷി താരതമ്യേന എളുപ്പമുള്ള കാര്യമാണെങ്കിലും ശരിയയായ പരിചരണം ലഭിച്ചില്ലെങ്കില്‍ നഷ്ടമായിരിക്കും ഫലം. ഇത്തരത്തില്‍ മികച്ച ഫലം ലഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കിയശേഷമാകണം മത്സ്യകൃഷിയിലേക്കിറങ്ങാന്‍. അക്വാകള്‍ചര്‍ സംരംഭങ്ങളിലെ വിളവ് പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതില്‍ പ്രധാനമാണ് വെള്ളത്തിന്റെ നിലവാരം. വര്‍ഷം മുഴുവന്‍ വെള്ളം കിട്ടാനുള്ള സാധ്യത, വൈദ്യുതിബ ന്ധം, നിലവാരമുള്ള മത്സ്യവിത്തിന്റെ ലഭ്യത, തീറ്റ, മുതല്‍മുടക്ക്, മികച്ച സാങ്കേതികവിദ്യ എന്നിവയും പ്രധാനമാണ്. അക്വേറിയങ്ങളില്‍ മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ഇടയ്ക്കിടെ വെള്ളം മാറ്റി കൊടുക്കാറുണ്ട്. ചീത്തയായ വെള്ളത്തെ മാറ്റുന്ന രീതിയാണിത്. എന്നാല്‍ വലുത് കുളങ്ങളില്‍ ഈ രീതി നടപ്പിലാവില്ല. ഈ അവസ്ഥയില്‍ വെള്ളം പ്രകൃത്യാല്‍ തന്നെ വൃത്തിയാവുന്നതിനായുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ് പ്രധാനം. മാംസ്യത്തിന്റെ അളവ് കൂടുതലുള്ള മത്സ്യത്തീറ്റ വിസര്‍ജിക്കപ്പെടുമ്പോള്‍ അതില്‍നിന്നു പുറത്തു വരുന്ന അമോണിയയും നൈട്രജനുമാണ് കുളത്തിലെ ജലം മലിനമാക്കുന്നത്.കരയിലെ ജീവികളില്‍നിന്നു വ്യത്യസ്തമായി മത്സ്യങ്ങളുടെ കുടല്‍ തീരെ ചെറുതാണ്. തന്മൂലം അവയുെട ദഹനശേഷിയും തീരെ കുറവായിരിക്കും. തീറ്റയുെട 35 – 40 ശതമാനത്തോളം ദഹിക്കാെത വിസര്‍ജിക്കപ്പെടുകയാണ്. അതിനാല്‍ അമിതമായി തെറ്റാ നല്‍കുന്നതും ശരിയായ നടപടിയല്ല. ഫ്‌ലോത്രൂ സിസ്റ്റം, കേജ് സിസ്റ്റം, ബയോഫ്‌ലോക് സംവിധാനം, റീസര്‍ക്കുലേറ്ററി അക്വാകള്‍ചര്‍, അക്വാപോണിക്‌സ് തുടങ്ങി വിവിധങ്ങളായ സംവിധാനങ്ങള്‍ ഇന്ന് വെള്ളത്തെ ശുദ്ധീകരിക്കുന്നതിനായി സ്വീകരിച്ചു വരുന്നു. വളര്‍ത്തുകുളങ്ങളിലെ ജലനിലവാര ക്രമീകരണങ്ങളുടെ അടിസ്ഥാന ധര്‍മം മനസിലാക്കി അക്വാകള്‍ച്ചര്‍ സംരംഭകരാകുക എന്നതാണ് പ്രധാനം.

ബയോഫ്‌ലോക്, റീസര്‍ക്കുലേറ്ററി അക്വാകള്‍ചര്‍ സംവിധാനങ്ങള്‍

മല്‍സ്യക്കുളങ്ങളിലെ വെള്ളം മോശമാകുകയും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപോകുകയും ചെയ്യുന്ന അവസ്ഥ പരിഹരിക്കുന്നതിനായാണ് ബയോഫ്‌ലോക് സംവിധാനം ഉപയോഗിക്കുന്നത്. ഇതിലൂടെ, വിസര്‍ജ്യങ്ങളും ഉപാപചയ അവശിഷ്ടങ്ങളും സൂക്ഷ്മജീവികള്‍ ദഹിപ്പിക്കുകയും അവയെ മൈക്രോ ബിയല്‍ പ്രോട്ടീന്‍ അഥവാ ഏകകോശ മാംസ്യമാക്കി (ബാക്ടീരിയല്‍ ഫ്‌ലോക്) മാറ്റുകയും ചെയ്യുന്നു. സൂഷ്മങ്ങളായ ആയിരക്കണക്കിന് ജീവികള്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ പ്രവര്‍ത്തനമാണിത്. ഇന്ന് ഒട്ടുമിക്ക മത്സ്യകര്‍ഷകരും ഈ സംവിധാനമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.

ബയോഫ്‌ലോക് രീതിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് റീസര്‍ക്കുലേറ്ററി അക്വാകള്‍ചര്‍. വെള്ളത്തിലെ മാലിന്യങ്ങളെ അരിച്ചെടുക്കുന്ന രീതിയാണിത്. ഖരമാലിന്യ അരിപ്പ(മെക്കാനിക്കല്‍ ഫില്‍റ്റര്‍), ജൈവ അരിപ്പ(ബയോഫില്‍റ്റര്‍), ഡിഗ്യാസര്‍ , അള്‍ട്രാവയലറ്റ് ഇറാഡിക്കേറ്റര്‍ , ഓക്‌സിജനറേറ്റര്‍ എന്നിവയിലൂടെ തുടര്‍ച്ചയായി കടത്തിവിട്ട് വെള്ളം ശുദ്ധീകരിച്ചുപയോഗിക്കുന്നു. വെള്ളത്തിന്റെ ശുദ്ധി 90 ശതമാനത്തിനുമേല്‍ ഉറപ്പ് നല്‍കുന്ന പ്രവര്‍ത്തിയാണിത്.

വിത്ത് തെരെഞ്ഞെടുക്കുന്നതിലാണ് കാര്യം

മത്സ്യക്കൃഷിയുടെ വിജയം പകുതി ഭാഗ്യത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. മികച്ച വിത്ത് കണ്ടെത്തിയാല്‍ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളൂ. അതിനാല്‍ നിലവാരമുള്ള മത്സ്യവിത്ത് മാത്രം കൃഷിക്കായി വാങ്ങാന്‍ ശ്രദ്ധിക്കുക. മത്സ്യക്കൃഷിയുടെ സ്വഭാവം അനുസരിച്ചാണ് വിത്ത് തെരഞ്ഞെടുക്കേണ്ടത്. തീവ്ര മത്സ്യക്കൃഷി സംരംഭങ്ങളില്‍ 10 സെ.മീ. എങ്കിലും വലുപ്പമുള്ള മത്സ്യവിത്താണ് ആവശ്യമായി വരുന്നത്. അഞ്ചു സെ.മീയില്‍ താഴെ വലുപ്പമുള്ള മത്സ്യവിത്ത് പാഴ്വിത്താണ്. മികച്ച വിളവ് ലഭിക്കില്ല എന്നുമാത്രമല്ല, ഇത്തരത്തിലുള്ള അനേകം വിത്തുകളുണ്ടെങ്കില്‍ കൃഷി നഷ്ടത്തിലാകുകയും ചെയ്യുന്നു. അതിനാല്‍ ഗുണനിലവാരമുള്ള വിത്തുകള്‍ ഹാച്ചറികള്‍ സന്ദര്‍ശിച്ച് അവിടെ നിന്നും മാത്രം വാങ്ങുക. വളരെ ചെറിയ മത്സ്യവിത്തുകള്‍ ലഭിച്ചവര്‍ മത്സ്യക്കുളങ്ങള്‍ക്ക് പുറത്ത് പ്രത്യേക ടാങ്കില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുക. അതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടു എന്നുറപ്പ് വരുമ്പോള്‍ മാത്രം കൃഷിയിടത്തിലെ കുളത്തിലേക്ക് ഇടുക. കഠിനജലത്തില്‍ മത്സ്യങ്ങള്‍ക്ക് അധികനാള്‍ വളരാനാവില്ല. ഇത് മനസിലാക്കി ആരോഗ്യമുള്ള മത്സ്യങ്ങളെ തെരഞ്ഞെടുക്കുക. ഹാച്ചറികളില്‍ നിന്നും നീക്കം ചെയ്യുമ്പോള്‍ ആവാസവ്യവസ്ഥ മാറിയതിനാല്‍ സ്‌ട്രെസ് അനുഭവപ്പെട്ട് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്ത് പോകുന്നത് സ്വാഭാവികമാണ്. അതിനാല്‍ സമീപത്തുള്ള ഹാച്ചറികളില്‍ നിന്നും വിത്ത് വാങ്ങുക. രോഗാവസ്ഥ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കുളത്തില്‍ നിക്ഷേപിക്കുക.

മത്സ്യങ്ങളെ മനസിലാക്കി തീറ്റ നല്‍കണം

എല്ലാത്തരം മീനുകള്‍ക്കും ഒരേ തീറ്റയല്ല നല്‍കേണ്ടത്. മല്‍സ്യങ്ങളുടെ വളര്‍ച്ച , സ്വഭാവം എന്നിവ മനസിലാക്കി വേണം തീറ്റ നിശ്ചയിക്കാന്‍. കട്‌ള, രോഹു, മൃഗാല്‍, ഗ്രാസ് കാര്‍പ് പോലുള്ള മത്സ്യങ്ങള്‍ക്ക് സാധാരണ മത്സ്യത്തീറ്റകളും ഭക്ഷണാവശിഷ്ടങ്ങളും നല്‍കാം. മത്സ്യങ്ങള്‍ക്ക് മാംസ്യസമ്പുഷ്ടമായ ആഹാരം, വിശേഷിച്ച് ജന്തുമാംസ്യമുള്ളത് ധാരാളമായി നല്‍കണം.കാരണം, ജലജീവികള്‍ മാംസ്യത്തില്‍നിന്നാണ് ഊര്‍ജം കണ്ടെത്തുന്നത്.ജീവകങ്ങള്‍, ധാതുക്കള്‍, സൂക്ഷ്മ മൂലകങ്ങള്‍, പ്രോബയോട്ടിക്‌സ് എന്നിവ മാംസ്യത്തോട് ചേര്‍ത്ത് നല്‍കണം.

അല്‍പം ശ്രദ്ധ മികച്ച വരുമാനം

ശുദ്ധജല മത്സ്യകൃഷിയിലൂടെ വളര്‍ത്തിയെടുക്കുന്ന മത്സ്യങ്ങള്‍ക്ക് മികച്ച വിലയാണ് വിപണിയില്‍ ലഭിക്കുന്നത്.കട്‌ല, രോഹു , കാര്‍പ്പ്, മുഷി എന്നിവക്കു കിലോക്ക് 280 രൂപ മുതല്‍ 400 രൂപ വരെ വില ലഭിക്കുന്നു. മത്സ്യത്തെ ജീവനോടെ പിടിച്ചുകൊടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും രാസ സംരക്ഷകങ്ങളുടെയോ ഫോര്‍മലിന്‍ പോലുള്ള വിഷവസ്തുക്കളുെടയോ സാന്നിധ്യം ഭയക്കേണ്ടതില്ല എന്നതിനാല്‍ ഇത്തരത്തില്‍ വില്‍ക്കുന്ന മത്സ്യങ്ങള്‍ക്ക് മികച്ച വില ലഭിക്കാറുണ്ട്. ചില ഫാമുകള്‍ ഇത്തരത്തില്‍ മത്സ്യങ്ങളെ സ്വയം പിടിച്ചെടുക്കുന്നതിനുള്ള അവസരം നല്‍കുന്നുണ്ട്. വിപണി സാധ്യതകള്‍ മനസിലാക്കി ഉല്‍പ്പാദനം ക്രമീകരിക്കുക എന്നതാണ് മികച്ച ഫലം ലഭിക്കുവാന്‍ ഏറെ ഉചിതമായ മാര്‍ഗം.

Categories: FK Special, Slider