സിനായ് ഉപദ്വീപിനായുള്ള നിക്ഷേപം 75 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഈജിപ്ത്

സിനായ് ഉപദ്വീപിനായുള്ള നിക്ഷേപം 75 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഈജിപ്ത്

തീവ്രവാദത്തെ ചെറുത്ത് മേഖലയില്‍ സ്ഥിരതയും വികസവും ലക്ഷ്യമിട്ടാണ് നിക്ഷേപത്തുക വര്‍ധിപ്പിക്കുന്നത്

കെയ്‌റ: സിനായ് ഉപദ്വീപില്‍ 5.23 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിനായ് മേഖലയ്ക്കുള്ള നിക്ഷേപത്തില്‍ 75 ശതമാനം വാര്‍ഷിക വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. സായുധ സംഘങ്ങളുടെ കലാപ മേഖലയായ ഇവിടെ സ്ഥിരത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2.986 ബില്യണ്‍ പൗണ്ടാണ് സിനായ് മേഖലയ്ക്കായി ആസൂത്രണ മന്ത്രാലയം അനുവദിച്ചിരുന്നത്.

വലിയ തോതിലുള്ള ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് 2013ന്റെ മധ്യത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാവായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം അധികാരഭ്രഷ്ടനാക്കിയത് മുതല്‍ സിനായ് ഉപദ്വീപിന്റെ വടക്കന്‍ മേഖലകളില്‍ തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ് ഈജിപ്ത്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും മേഖലയില്‍ സ്ഥിരത കൊണ്ടുവരാനും ശരാശരിയ്ക്കും മുകളിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

വടക്കന്‍ സിനായില്‍ 2.85 ബില്യണ്‍ പൗണ്ട് നിക്ഷേപവും തെക്കന്‍ സിനായില്‍ 2.38 ബില്യണ്‍ പൗണ്ട് നിക്ഷേപവും നടത്തുമെന്ന് ആസൂത്രണ കാര്യ മന്ത്രി ഹല അല്‍ സയീദ് പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കന്‍ സിനായില്‍ വിദ്യാഭ്യാസം, ജലം, കാര്‍ഷികം, ജലസേചനം, ഗതാഗതം, സംഭരണം, റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മാണം എന്നീ മേഖലകളിലും തെക്കന്‍ സിനായില്‍ കാര്‍ഷികം, ജലസേചനം,ഗതാഗതം, വിദ്യാഭ്യാസം മറ്റ് സേവന മേഖലകളിലുമായാണ് നിക്ഷേപം നടത്തുക.

‘ദേശീയ സുരക്ഷയ്ക്ക് വേണ്ടിയുള്ള പദ്ധതി’ എന്ന് വിളിക്കപ്പെടുന്ന 275 ബില്യണ്‍ പൗണ്ടിന്റെ സിനായ് വികസന പദ്ധതി 2022ഓടെ പൂര്‍ത്തിയാകുമെന്നാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സീസിയോട് അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നത്.

Comments

comments

Categories: Arabia