പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ടിവിഎസ് സര്‍വീസ് ഇളവുകള്‍ പ്രഖ്യാപിച്ചു

പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ടിവിഎസ് സര്‍വീസ് ഇളവുകള്‍ പ്രഖ്യാപിച്ചു

ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ 15 വരെ സര്‍വീസ് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രളയത്തില്‍ അകപ്പെട്ട ഇരുചക്ര വാഹനങ്ങള്‍ക്ക് ടിവിഎസ് മോട്ടോര്‍ കമ്പനി സര്‍വീസ് ഇളവുകള്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കാണ് സഹായഹസ്തം നീട്ടുന്നത്. ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ 15 വരെ സര്‍വീസ് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. പ്രളയബാധിത സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ സംഭാവന ചെയ്യുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു.

പ്രളയത്തില്‍ അകപ്പെട്ട, ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത വാഹനങ്ങളുടെ സര്‍വീസ് സമയത്ത് തൊഴില്‍ക്കൂലി (ലേബര്‍ ചാര്‍ജ്) പൂര്‍ണ്ണമായും ഇളവ് ചെയ്യുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. എന്‍ജിനില്‍ വെള്ളം കയറിയാല്‍ ഓയില്‍ സൗജന്യമായി മാറ്റിനല്‍കും. 20 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രളയത്തില്‍പ്പെട്ട വാഹനങ്ങളെങ്കില്‍, വര്‍ക്ക്‌ഷോപ്പുകളിലേക്ക് സൗജന്യമായി കൊണ്ടുപോകും. അസാധാരണ കേസുകളില്‍ വാറന്റി അംഗീകാരം ലഭ്യമാക്കും. റിപ്പയറിനുശേഷം വാഹനം വേണമെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും. യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്ടുകളുടെ മതിയായ ലഭ്യത ടിവിഎസ് ഉറപ്പുവരുത്തും.

രാജ്യമെമ്പാടും വെള്ളപ്പൊക്കം വരുത്തിവെച്ച നാശനഷ്ടങ്ങളില്‍ ഞങ്ങള്‍ അതീവ ദു:ഖിതരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്റ്റര്‍ & സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദുരിതബാധിതരായ പൗരന്‍മാര്‍ക്കൊപ്പമാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. പ്രളയബാധിത സംസ്ഥാനങ്ങളില്‍ പ്രത്യേക സര്‍വീസ് ക്യാംപുകള്‍ ആരംഭിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ക്ലെയിം പ്രക്രിയ വേഗത്തിലാക്കുന്നതിന് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി ടിവിഎസ് മോട്ടോര്‍ കമ്പനി സഹകരിച്ചുതുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Auto
Tags: TVS Service