ആമസോണില്‍ സംഭവിക്കുന്നത്

ആമസോണില്‍ സംഭവിക്കുന്നത്

ആമസോണിനെ കുറിച്ചു ചെറുപ്രായം മുതല്‍ കേള്‍ക്കുകയും സ്‌കൂളില്‍ വച്ച് പഠിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ് നമ്മള്‍. ആമസോണ്‍ കാടുകള്‍, ആമസോണ്‍ നദി, ആമസോണില്‍ വസിക്കുന്ന ആദിമ മനുഷ്യര്‍ എന്നിവയൊക്കെ ഭൂമിക്ക് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും അവയുടെ പ്രത്യേകത എന്താണെന്നുമൊക്കെ നമ്മള്‍ക്ക് അറിയാം. പക്ഷേ, ആമസോണിനുള്ള ഈ പ്രാധാന്യം അവിടെയുള്ള ഭരണകൂടവും ജനങ്ങളും ഇന്നു തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. അതിനു കാരണമായതാകട്ടെ ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിച്ച അഗ്നിയും.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ ബ്രസീല്‍, പെറു, കൊളംബിയ, വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗ്വയ്‌ന, സരിനെയിം, ഫ്രഞ്ച് ഗയാന തുടങ്ങിയ ഒന്‍പത് രാജ്യങ്ങളിലായിട്ടാണു വ്യാപിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കയുടെ 40 ശതമാനത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട് ആമസോണ്‍ കാടും, നദിയുമടങ്ങിയ പ്രദേശം. ഏകദേശം 30 ദശലക്ഷം മനുഷ്യര്‍ ആമസോണില്‍ വസിക്കുന്നുണ്ട്. ധാരാളം സസ്തനികള്‍, പക്ഷികള്‍, ഉഭയജീവികള്‍ (amphibians), ഉരഗങ്ങള്‍ എന്നിവയും ആമസോണില്‍ വസിക്കുന്നു. ഇവയില്‍ മിക്കതും ഈ പ്രദേശത്തിന്റെ സവിശേഷതയുമാണ്. ഓരോ രണ്ട് ദിവസത്തിലും ഒരു പുതിയ സസ്യമോ, മൃഗങ്ങളെയോ ആമസോണില്‍ കണ്ടെത്താറുണ്ട്. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ ഏകദേശം പത്ത് ശതമാനത്തോളം കുടി കൊള്ളുന്നതും ആമസോണ്‍ കാടുകളിലാണ്. ഭൂമിയുടെ ഓക്‌സിജന്റെ 20% ഉത്പാദിപ്പിക്കുന്ന ആമസോണ്‍ വനത്തെ ‘ഗ്രഹത്തിന്റെ ശ്വാസകോശം’ എന്നാണു വിളിക്കുന്നത്. ആമസോണ്‍ കാടുകള്‍ക്കു തീ പിടിച്ച വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. 2013-നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കത്തിക്കൊണ്ടിരിക്കുകയാണ് ആമസോണ്‍ കാടുകളെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രസീലിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഐഎന്‍പിഇ) 2019-ന്റെ തുടക്കം മുതല്‍ ബ്രസീലില്‍ 72,843 തീ പിടുത്തങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പകുതിയിലധികം ആമസോണ്‍ മേഖലയിലാണു കാണപ്പെട്ടത്. ഇതിനര്‍ഥം, ഒന്നര ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ആമസോണ്‍ കാടിന്റെ ഭാഗം ഒാരോ ദിവസവും ഓരോ മിനിറ്റിലും നശിപ്പിക്കപ്പെടുന്നെന്നാണെന്നു ഐഎന്‍പിഇ പറയുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 80 ശതമാനം വനനശീകരണം ഉണ്ടായതായിട്ടാണു ഐഎന്‍പിഇ കണ്ടെത്തിയിരിക്കുന്നത്.

ആമസോണിയന്‍ വനങ്ങളും മറ്റ് ഉഷ്ണമേഖലാ മഴക്കാടുകളും തീ പിടുത്തത്തില്‍ നിന്നും പൂര്‍ണമായും പ്രതിരോധിക്കപ്പെടുമെന്നു കുറച്ചുകാലം മുമ്പു വരെ ലോകം കരുതിയിരുന്നു. കാരണം പന്തലിട്ടിരിക്കുന്നതു പോലെയുള്ള വൃക്ഷങ്ങളുടെ ചില്ലകള്‍ക്കു കീഴില്‍ വളരുന്ന സസ്യങ്ങളില്‍നിന്നുള്ള ഉയര്‍ന്ന ഈര്‍പ്പം കാരണം ആമസോണില്‍ തീ പിടിക്കില്ലെന്നാണ് ഏവരും വിചാരിച്ചിരുന്നത്. എന്നാല്‍ 1997-98, 2005, 2010-ലെ കടുത്ത വരള്‍ച്ചയും നിലവില്‍ വടക്കന്‍ ബ്രസീലിലുടനീളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കാട്ടുതീയും ഈ ധാരണയെ എന്നെന്നേക്കുമായി മാറ്റിയിരിക്കുന്നു. ആമസോണിലെ ഈ കടുത്ത ‘മെഗാ വരള്‍ച്ച’ കാലാവസ്ഥയിലുണ്ടായ വലിയ രീതിയിലുള്ള മാറ്റങ്ങളുടെ ഫലമായിട്ടാണെന്നു ശാസ്ത്രലോകം കരുതുന്നുണ്ട്. ഈ വരള്‍ച്ച കൂടുതല്‍ കഠിനമാവുകയാണ്. കൂടാതെ മനുഷ്യനിര്‍മിത അല്ലെങ്കില്‍ പ്രകൃതിദത്ത കാട്ടുതീക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതാവട്ടെ, മുമ്പ് ഏവരും അഗ്നിക്ക് ഇരയാകില്ലെന്നു കരുതിയ ആമസോണിയന്‍ മഴക്കാടുകളുടെ വിശാലമായ പ്രദേശങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ അവശേഷിക്കുന്ന ഉഷ്ണമേഖലാ വനങ്ങളില്‍ പകുതി ഉള്‍ക്കൊള്ളുന്നതും, ബ്രസീലിലെ 25 ദശലക്ഷത്തോളം ആളുകള്‍ വസിക്കുന്നതുമായ പ്രദേശമാണ് ആമസോണ്‍. ഇപ്പോള്‍ ആമസോണ്‍ വനാന്തരങ്ങളിലുണ്ടായ തീ കാലാവസ്ഥ മാറുന്നതിനനുസരിച്ചു വരാനിരിക്കുന്ന മോശമായ കാര്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും കരുതേണ്ടിയിരിക്കുന്നെന്നു ഗവേഷകര്‍ പറയുന്നു. ബ്രസീലില്‍ മഴയില്ലാതെ തുടര്‍ച്ചയായ നീണ്ട ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. ഇതിനിടെയാണ് ആമസോണ്‍ കാടുകള്‍ അഗ്നിക്കിരയായിരിക്കുന്നതും. ഇത്രയും വലിയ, മോശമായ അഗ്നിബാധയ്ക്ക് ഇതിനു മുന്‍പ് അവിടെയുള്ളവര്‍ സാക്ഷ്യം വഹിച്ചിട്ടില്ല. ഈ മാസം, ബ്രസീലിലെ ഒട്ടുമിക്ക ആമസോണ്‍ സംസ്ഥാനങ്ങളിലും ആയിരക്കണക്കിനു കാട്ടുതീ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. തീപിടുത്തത്തില്‍ കനത്ത നാശനഷ്ടമുണ്ടായി, ഡസന്‍ കണക്കിനു വീടുകളും കടകളും ആരാധനാലയങ്ങളും സ്‌കൂളുകളും കത്തി നശിച്ചു. കഴിഞ്ഞ ആഴ്ച മാത്രം 48 മണിക്കൂറിനുള്ളില്‍ 1,373 വ്യത്യസ്ത തീപിടുത്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തീ പിടിക്കാന്‍ കാരണമെന്താണ് ?

ആമസോണ്‍ മഴക്കാടുകള്‍ സാധാരണയായി നനഞ്ഞതും ഈര്‍പ്പമുള്ളതുമാണ്. പക്ഷേ, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ വരണ്ട സമയമായിരിക്കും അവിടെ. ഈ സമയങ്ങളില്‍ കര്‍ഷകരും കൃഷിനിലങ്ങളുടെ ഉടമകളും നിലം വൃത്തിയാക്കാനും കൃഷിക്കായി നിലമൊരുക്കുന്നതിനുമായി തീ ഇടാറുണ്ട്. ഇപ്പോള്‍ ആമസോണില്‍ അസാധാരണമാം വിധം തീ പിടിത്തമുണ്ടാകാന്‍ കാരണം ഇവരാണെന്നു പറയപ്പെടുന്നുണ്ട്. ഒരു മാസമായി ആമസോണ്‍ വനാന്തരങ്ങളില്‍ തീ പടര്‍ന്നുപിടിച്ചിട്ട്. വനനശീകരണത്തിനു കാരണക്കാരായവരെ കണ്ടെത്തി മാതൃകാപരമായ രീതിയില്‍ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം ബ്രസീലില്ലാത്തത് ഇത്തരം സംഭവങ്ങളുണ്ടാകാന്‍ കാരണമാകുന്നുണ്ട്. വനനശീകരണം റിപ്പോര്‍ട്ട് ചെയ്താല്‍ അത് തടയാനുള്ള നിയമങ്ങള്‍ ബ്രസീലില്‍ ഇല്ലെന്നാണു പറയപ്പെടുന്നത്. ബ്രസീല്‍ പ്രസിഡന്റായി ജെയ്ര്‍ ബോല്‍സൊനാരോ ചുമതലയേറ്റതോടെ വനനശീകരണത്തെ തടയാനുള്ള നിയമങ്ങള്‍ ഉദാരമാക്കിയതായി പറയപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ വനനശീകരണത്തിനു കാരണമായി തീരുന്നുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം ആമസോണില്‍ അനധികൃത ഖനനത്തിനും, ബയോളജിക്കല്‍ റിസര്‍വില്‍ കൃഷി നടത്തുന്നതിനുമൊക്കെ കാരണമായി തീരുകയും ചെയ്തു. വനനശീകരണം ഇപ്പോള്‍ അഗ്നിക്ക് ഇരയായ പ്രദേശത്തെ മഴയുടെ രീതികളില്‍ മാറ്റമുണ്ടാക്കുന്നതിനും വരണ്ട കാലാവസ്ഥയുടെ ദൈര്‍ഘ്യം കൂട്ടുന്നതിനും കാരണമാകും. ഇത് വനത്തെയും ജൈവവൈവിധ്യത്തെയും കൃഷിയെയും മനുഷ്യന്റെ ആരോഗ്യത്തെയും വരെ കൂടുതല്‍ ബാധിക്കാനും കാരണമാകും. കാട് കൈയ്യേറ്റം അഥവാ വനനശീകരണത്തിന് പ്രധാനമായും മുന്‍കൈയ്യെടുക്കുന്നത് സോയബീന്‍ കര്‍ഷകരും, കാലികളെ മേയ്ക്കുന്നവരുമാണ്. എന്നാല്‍ ഇവര്‍ക്കു പുറമേ ഖനനം നടത്താന്‍ ആഗ്രഹിക്കുന്ന വന്‍കിട കോര്‍പറേറ്റുകളും, തടി വ്യവസായികളും, മറ്റ് വികസന അജന്‍ഡയുള്ളവരും വനനശീകരണം ലക്ഷ്യമിടുന്നവര്‍ തന്നെയാണ്. ഈ വര്‍ഷം ബ്രസീലില്‍ ബോല്‍സൊനാരോ അധികാരമേറ്റതിനു ശേഷം വനനശീകരണം വലിയ തോതിലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആമസോണ്‍ കത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സെലിബ്രിറ്റികള്‍

ആമസോണ്‍ കാടുകള്‍ കത്തിയെരിഞ്ഞ സംഭവത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍പ്രാധാന്യം കൈവരികയുണ്ടായി. ഗായിക മഡോണ, ജേഡന്‍ സ്മിത്ത്, നടന്‍ ഡി കാപ്രിയോ, ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ സെലിബ്രിറ്റികള്‍, പരിസ്ഥിതിവാദികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ആമസോണ്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തുവരികയുണ്ടായി. ഡി കാപ്രിയോ സഹായധനം വരെ നല്‍കുകയുണ്ടായി. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചത് കാനഡ തീ അണയ്ക്കാനായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്നാണ്. ജി7 കൂട്ടായ്മ 20 മില്യന്‍ ഡോളര്‍ ബ്രസീലിന് വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.

ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കും

ബ്രസീലിലെ ആമസോണാസ്, റോണ്‍ഡോണിയ, പര, മാറ്റ ഗ്രോസോ തുടങ്ങിയ സംസ്ഥാനങ്ങളെ ആമസോണ്‍ കാടുകളില്‍ പടര്‍ന്നിരിക്കുന്ന അഗ്നി ദോഷകരമായി ബാധിക്കുമെന്നാണു സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവുമധികം ബാധിക്കുന്നത് ആമസോണാസ് സംസ്ഥാനത്തെയായിരിക്കുമെന്നും യൂറോ ന്യൂസ് പറയുന്നു. ആമസോണ്‍ കാടുകളില്‍ ഇപ്പോള്‍ തീ പിടിത്തം ഉണ്ടാക്കുന്ന നാശനഷ്ടം ബ്രസീലിനുമപ്പുറത്തേയ്ക്കും വ്യാപിക്കുമെന്നാണു വിദഗ്ധര്‍ പറയുന്നത്.

തീ അണച്ചോ ?

ആമസോണ്‍ കാടുകളില്‍ ഇപ്പോഴും തീ പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തോളമായി തീ പിടിച്ചിട്ട്. ഇതേ തുടര്‍ന്ന് ആമസോണ്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമുണ്ടായി. ബ്രസീലിന്റെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ബ്രസീലിന്റെ അയല്‍രാജ്യമായ ബൊളീവിയ തീ അണയ്ക്കാനായി ബോയിംഗ് 747 വിമാനത്തില്‍ 115,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ ടാങ്കര്‍ ഘടിപ്പിച്ച് കഴിഞ്ഞ ബുധനാഴ്ച ആമസോണ്‍ കാടുകളിലേക്കു പറക്കുകയുണ്ടായി. നാളെ മഴ പെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. മഴ പെയ്യുന്നതോടെ ആമസോണ്‍ കാടുകളിലെ തീ ഏറെക്കുറെ അണയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥ വ്യതിയാനവുമായി ആമസോണ്‍ കാട്ടു തീക്ക് ബന്ധം?

കാലാവസ്ഥ വ്യതിയാനത്തിനെതിരേ ലോക രാഷ്ട്രങ്ങള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആമസോണ്‍ കാടുകളില്‍ തീ പിടിച്ചത്. തീ പിടുത്തങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചു ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ തോതും കൂടും. ഇത് ഭൂമിയുടെ മൊത്തത്തിലുള്ള താപനില ഉയരാന്‍ കാരണമാകുന്നു. താപനില കൂടുന്നതിനനുസരിച്ചു വലിയ വരള്‍ച്ച പോലുള്ള തീവ്ര കാലാവസ്ഥ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നു. കാടുകളിലുണ്ടാകുന്ന തീ വായുവിലേക്കു പുറപ്പെടുവിക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് തുടങ്ങിയ വിഷ വാതകങ്ങളും നോണ്‍ മീഥൈന്‍ ഓര്‍ഗാനിക് കോംപൗണ്ടുമാണ്.

Comments

comments

Categories: Top Stories