ഡോള്‍ഫിനുകളുമൊത്ത് നീന്താനുള്ള അവസരം റദ്ദ് ചെയ്ത് ന്യൂസിലാന്‍ഡ്

ഡോള്‍ഫിനുകളുമൊത്ത് നീന്താനുള്ള അവസരം റദ്ദ് ചെയ്ത് ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ ബേ ഓഫ് ഐലന്‍ഡ്‌സില്‍ ബോട്ടില്‍നോസ് ഡോള്‍ഫിനുകളുമൊത്തു വിനോദസഞ്ചാരികള്‍ക്കു നീന്താനുള്ള അവസരം ഇനി ലഭിക്കില്ല. ഇതിനുള്ള ടൂര്‍ ഓപറേറ്റര്‍മാരുടെ അനുമതി അധികൃതര്‍ റദ്ദ് ചെയ്തു. ഏറ്റവുമധികം ഇടപെടാന്‍ മനുഷ്യര്‍ ആഗ്രഹിക്കുന്ന ഒരു കടല്‍ജീവിയാണു ഡോള്‍ഫിന്‍. എന്നാല്‍ മനഷ്യരുടെ ഇടപെടല്‍ ഡോള്‍ഫിനുകളുടെ വിശ്രമത്തിലും ഫീഡിംഗ് സ്വഭാവത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് ഡോള്‍ഫിനുകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കാന്‍ കാരണമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണു നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നീന്തുന്നതിനുള്ള നിരോധനത്തിനു പുറമേ ഡോള്‍ഫിനുകളുമായി 20 മിനിറ്റില്‍ കൂടുതല്‍ ഇടപെടരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സര്‍വേഷന്റെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്, ബേ ഓഫ് ഐലന്‍ഡ്‌സില്‍ മനുഷ്യരും ഡോള്‍ഫിനുകളും തമ്മിലുള്ള ഇടപെടലിനെ തുടര്‍ന്നു ഡോള്‍ഫിനുകളുടെ എണ്ണം 1990നു ശേഷം 66 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെന്നാണ്. ബേ ഓഫ് ഐലന്‍ഡ്‌സില്‍ ഒരു സമുദ്ര സസ്തനി സങ്കേതം സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ചും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സര്‍വേഷന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഡോള്‍ഫിനുകളുമൊത്തു നീന്താനുള്ള അവസരം വിനോദസഞ്ചാരികള്‍ക്കു നിഷേധിച്ച തീരുമാനത്തില്‍ ന്യൂസിലാന്‍ഡിലെ ടൂര്‍ ഓപറേറ്റര്‍മാര്‍ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. ഇതു വിനോദസഞ്ചാര മേഖലയ്ക്കു വലിയ തിരിച്ചടിയാകുമെന്നാണു ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത്.

Categories: World
Tags: Dolphins