15 ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനം

15 ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പരിശീലനം

മേക്കര്‍ വില്ലേജുമായി സഹകരിച്ച് ക്വാല്‍ക്കോമാണ് നാലു ഘട്ടങ്ങളിലായി എല്ലാ പരിശീലനവും നല്‍കുക

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ ബഹുരാഷ്ട്ര ഇലക്ട്രോണിക് ഭീമനായ ക്വാല്‍കോമും മേക്കര്‍ വില്ലേജും കൈകോര്‍ക്കുന്നു. രാജ്യത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുമായി ക്വാല്‍കോം ഇന്ത്യ ഒപ്പിട്ട ധാരണാപത്രമനുസരിച്ചാണ് സഹകരണം. ഈ ധാരണ പ്രകാരം നടക്കുന്ന സഹകരണ പരിപാടിയുടെ രാജ്യത്തെ ആദ്യ കേന്ദ്രമാണ് മേക്കര്‍ വില്ലേജ്. നാല് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ഭാഗമായി ആറംഗ ക്വാല്‍കോം സംഘം മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലന കളരികള്‍, വ്യക്തിഗത ചര്‍ച്ചകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.

അടുത്ത ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെ സമസ്ത മേഖലകളിലും ക്വാല്‍കോമിന്റെ പിന്തുണ ലഭിക്കും. മൂന്നു വിഭാഗങ്ങളായി 15 സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുക. കോളേജ് വിദ്യാര്‍ത്ഥികളുടെ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍, മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍, വ്യാവസായികമായി പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിങ്ങനെയാവും തെരഞ്ഞെടുപ്പ്.

സംരംഭങ്ങളുടെ ആശയം, മാതൃക, ഉല്‍പ്പന്നം, ബൗദ്ധിക സ്വത്തവകാശ സംരംക്ഷണം, ഉല്‍പ്പന്ന രൂപരേഖ, വിപണനം തുടങ്ങി എല്ലാ വിഷയങ്ങളിലും ക്വാല്‍കോമിന്റെ പിന്തുണയുണ്ടാകും. ഓരോ വിഷയത്തിലും ആശയവിനിമയം നടത്താന്‍ ക്വാല്‍കോമിന്റെ അന്താരാഷ്ട്ര വിദഗ്ധരാണ് മേക്കര്‍ വില്ലേജിലെത്തുക. ഫെബ്രുവരിയില്‍ ഈ പരിപാടി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ നിന്നും ആഗോള നിലവാരത്തിലുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകളെയെങ്കിലും യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്രതലത്തില്‍ പരിചയസമ്പന്നതയുള്ള വ്യക്തികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നു എന്നതാണ് ഈ സഹകരണത്തിന്റെ പ്രാധാന്യമെന്ന് ക്വാല്‍കോം ഇന്ത്യയുടെ ഇന്‍കുബേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ പുഷ്‌കര്‍ ആപ്‌തെ പറഞ്ഞു.

Comments

comments

Categories: FK News