14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മുങ്ങല്‍ വിദഗ്ധര്‍ ടൈറ്റാനിക്ക് സന്ദര്‍ശിച്ചു

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മുങ്ങല്‍ വിദഗ്ധര്‍ ടൈറ്റാനിക്ക് സന്ദര്‍ശിച്ചു

ഒട്ടാവ (കാനഡ): വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങിത്താഴ്ന്ന ആര്‍എംഎസ് ടൈറ്റാനിക് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മുങ്ങല്‍ വിദഗ്ധര്‍ സന്ദര്‍ശിച്ചു. ട്രിട്ടണ്‍ സബ് മറൈന്‍സിലെ പര്യവേക്ഷണ സംഘമാണു കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍നിന്നും 370 മൈലുകള്‍ക്കപ്പുറം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 4000 അടിയോളം താഴ്ചയില്‍ വിശ്രമിക്കുന്ന ടൈറ്റാനിക്കിലേക്കു യാത്ര ചെയ്തത്. അഞ്ച് ഡൈവുകളുടെ (നീന്തല്‍) ഒരു പരമ്പരയാണു സംഘം ഈ മാസം പൂര്‍ത്തിയാക്കിയത്.

ഒരു കാലത്ത് ആഡംബരത്തിന്റെ പര്യായമായിരുന്ന കപ്പല്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ബാക്ടീരിയകളുടെ ഭക്ഷണമായി തീര്‍ന്നിരിക്കുകയാണ്. നാഷണല്‍ ഓഷ്യന്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ പ്രതിനിധി, ശാസ്ത്രജ്ഞര്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘമാണു ടൈറ്റാനിക് സന്ദര്‍ശിച്ചത്. ഇവര്‍ 107 വര്‍ഷം പഴക്കമുള്ള തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ പ്രത്യേകമായി സജ്ജീകരിച്ച കാമറയില്‍ പകര്‍ത്തുകയും ചെയ്തു. 4 കെ ഫുട്ടേജ് ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്. ഇൗ ദൃശ്യങ്ങള്‍ ഓഗ്‌മെന്റഡ്, വെര്‍ച്വല്‍ റിയല്‍റ്റി ടെക്‌നോളജിയില്‍ കാണാന്‍ സഹായിക്കുകയും ചെയ്യുന്നതാണ്. അറ്റ്‌ലാന്റിക് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ഡോക്യുമെന്ററിക്കായി 4 കെ ഫുട്ടേജ് ഉപയോഗിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 1912 ഏപ്രിലിലായിരുന്നു ടൈറ്റാനിക് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയത്. 2,223 പേര്‍ കപ്പിലിലുണ്ടായിരുന്നു. ഇവരില്‍ 1517 പേര്‍ മരണപ്പെട്ടു.

Comments

comments

Categories: FK News
Tags: Titanic