മാരുതി സുസുകി എസ്-പ്രെസ്സോ സെപ്റ്റംബര്‍ 30 ന് പുറത്തിറക്കും

മാരുതി സുസുകി എസ്-പ്രെസ്സോ സെപ്റ്റംബര്‍ 30 ന് പുറത്തിറക്കും

മാരുതി സുസുകിയുടെ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് എസ്-പ്രെസ്സോ നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ പുതിയ മോഡലായ എസ്-പ്രെസ്സോ അടുത്ത മാസം 30 ന് വിപണിയില്‍ അവതരിപ്പിക്കും. ബജറ്റ് കാര്‍ വിപണിയിലെ പുതിയ മോഡലായിരിക്കും എസ്-പ്രെസ്സോ. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുകിയുടെ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് എസ്-പ്രെസ്സോ നിര്‍മ്മിക്കുന്നത്.

മാരുതി ഹാച്ച്ബാക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്-പ്രെസ്സോ വ്യത്യസ്തനായിരിക്കും. എസ്‌യുവിയുടേതു പോലുള്ള രൂപകല്‍പ്പനയാണ് പുതിയ വാഹനത്തിനായി നിര്‍വ്വഹിച്ചിരിക്കുന്നത്. എസ്‌യുവിയാണോ എന്ന് തോന്നിപ്പിക്കും. ചതുരാകൃതിയിലുള്ള അനുപാതങ്ങളോടെയാണ് എസ്-പ്രെസ്സോ നിര്‍മ്മിക്കുന്നത്. തടിച്ചതായിരിക്കും മുന്നിലെയും പിന്നിലെയും ബംപറുകള്‍.

മാരുതി സുസുകിയുടെ പരിഷ്‌കരിച്ച, ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ആദ്യ മോഡലായിരിക്കും എസ്-പ്രെസ്സോ. ഈ എന്‍ജിന്‍ പിന്നീട് സെലെറിയോ, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളില്‍ നല്‍കും. മാരുതിയുടെ 0.8, 1.2, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ ഇതിനകം ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചിരുന്നു.

മാരുതി സുസുകി ഓള്‍ട്ടോ കെ10 മോഡലിനൊപ്പം പുതിയ എസ്-പ്രെസ്സോ വില്‍ക്കും. എന്നാല്‍ പുതിയ മോഡലിന് അല്‍പ്പം വില കൂടുതലായിരിക്കും. 3.7 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡിഗോ മോഡലുകളുടെ 1.0 ലിറ്റര്‍ വേര്‍ഷനുകളായിരിക്കും എതിരാളികള്‍.

Comments

comments

Categories: Auto