ലെക്‌സസിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് കാര്‍ അര്‍ബന്‍ ഹാച്ച്ബാക്ക്

ലെക്‌സസിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് കാര്‍ അര്‍ബന്‍ ഹാച്ച്ബാക്ക്

ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് രൂപം ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും

നഗോയ, ജപ്പാന്‍ : ലെക്‌സസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് വാഹനം അര്‍ബന്‍ ഹാച്ച്ബാക്ക് ആയിരിക്കും. ടൊയോട്ടയുടെ കീഴിലെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് ഇക്കാര്യം സ്ഥിരീകരിച്ചു. ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് രൂപം ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. ഉയരമേറിയ, ബോക്‌സ് ആകൃതി കൈവരിച്ച, നഗര സൗഹൃദ ഹാച്ച്ബാക്ക് ആയിരിക്കും കണ്‍സെപ്റ്റ് കാര്‍. രൂപകല്‍പ്പന കൂടുതല്‍ ഫ്യൂച്ചറിസ്റ്റിക് ആയിരിക്കും.

2015 ല്‍ ലെക്‌സസ് പ്രദര്‍ശിപ്പിച്ച എല്‍എഫ്-എസ്എ കണ്‍സെപ്റ്റ് പുതിയ ഇലക്ട്രിക് കാറിന് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. കമ്പനിയുടെ ഭാവി പ്രതിഫലിക്കുന്നതായിരിക്കും പുതിയ ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ എന്ന് ലെക്‌സസ് വൈസ് പ്രസിഡന്റ് കോജി സാറ്റോ പറഞ്ഞു. കാറിനകത്ത് അടുത്ത തലമുറ ഇന്‍ഫൊടെയ്ന്‍മെന്റ് സാങ്കേതികവിദ്യ കാണാന്‍ കഴിയും. സ്റ്റിയറിംഗ് വളയത്തിന്റെ ഇരു വശങ്ങളിലുമായി ഒരു ജോടി സ്‌ക്രീനുകള്‍ സ്ഥാപിക്കും.

ആദ്യ ലെക്‌സസ് ഇലക്ട്രിക് കാറിന്റെ സാങ്കേതിക വിശദാംശങ്ങളും ഉല്‍പ്പാദനം ആരംഭിക്കുന്ന തീയതിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മല്‍സര സ്വഭാവമുള്ളതും ശ്രദ്ധ പിടിച്ചുപറ്റുന്നതും മതിപ്പ് ഉളവാക്കുന്നതുമായ ഉല്‍പ്പന്നമാണ് സൃഷ്ടിക്കുകയെന്ന് സാറ്റോ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും ലെക്‌സസിന്റെ തനത് സ്പിന്‍ഡില്‍ ഗ്രില്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കില്ലെന്ന് ഡിസൈന്‍ മേധാവി കൊയിച്ചി സുഗ അറിയിച്ചു.

ലെക്‌സസിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തുവരികയാണ് ഇപ്പോള്‍ എന്‍ജിനീയര്‍മാര്‍. മാതൃ കമ്പനിയായ ടൊയോട്ടയും ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചേക്കും. പവര്‍ട്രെയ്ന്‍ സംബന്ധിച്ച സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് വലിയ തുകയാണ് ലെക്‌സസ് വകയിരുത്തിയിട്ടുള്ളത്. ചക്രത്തിന്റെ ഹബ്ബില്‍ സ്ഥാപിക്കുന്ന ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോറുകള്‍ സംബന്ധിച്ചും വലിയ ഗവേഷണമാണ് കമ്പനി നടത്തുന്നത്. ടൊയോട്ട, ലെക്‌സസ് എന്നീ രണ്ട് ബ്രാന്‍ഡുകളും ചേര്‍ന്ന് 2025 ഓടെ പത്ത് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനാണ് പദ്ധതി.

ചിത്രം : എല്‍എഫ്-എസ്എ കണ്‍സെപ്റ്റ്

Comments

comments

Categories: Auto