റെനോ ട്രൈബര്‍ വിപണിയില്‍

റെനോ ട്രൈബര്‍ വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം രൂപ വരെ

റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.95 ലക്ഷം മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ് എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. മെറ്റല്‍ മസ്റ്റര്‍ഡ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഫിയറി റെഡ്, ഇലക്ട്രിക് ബ്ലൂ, ഐസ് കൂള്‍ വൈറ്റ് എന്നിവയാണ് അഞ്ച് കളര്‍ ഓപ്ഷനുകള്‍. ഡാറ്റ്‌സണ്‍ ഗോ പ്ലസ് ആണ് പ്രധാന എതിരാളി.

സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന റെനോ ട്രൈബര്‍ നിര്‍മ്മിച്ചിരിക്കുന്നത്. റെനോ ക്വിഡ് അടിസ്ഥാനമാക്കിയിരിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമാണ്. എന്നാല്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതിന് 90 ശതമാനത്തോളം പുതിയ കംപോണന്റുകള്‍ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം പരിഷ്‌കരിച്ചതായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചുറ്റിലും മാറ്റ് ബ്ലാക്ക് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ വാഹനത്തിന് എസ്‌യുവിത്തം നല്‍കുന്നതാണ്.

ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന 7 സീറ്റര്‍ എംപിവിയാണ് റെനോ ട്രൈബര്‍. എന്നാല്‍, പിറകിലെ രണ്ടുനിര സീറ്റുകളും പൂര്‍ണ്ണമായും അഴിച്ചുവെയ്ക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അതുവഴി ലഗേജ് സൂക്ഷിക്കുന്നതിന് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കും. മൂന്നാം നിരയില്‍ രണ്ട് വെവ്വേറെ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഇതില്‍ ഒരു സീറ്റോ അല്ലെങ്കില്‍ രണ്ട് സീറ്റോ അഴിച്ചുവെച്ച് ബൂട്ട് ശേഷി വര്‍ധിപ്പിക്കാവുന്നതാണ്. ചെറിയ ദൂരം മാത്രമാണ് പോകാനുള്ളതെങ്കില്‍ മൂന്നാം നിര സീറ്റുകളില്‍ മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യാന്‍ കഴിയും. ഏഴ് സീറ്റുകളും ഉപയോഗിക്കുമ്പോള്‍ 84 ലിറ്ററാണ് ബൂട്ട് ശേഷി. എന്നാല്‍ ഇത് 625 ലിറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും.

വാഹനത്തിനകം പരിശോധിക്കുമ്പോള്‍, കാബിന്‍ ലളിതമാണ്. ബട്ടണുകളും സ്വിച്ചുകളും കുറവാണ്. ഇളം തവിട്ടു നിറത്തിലും ചാര നിറത്തിലുമുളളതാണ് ഡുവല്‍ ടോണ്‍ ഇന്റീരിയര്‍. കറുപ്പും ഇളം തവിട്ടു നിറത്തിലുമുള്ളതാണ് സീറ്റ് അപ്‌ഹോള്‍സ്റ്ററി. രണ്ടാം നിര, മൂന്നാം നിര സീറ്റുകള്‍ക്ക് പ്രത്യേകം എസി വെന്റുകള്‍ നല്‍കിയിരിക്കുന്നു. രണ്ടാം നിര സീറ്റുകള്‍ ക്രമീകരിക്കാനും പിന്നോട്ടുവളയ്ക്കുന്നതിനും സാധിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മുന്‍ നിരയില്‍ യുഎസ്ബി ചാര്‍ജിംഗ്, രണ്ടാം നിര, മൂന്നാം നിര യാത്രക്കാര്‍ക്കായി 12 വോള്‍ട്ട് സോക്കറ്റ്, റിവേഴ്‌സ് കാമറ, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്, ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലെ യാത്രക്കാര്‍ക്ക് പ്രത്യേക എസി കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

റെനോ ക്വിഡ് ഉപയോഗിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിനാണ് റെനോ ട്രൈബറിന് കരുത്തേകുന്നത്. എന്നാല്‍ ഈ മോട്ടോര്‍ ട്രൈബറില്‍ 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. റെവ് റേഞ്ച് ഇപ്പോള്‍ ഉയര്‍ന്നതാണ്. 6,250 ആര്‍പിഎമ്മിലാണ് 71 ബിഎച്ച്പി എന്ന പരമാവധി കരുത്ത് ലഭിക്കുന്നത്. 96 എന്‍എം എന്ന പരമാവധി ടോര്‍ക്ക് ലഭിക്കുന്നതാകട്ടെ 3,500 ആര്‍പിഎമ്മിലും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 20 കിലോമീറ്ററാണ് ഇന്ധനക്ഷമത. 947 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 15 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് റെനോ ട്രൈബര്‍ എംപിവി വരുന്നത്. നാല് എയര്‍ബാഗുകള്‍, മൂന്ന് നിരകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

വേരിയന്റ് വില

ആര്‍എക്‌സ്ഇ 4.95 ലക്ഷം

ആര്‍എക്‌സ്എല്‍ 5.49 ലക്ഷം

ആര്‍എക്‌സ്ടി 5.99 ലക്ഷം

ആര്‍എക്‌സ്ഇസഡ് 6.49 ലക്ഷം

Comments

comments

Categories: Auto