ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യയില്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ ഇന്ത്യയില്‍

അടുത്ത വര്‍ഷമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 30 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി: ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ലൈവ്‌വയര്‍ ഇന്ത്യയില്‍ അനാവരണം ചെയ്തു. അടുത്ത വര്‍ഷമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞത് 30 ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. മോട്ടോര്‍സൈക്കിളിന്റെ യുഎസ് വില നേരത്തെ പ്രഖ്യാപിച്ചിരുന്നു. 29,799 ഡോളര്‍. ഏകദേശം 21 ലക്ഷം ഇന്ത്യന്‍ രൂപ.

എച്ച്ഡി റെവലേഷന്‍ എന്ന പുതിയ പവര്‍ട്രെയ്‌നാണ് ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 105 എച്ച്പി കരുത്തും 116 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് പെര്‍മനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോര്‍. 15.5 കിലോവാട്ട്അവര്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് പന്ത്രണ്ടര മണിക്കൂര്‍ വേണം. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്വീകരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ മതിയാകും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം മതി. നഗരങ്ങളില്‍ 225 കിലോമീറ്ററും ഹൈവേകളില്‍ 142 കിലോമീറ്ററും റേഞ്ച് ലഭിക്കും.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നിവ സഹിതം 4.3 ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ സവിശേഷതയാണ്. ജിയോഫെന്‍സിംഗ് മറ്റൊരു ഫീച്ചറാണ്. 6-ആക്‌സിസ് ഐഎംയു സഹിതം എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് ലൈവ്‌വയറിന്റെ ഇലക്ട്രോണിക്‌സ് പാക്കേജ്. സ്‌പോര്‍ട്ട്, റോഡ്, റെയ്ന്‍, റേഞ്ച് എന്നീ നാല് റൈഡിംഗ് മോഡുകള്‍ കൂടാതെ മൂന്ന് കസ്റ്റം മോഡുകളും ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ വാഗ്ദാനം ചെയ്യുന്നു.

ഷോവയുടെ സെപ്പറേറ്റ് ഫംഗ്ഷന്‍ യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്നിലും ഷോവ മോണോഷോക്ക് പിന്നിലും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. മുന്നില്‍ 300 എംഎം ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 260 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

Comments

comments

Categories: Auto