എംജി ഹെക്ടര്‍ കാത്തിരിക്കുന്നവര്‍ക്കായി റിവാര്‍ഡ് സ്‌കീം പ്രഖ്യാപിച്ചു

എംജി ഹെക്ടര്‍ കാത്തിരിക്കുന്നവര്‍ക്കായി റിവാര്‍ഡ് സ്‌കീം പ്രഖ്യാപിച്ചു

എസ്‌യുവി ഡെലിവറി ചെയ്യുന്നതുവരെ ഓരോ ആഴ്ച്ചയിലും 1,000 പോയന്റ് വീതം ലഭിക്കും

ന്യൂഡെല്‍ഹി : ഹെക്ടര്‍ എസ്‌യുവി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കായി എംജി മോട്ടോര്‍ ഇന്ത്യ പുതുതായി റിവാര്‍ഡ് സ്‌കീം അവതരിപ്പിച്ചു. എസ്‌യുവി ഡെലിവറി ചെയ്യുന്നതുവരെ ഓരോ ആഴ്ച്ചയിലും 1,000 പോയന്റ് വീതം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് പദ്ധതി. കാത്തിരിപ്പുകാലത്ത് ഉപയോക്താക്കള്‍ക്ക് മടുപ്പ് തോന്നാതിരിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ പുതുതായി റിവാര്‍ഡ് സ്‌കീം കൊണ്ടുവന്നിരിക്കുന്നത്.

റിവാര്‍ഡ് സ്‌കീമിലൂടെ ലഭിക്കുന്ന പോയന്റുകള്‍ ഉപയോഗിച്ച് നിലവിലെ ഉപയോക്താക്കള്‍ക്ക് ഹെക്ടര്‍ എസ്‌യുവിയുടെ ആക്‌സസറികള്‍ വാങ്ങാന്‍ കഴിയും. അല്ലെങ്കില്‍ പ്രീപെയ്ഡ് മെയിന്റനന്‍സ് പാക്കേജ് വാങ്ങുന്നതിന് ഈ പോയന്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ പോയന്റുകള്‍ക്ക് എത്ര രൂപയുടെ മൂല്യം വരുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കിയില്ല.

ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബ പറഞ്ഞു. ഇംപാക്റ്റ് എന്‍ജിഒ എന്ന പദ്ധതി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെയ്റ്റിംഗ് പിരീഡിലെ ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുന്നതാണ് ഈ പദ്ധതി.

എംജി ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് 28,000 കടന്നതോടെ ബുക്കിംഗ് സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുക്കിംഗ് നടത്തിയവര്‍ക്ക് എസ്‌യുവി ഡെലിവറി ചെയ്യുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബുക്കിംഗ് വൈകാതെ പുനരാരംഭിക്കും. ശരാശരി ആറ് മാസമാണ് എംജി ഹെക്ടര്‍ എസ്‌യുവിയുടെ കാത്തിരിപ്പുകാലം.

Comments

comments

Categories: Auto