ആരോഗ്യ മികവില്‍ കേരളം

ആരോഗ്യ മികവില്‍ കേരളം

രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കിയെന്ന വാര്‍ത്ത അഭിമാനാര്‍ഹമാണ്

സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകരം ലഭിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ വീണ്ടും കരസ്ഥമാക്കി എന്ന പ്രത്യേകതയും അഭിമാനത്തിന് വക നല്‍കുന്നു. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം, ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം, മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ കൊളശേരി യുപിഎച്ച്‌സി, തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ പട്യം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ബഹുമതി നേടിയിരിക്കുന്നത്.

രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഈ സംഘങ്ങള്‍ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം. കേരളത്തിലെ കേന്ദ്രങ്ങള്‍ സ്‌കോറിംഗ് കാര്യത്തിലും വളരെ മുന്നിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ വര്‍ഷം അവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. ആരോഗ്യമേഖലയിലെ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ സംസ്ഥാനത്തിന് അതിന് സാധിക്കുമെന്ന് പ്രത്യാശിക്കാം.

Categories: Editorial, Slider