‘പ്രതീക്ഷ’ ഒരര്‍ത്ഥം നഷ്ടപ്പെടുന്ന വാക്കാവുമ്പോള്‍…

‘പ്രതീക്ഷ’ ഒരര്‍ത്ഥം നഷ്ടപ്പെടുന്ന വാക്കാവുമ്പോള്‍…

ആരോഗ്യകരമായ തൊഴില്‍ബന്ധങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ എക്കാലവും സംരക്ഷിച്ചു പോരപ്പെട്ട ഒന്നാണ്. എന്നാല്‍ അടുത്തിടെയായി പൊലീസ് അടക്കം അധികാര ശ്രേണിയിലെ വിവിധ തലങ്ങളിലുള്ളവര്‍ തൊഴില്‍ രംഗത്തെ പിഡനങ്ങള്‍ കാരണമായി പറഞ്ഞ് സ്വയം ജീവനൊടുക്കുന്ന സംഭവങ്ങള്‍ അധികരിച്ചിരിക്കുന്നു. ആരോഗ്യം പ്രാപിച്ച സ്വകാര്യമേഖലയില്‍ ഇപ്പോള്‍ ആത്മഹത്യാപ്രവണത വളരെ കുറഞ്ഞിട്ടുണ്ട്. തദനുസരണമായ മാറ്റമാണ് സര്‍ക്കാര്‍-പൊതുമേഖലാ രംഗത്തും വേണ്ടത്

‘ഇത് ശിശിരം, ഇലകളെല്ലാം പൊഴിയുന്നു, ലോകത്ത് പ്രണയമെല്ലാം മരിച്ചുപോയി. കാറ്റ് വേദന നിറഞ്ഞ കണ്ണീരോടെ വിങ്ങിക്കരയുന്നു. എന്റെ ഹൃദയം ഇനി ഒരിക്കലും ഒരു വസന്തത്തിന് വേണ്ടി കൊതിക്കയില്ല. എന്റെ കണ്ണീരും ദുഃഖങ്ങളും, എല്ലാം വൃഥാവിലായി. ഹൃദയമില്ലാത്ത മനുഷ്യര്‍. അത്യാഗ്രഹികളും ദുഷ്ടന്മാരും’

– റെസ്സ്യൂസെരെസ്, കവിത: ‘ഗ്ലൂമി സണ്‍ഡേ’

ആയിരത്തിതൊള്ളായിരത്തി അറുപതില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന ഒരു നോവല്‍ ഖണ്ഡശ്ശ ആയി പ്രസിദ്ധീകരിച്ച് തുടങ്ങി. അന്നത്തെക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കഥ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ ആ എഴുത്തുകാരന്‍ മലയാള സാഹിത്യത്തില്‍ അംഗീകരിക്കപ്പെട്ടു എന്നാണര്‍ത്ഥം. ‘ഉച്ചവെയിലും ഇളംനിലാവും’ എഴുതിയ കെ എ രാജലക്ഷ്മി എന്ന എഴുത്തുകാരി തന്റെ ഇരുപത്താറാം വയസ്സില്‍ത്തന്നെ ആഴ്ചപ്പതിപ്പില്‍ ഒരു നീണ്ടകഥ പ്രസിദ്ധീകരിച്ച് വായനക്കാരുടെയും സാഹിത്യലോകത്തിന്റെയും സമ്മതി നേടിയതാണ്. എന്നാല്‍, ഏഴെട്ട് ഭാഗങ്ങള്‍ക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം ‘ഉച്ചവെയിലും ഇളംനിലാവും’ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി നിര്‍ത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ് ഇതിനു കാരണമായത്. എഴുതിയ നോവല്‍ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. ഓടുന്ന തീവണ്ടിയുടെ മുന്നില്‍ തല വെക്കുന്നത് ധീരതയാണ് എന്ന വരിയില്‍ ആരംഭിക്കുന്ന ഒരു കഥയാണ് അവര്‍ അവസാനമായി എഴുതിയത്. പിന്നെ കേരളം കേട്ടത് രാജലക്ഷ്മി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ്. അന്നവര്‍ക്ക് മുപ്പത്തഞ്ച് വയസ്സ്. ഒറ്റപ്പാലം എന്‍എന്‍എസ് കോളേജില്‍ ഫിസിക്‌സ് അധ്യാപിക.

ആത്മഹത്യ ചെയ്ത എഴുത്തുകാര്‍ കുറച്ചൊന്നുമല്ല; ലോകസാഹിത്യത്തിലും മലയാളത്തിലും. ഇടപ്പള്ളി രാഘവന്‍ പിള്ളയും രാജലക്ഷ്മിയും അടക്കം മുന്നൂറ്റിനാല്‍പ്പത്തഞ്ചോളം എഴുത്തുകാര്‍ ലോകത്ത് ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. ‘താനാര്?’ എന്ന അന്വേഷണത്തിലാണ് ഇവര്‍ക്ക് മിക്കവര്‍ക്കും ഉത്തരം മുട്ടിപ്പോവുന്നത്; ജീവിതം വഴിമുട്ടിപ്പോവുന്നത്. അസ്തിത്വവാദികള്‍ക്കും അതുതന്നെയാണ് സംഭവിച്ചത്. ഒന്നുകില്‍ ശാരീരികമായ ആത്മഹത്യ. അല്ലെങ്കില്‍ സൈദ്ധാന്തികമായ ആത്മഹത്യ.

വലിയ വലിയ തത്വശാസ്ത്രങ്ങള്‍ അത്രയൊന്നും മനസ്സിലാവാത്ത, തന്റെ ജീവിതത്തിന് ചുറ്റുമുള്ള നേരുകളും നെറികേടുകളും മാത്രം കണ്ട സാധാരണ ജീവിതങ്ങളും ഇതിനിടയില്‍ അവസാനിക്കുന്നുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, പ്രധാനമായും അവധി അപേക്ഷകള്‍ നിരസിക്കപെടുന്നത് മൂലം സായുധസേനയിലും അര്‍ദ്ധ സായുധസേനയിലും മറ്റും സ്വയം വെടിവെക്കുന്നതും മറ്റും പലപ്പോഴും വാര്‍ത്തയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈയിടെയായി സിവിലിയന്‍ സര്‍വീസില്‍ ഉള്ളവര്‍ ജീവിതം അവസാനിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആദ്യം പറഞ്ഞത് ഉത്കണ്ഠയ്ക്ക് ഇടനല്‍കാത്തത് ആണെന്നല്ല; എന്നാല്‍ രണ്ടാമത്തേത് ഇടപെടല്‍ ആവാവുന്നതും അതിനാല്‍ത്തന്നെ കൂടുതല്‍ ഉത്കണ്ഠ ഉളവാക്കുന്നതുമാണ്. ലക്ഷം പേരില്‍ പതിനാറ് പേരിലധികം ആത്മഹത്യ ചെയ്യുന്നത് എല്ലാ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാള്‍, ത്രിപുര, മിസോറം തുടങ്ങിയ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ആണ്. ബിഹാര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇത് ദശാംശങ്ങളില്‍ മാത്രമാണ്. തെക്കേ ഇന്ത്യയിലെയും ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെ സമ്പുഷ്ടി പ്രാപിച്ച പൗരബോധം, എല്ലാ ആത്മഹത്യാ കേസുകളും സര്‍ക്കാര്‍ തലത്തില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നുറപ്പ് വരുത്തുന്നതും വിദ്യാഭ്യാസത്തിന്റെയും അനുസൃതത്തിന്റെയും സര്‍വത്രീകരണമില്ലാത്ത ബിഹാറിലും വിദൂര പര്‍വ്വതപ്രദേശങ്ങളിലും ഒരു രേഖ പോലും ആവാതെ ജീവിതങ്ങള്‍ എരിഞ്ഞടങ്ങുന്നതും ഈ വ്യത്യാസത്തിന് കാരണമാവാം. പോണ്ടിച്ചേരി എന്ന ഭൂമിശാസ്ത്രപരമായി തീരെ ചെറിയ കേന്ദ്രഭരണ പ്രദേശത്ത് ലക്ഷത്തില്‍ മുപ്പത്തിയാറോളം പേര്‍ ഇഹലോകവാസത്തോട് സ്വയം വിട പറയുന്നു. ഇത് രേഖപ്പെടുത്തലിന്റെ സാന്ദ്രതയാവാം.

പതിനഞ്ചിനും നാല്‍പ്പത്തിനാലിനും ഇടയിലുള്ളവര്‍ ആണ് ഏറ്റവും അധികം ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്നത്. ദേശീയ സാക്ഷരതാ നിരക്ക് 74% ആണെന്നിരിക്കെ, ആത്മഹത്യ ചെയ്യുന്നവരില്‍ 80% പേരും സാക്ഷരരാണെന്ന് മാത്രമല്ല, ഒരുവിധം നല്ല നിലവാരത്തില്‍ വിദ്യാഭ്യാസം ലഭിച്ചവരുമാണ്. അവരില്‍ത്തന്നെ പുരുഷ ആത്മഹത്യ സ്‌ത്രൈണ ആത്മഹത്യയെക്കാള്‍ ഇരട്ടി വരും. സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സ്ത്രീകള്‍ മിക്കവരും മനോവികാരത്താലും മറ്റുമാണ് ജീവിതം അവസാനിപ്പിക്കുന്നത്. മൊത്തം ആത്മഹത്യയില്‍ 44 ശതമാനവും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളാല്‍ ആണ്. മറ്റ് കുടുംബ തര്‍ക്കങ്ങളില്‍ മനം മടുത്ത് 27% പേര്‍ ആത്മഹത്യ ചെയ്യുന്നു. 14% വൈവാഹിക പ്രശ്‌നങ്ങള്‍ മൂലമാണ്. ഒരു ശതമാനത്തോളം വിവാഹേതര ബന്ധങ്ങള്‍ പുറത്തറിയുമ്പോള്‍ ഉണ്ടാവുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ ഭയന്നാണ്. ഇതൊക്കെ കഴിഞ്ഞകാലത്തെ കണക്കാണ്. ഇപ്പോള്‍ വലിയൊരു ശതമാനം ആത്മഹത്യകള്‍ വിദ്യാഭ്യാസ സ്ഥലത്തും ജോലി സ്ഥലത്തും ഉണ്ടാവുന്ന മാനസിക പീഡനം മൂലമായി മാറിയിരിക്കുന്നു. അവയില്‍ തന്നെ നല്ലൊരു ശതമാനം പുരുഷന്മാര്‍ ആണ്. ശൗര്യത്തിന്റെ പ്രതീകമായ പൊലീസുകാര്‍, അവരില്‍ത്തന്നെ മുതിര്‍ന്ന ഓഫീസര്‍ റാങ്കിലുള്ളവര്‍, ആത്മഹത്യ ചെയ്യുന്നത് ഇപ്പോള്‍ വളരെയധികം അധികരിച്ച് വരികയാണ്. ആത്മഹത്യാകാരണം അവസാനമായി തിട്ടപ്പെടുത്താത്തത് മൂലമാവണം, അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി ലഭ്യമല്ല. എന്നാല്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു എന്നോ വ്യവസായി ആത്മഹത്യ ചെയ്തു എന്നോ മുന്‍പ് കേള്‍ക്കാത്തതാണ്; അതും മേലധികാരിയുടെ പീഡനം മൂലം.

ആരോഗ്യകരമായ തൊഴില്‍ബന്ധങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ സംരക്ഷിച്ചു പോരപ്പെട്ട ഒന്നാണ്. രാജാവിന്റെ ദാസീദാസന്മാര്‍ മുതല്‍ ഉള്ള ചരിത്രം നോക്കിയാല്‍ അവരെല്ലാം രാജകാരുണ്യം നല്ലപോലെ അനുഭവിച്ചവരാണ്. ഔദ്യോഗിക ശ്രേണീവ്യത്യാസങ്ങള്‍ക്കപ്പുറം മാനുഷികമായ പരിഗണന എല്ലായിടത്തും വ്യാപിച്ചുനിന്നു. ഇന്നലെ യൂണിഫോമിട്ട എസ്ഐ പിള്ളേര്‍ നര വീണ ഹെഡ്കാണ്‍സ്റ്റബിള്‍ ഇന്‍ചാര്‍ജ് നടപടി കുട്ടന്‍പിള്ളയെ ‘പിള്ളേച്ചാ’ എന്നോ ‘പിള്ളച്ചേട്ടാ’ എന്നോ മാത്രമേ പണ്ട് വിളിച്ചിരുന്നുള്ളൂ; ഇന്നത് മാറി. പൊലീസില്‍ നക്ഷത്രങ്ങള്‍ ആണ് പദവി വിളിച്ചറിയിക്കുന്നത്. അത് കൂടുതല്‍ ഉള്ളവര്‍ വിണ്ണിലെ താരങ്ങള്‍ ആവുകയാണ്. മണ്ണിലെ യാഥാര്‍ഥ്യങ്ങള്‍ അവര്‍ മറക്കുന്നു. തോളത്തെ നക്ഷത്രത്തിന്റെ എണ്ണം കൂടുന്തോറും താഴെയുള്ളവര്‍ മനുഷ്യരിലും താഴെ എന്തോ ആവുന്നു. നക്ഷത്രങ്ങള്‍ ഇല്ലാത്ത സിവില്‍ ജോലികളിലും സംഗതി വ്യത്യാസമില്ല. ശീതസമീകൃത സ്വാസ്ഥ്യങ്ങളില്‍ ഞെളിഞ്ഞിരിക്കുന്നവര്‍ വെയിലില്‍ കരിയുന്നവന്റെ മനസ്സ് കാണുന്നില്ല. ഡാറ്റ, ടാര്‍ജറ്റ്, ഡാഷ്ബോര്‍ഡുകള്‍… അവയാണ് ഭരണം! മനുഷ്യജീവന്‍ അതിനിടയില്‍ ഒരു പാഴ്‌വസ്തു മാത്രം. അതാണ് പൊലീസ് മുതല്‍ ബാങ്ക് മാനേജര്‍മാര്‍ വരെ ഒരുനാള്‍ എല്ലാം അവസാനിപ്പിക്കുന്നത്.

ഒരു ജോലി വിട്ട് മറ്റൊരു ജോലിയിലേക്ക് മാറുന്നവര്‍ ഒരു കാര്യം രഹസ്യമായി സമ്മതിക്കാറുണ്ട്. അവര്‍ മാറുന്നത് കമ്പനി അല്ല. അവര്‍ മാറുന്നത് മേലധികാരിയെ ആണ്. സ്വകാര്യമേഖലയില്‍ ജോലിയുടെ ദ്വിതീയ വിപണി ഒരുവിധം സജീവമായിട്ടുണ്ട് ഇപ്പോള്‍. നിങ്ങള്‍ക്ക് മേലധികാരിയെ മാറാം. എന്നാല്‍, സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ ജോലികളില്‍ ദ്വിതീയ വിപണി പതിയെ പിച്ച വെച്ച് നടക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അല്‍പ്പസ്വല്‍പ്പം വന്നിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. അടുത്ത ദിവസം സിബിഐയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുതല്‍ കൂടുതല്‍ ഉയര്‍ന്ന തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഓഫീസര്‍മാരെ ബാങ്കുകള്‍ തുടങ്ങിയവയില്‍ നിന്ന് എടുക്കുവാന്‍ വിജ്ഞാപനം വന്നിരുന്നു. അതുപോലെ മറ്റ് പല പൊതുമേഖലാസ്ഥാപനങ്ങളിലും ഉയര്‍ന്ന തസ്തികകളില്‍ മുന്‍പരിചയവും പ്രായവും ഉള്ളവര്‍ക്ക് ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ആ സമ്പ്രദായം പുഷ്ടിപ്രാപിക്കേണ്ടതുണ്ട്. ആരോഗ്യം പ്രാപിച്ച സ്വകാര്യമേഖലയില്‍ ഇപ്പോള്‍ ആത്മഹത്യാപ്രവണത വളരെ കുറഞ്ഞിട്ടുണ്ട്. തദനുസരണമായ മാറ്റമാണ് സര്‍ക്കാര്‍-പൊതുമേഖലാ രംഗത്തും വേണ്ടത്. അതുപോലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സംസ്ഥാനാന്തര ഡെപ്യൂട്ടേഷന്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷന്‍ എന്നിവ താഴെ തട്ടിലുള്ള ജീവനക്കാര്‍ക്കും നല്‍കുകയാണെങ്കില്‍ അവര്‍ക്ക് അസ്വാരസ്യമുള്ള ഇടങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകാനാവും. അപ്പോള്‍ അവര്‍ ജീവിതത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോവാന്‍ തീരുമാനിക്കില്ല.

റെസ്സ്യൂസെരെസ് ഒരു ഹംഗേറിയന്‍ കവിയായിരുന്നു. ‘ഗ്ലൂമി സണ്‍ഡേ’ ഹംഗേറിയന്‍ ഭാഷയില്‍ അദ്ദേഹം എഴുതിയ ‘Szomorúvasárnap’ എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയാണ്. അതില്‍ നിന്ന്, കവയത്രി ശ്രീപാര്‍വ്വതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഒരു ഭാഗമാണ് ആദ്യം കൊടുത്തിട്ടുള്ളത്. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് ജീവന്‍ രക്ഷിച്ച് വന്നയാളാണ് റെസ്സ്യൂസെരെസ്. അദ്ദേഹത്തിന്റെ അമ്മ ക്യാമ്പിലെ പീഡനത്തില്‍ മരിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ദാരിദ്ര്യത്തിലേക്ക് ജനിച്ചുവീണ ബാല്യമായിരുന്നു യഹൂദനായ സെരെസിന്റേത്. യഹൂദരായതിനാലാണ് അവരെ കുടുംബത്തോടെ പീഡന ക്യാമ്പില്‍ അടച്ചത്. ആ മൃഗീയ പരീക്ഷണം അതിജീവിച്ചതിന് ശേഷം അദ്ദേഹം കടുത്ത വിഷാദ രോഗത്തില്‍ ആയിരുന്നു. അതിന്റെ പര്യവസാനത്തിലാണ് അദ്ദേഹം മുകള്‍ നിലയില്‍ നിന്ന് ജനലിലൂടെ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നിട്ടും മരിച്ചില്ല. പരിക്കേറ്റ് ആശുപത്രിയില്‍ ആയ അദ്ദേഹം അവിടെ വൈദ്യുതികമ്പി ചുറ്റി മരണത്തെ പുല്‍കി. ‘ഗ്ലൂമി സണ്‍ഡേ’ അതിനുമൊക്കെ വളരെ മുന്‍പ് 1933 ല്‍ എഴുതിയതാണ്. അതായത് ക്യാമ്പിന് മുന്‍പ് തന്നെ പല കാരണങ്ങളാല്‍ അദ്ദേഹത്തിന് ജീവിതത്തോട് മടുപ്പ് തുടങ്ങിയിരുന്നു എന്നര്‍ത്ഥം. ആത്മഹത്യയ്ക്കുള്ള ഒരു ആഹ്വാനമായിരുന്നു അത്. കവിത സംഗീതം പകര്‍ന്ന് പലരും ആലപിച്ചിട്ടുണ്ട്. അതാണ് ഹിറ്റായത്. ആ ഗാനം കേട്ട് ഇരുനൂറോളം പേര്‍ ആത്മഹത്യ ചെയ്തു. ഒടുവില്‍ ഹംഗേറിയന്‍ സര്‍ക്കാരും ബിബിസിയും അടക്കം പലയിടത്തും ഈ ഗാനത്തിന് നിരോധനം വന്നു. ഗാനം കൂടുതല്‍ ഹിറ്റാവുംതോറും അദ്ദേഹം കൂടുതല്‍ വിഷാദത്തിലേക്ക് വീണു. ഇതുപോലെ ഒരെണ്ണം ഇനിയും എഴുതാന്‍ കഴിയില്ല എന്നദ്ദേഹത്തിന് തോന്നി. ഈ കവിതയില്‍ തന്നെ അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു: ‘ഞാനും എന്റെ ഹൃദയവും എല്ലാം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു’. ഇടയില്‍ ഒരുവരിയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്: ‘hope has ceased to have a meaning’. പ്രതീക്ഷ ഒരു നിരര്‍ത്ഥക വാക്കാവുമ്പോഴാണ് ആളുകള്‍ ജീവിതത്തെ കൊന്ന് തോല്‍പ്പിക്കുന്നത്. അത് മനസ്സിലാക്കി പെരുമാറേണ്ടത് സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്.

Categories: FK Special, Slider