പുതിയ ഫോക്‌സ്‌വാഗണ്‍ ലോഗോ ഉടന്‍

പുതിയ ഫോക്‌സ്‌വാഗണ്‍ ലോഗോ ഉടന്‍

ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പുതിയ ലോഗോ പ്രകാശനം ചെയ്യും

ഫ്രാങ്ക്ഫര്‍ട്ട് : 2012 നുശേഷം ഇതാദ്യമായി ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ലോഗോ പരിഷ്‌കരിക്കുന്നു. ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്യുന്നത്. ആഗോളതലത്തില്‍നിന്ന് നോക്കുമ്പോള്‍, നിലവിലെ ലോഗോ ‘വളരെയധികം ജര്‍മ്മന്‍’ ആണെന്നും വൈകാരികമല്ലെന്നുമാണ് ലോഗോ മാറ്റത്തിന്റെ കാരണങ്ങളായി പുതിയ ഫോക്‌സ്‌വാഗണ്‍ മാനേജ്‌മെന്റ് പറയുന്നത്. ഫോക്‌സ്‌വാഗണ്‍ ആരാധകരില്‍ മിക്കവരും കമ്പനിയെ ‘വിഡബ്ല്യു’ എന്ന് ചുരുക്കിവിളിക്കാന്‍ കാരണം നിലവിലെ ലോഗോയാണ്.

നീലയും വെളുപ്പും നിറമുള്ള നിലവിലെ 3ഡി ലോഗോയാണ് മാറാന്‍ പോകുന്നത്. കറുപ്പും വെളുപ്പും നിറങ്ങളില്‍ ലളിതമായ ലോഗോയാണ് പകരം വരികയെന്ന് ഓട്ടോവീക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന കാറിലും പുതിയ ലോഗോ ആയിരിക്കും കാണാന്‍ കഴിയുന്നത്. 1960 കളിലെ ഫോക്‌സ്‌വാഗണ്‍ ലോഗോയുടേതിന് ഏതാണ്ട് സമാനമായിരിക്കും പുതിയ ലോഗോ. സെപ്റ്റംബര്‍ 12 മുതല്‍ 22 വരെയാണ് ഇത്തവണത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ അരങ്ങേറുന്നത്.

വോള്‍ഫ്‌സ്ബര്‍ഗിലെ ഫോക്‌സ്‌വാഗണ്‍ ആസ്ഥാനമന്ദിരത്തിലായിരിക്കും പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് യൂറോപ്പിലെ ഫോക്‌സ്‌വാഗണ്‍ കേന്ദ്രങ്ങളിലും ഡീലര്‍ഷിപ്പുകളിലും ലോഗോ മാറ്റിത്തുടങ്ങും. ഒക്‌റ്റോബറില്‍ ചൈനയില്‍ പുതിയ ലോഗോ കാണാന്‍ കഴിയും. പിന്നീട് വടക്ക്, തെക്ക് അമേരിക്കകളിലും ലോഗോ മാറും. 2020 തുടക്കം മുതല്‍ മറ്റെല്ലാ ലോക വിപണികളിലും പുതിയ ലോഗോ ഉപയോഗിച്ചുതുടങ്ങും. ആകെ 171 വിപണികളില്‍ ലോഗോ മാറ്റം നടപ്പാക്കും.

ഫോക്‌സ്‌വാഗണിന്റെ ‘ട്രാന്‍സ്‌ഫോം 2025 പ്ലസ്’ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് ഡിസൈന്‍. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍. 1939 ലാണ് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ആദ്യ ലോഗോ പ്രദര്‍ശിപ്പിക്കുന്നത്. 2012 ലാണ് അവസാനമായി ലോഗോയില്‍ മാറ്റം വരുത്തിയത്.

Comments

comments

Categories: Auto
Tags: Volkswagen