ബഹറൈന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി മോദി

ബഹറൈന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി മോദി

ബഹ്‌റൈന്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ധാരണ

മനാമ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹറൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ‘കിംഗ് ഹമീദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്’ ബഹുമതി ബഹറൈന്‍ രാജാവ് ഹമീദ് ബിന്‍ ഇസാ അല്‍ ഖലീഫയില്‍ നിന്ന് മോദി ഏറ്റുവാങ്ങി. പുരസ്‌കാരലബ്ധിയില്‍ അഭിമാനമുണ്ടെന്നും ഇത് ഇന്ത്യക്ക് മുഴുവന്‍ ലഭിച്ച അംഗീകാരമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യയും ബഹറൈനും തമ്മിലുള്ള നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ശക്തമായ സുഹൃദ് ബന്ധത്തിന്റെ അടയാളമാണ് ബഹുമതിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുഎഇയുടെ പരമോന്നത പൗര ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സയീദ്’ മോദി ഏറ്റുവാങ്ങിരുന്നു.

ഗുദൈബിയ കൊട്ടാരത്തില്‍ വെച്ച് ബഹറിന്‍ രാജാവ് ഹമീദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി വിവിധ ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ പ്രശ്‌നങ്ങളും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ബഹറൈന്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ധാരണയായി. യുഎഇയ്ക്കു പിന്നാലെ ബഹറൈനിലും രുപേ കാര്‍ഡ് സേവനം മോദി അവതരിപ്പിച്ചു. ബഹറൈന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

പുനരുദ്ധാരണം

ബഹറിന്‍ തലസ്ഥാനമായ മനാമയിലെ 200 വര്‍ഷം പഴക്കമുള്ള ശ്രീനാഥ് ജി ക്ഷേത്രത്തിന്റെ 4.2 ദശലക്ഷം ഡോളര്‍ ചെലവിലുള്ള പുനരുദ്ധാരണ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു. റൂപേ കാര്‍ഡുപയോഗിച്ച് അദ്ദേഹം പ്രസാദം വാങ്ങി. 16,500 ചതുരശ്ര അടി സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും 45,000 ചതുരശ്ര അടി പുതിയതായി നിര്‍മിക്കുകയും ചെയ്യും. ശ്രീകോവിലും പ്രാര്‍ത്ഥനാ ഹാളുകളും പുതിയ ക്ഷേത്ര കെട്ടിടത്തിലുണ്ടാകും. ഹൈന്ദവ വിവാഹോഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതപരമായ ആചാരങ്ങള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി ബഹറൈനെ വിവാഹ ഡെസ്റ്റിനേഷനാക്കാനും വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: FK News