ആശ്വാസ നടപടികള്‍ വേഗം കൈക്കൊള്ളണം

ആശ്വാസ നടപടികള്‍ വേഗം കൈക്കൊള്ളണം

അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി എടുത്ത് കളയാനും ഉത്തേജന പാക്കേജുകള്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ ആശങ്ക വിട്ടൊഴിയുന്നില്ല

70 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഭാരതം കടന്നുപോകുന്നതെന്നാണ് വ്യാഴാഴ്ച്ച നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്. ഇന്ത്യ ഇന്‍ക് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാന ഭാഗമെന്ന് കരുതപ്പെടുന്ന നിതി ആയോഗിന്റെ പ്രവര്‍ത്തന തലവനില്‍ നിന്നുണ്ടായത്. നിലവിലെ സാമ്പത്തിക മുരടിപ്പ് നേരിടാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നും രാജീവ് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രകടനം തന്നെയായിരുന്നു രാജ്യം നേരിടുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥയുടെ ഏറ്റവും പ്രത്യക്ഷമായ സൂചകം. ഇപ്പോള്‍ അത് കൂടുതല്‍ ഔപചാരികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. രാജീവ് കുമാറിന്റെ പ്രസ്താവനയ്ക്ക് രണ്ട് ദിവസം മുമ്പ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞ വാക്കുകളും ഓര്‍ക്കണം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ സംവിധാനം എടുത്ത് കളഞ്ഞത് നല്ലത് തന്നെ. പക്ഷേ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക കൂടി സര്‍ക്കാര്‍ ചെയ്യണം. അതിനും വലിയ പ്രാധാന്യമുണ്ട്-ഇതായിരുന്നു സ്വാമിയുടെ പ്രസ്താവന. ഹാര്‍വാര്‍ഡ് പാരമ്പര്യമുള്ള സ്വാമിയുടെ സാമ്പത്തിക വൈദഗ്ധ്യത്തെ കുറിച്ച് രണ്ടഭിപ്രായം ആര്‍ക്കുമുണ്ടാകില്ല. അതിനാല്‍ തന്നെ വലിയ പ്രാധാന്യമുണ്ട് ആ പ്രസ്താവനയ്ക്കും. ഇന്ത്യ ഇന്‍കിന്റെ ആശങ്ക മുന്‍ മുഖപ്രസംഗങ്ങളില്‍ കൃത്യമായി വരച്ചിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കുന്ന സാമ്പത്തിക പാക്കേജുകള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തയുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള ഉത്തേജന പാക്കേജുകളുടെ ആവശ്യമില്ലെന്ന ചില പ്രസ്താവനകള്‍ കടുത്ത വ്യക്തതകുറവും ഉണ്ടാക്കുന്നു. വിദേശ ഓഹരി നിക്ഷേപകര്‍ക്കുള്ള അധിക നികുതി ഒഴിവാക്കുന്ന നടപടിയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്പത്തിക അനിശ്ചിതാവസ്ഥയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയെന്നതാണ് സര്‍ക്കാര്‍ അടിയന്തരപ്രാധാന്യത്തോടെ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഉല്‍വസ സീസണ്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കറുത്ത നാളുകളായി മാറും.

Categories: Editorial, Slider
Tags: tax