ജപ്പാന്റെ വിശ്വാസം ഈ യന്ത്രമനുഷ്യനായ പുരോഹിതനില്‍

ജപ്പാന്റെ വിശ്വാസം ഈ യന്ത്രമനുഷ്യനായ പുരോഹിതനില്‍

ജപ്പാന്‍കാര്‍ റോബോട്ടിക് പുരോഹിതനില്‍ വിശ്വാസമര്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യന്റെ പോലെ കൈയ്യും കാലും തലയുമൊക്കെയുള്ള യന്ത്രമനുഷ്യന്‍ ജപ്പാനില്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിച്ചു തുടങ്ങിയിരിക്കുന്നു. ആത്മാവില്ലാത്ത വസ്തുവിന് ആത്മീയകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ സാധിക്കുമോ എന്നു ചോദിക്കുന്നവര്‍ക്ക് ഉത്തരമുണ്ട്. ഈ റോബോട്ട് എഐ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രാര്‍ഥനയില്‍ കൈകോര്‍ത്തു പിടിച്ചു ശാന്തമായ സ്വരത്തില്‍ സംസാരിക്കാനും ഈ റോബോട്ടിന് അറിയാം.

യന്ത്രമനുഷ്യനായ ഒരു പുരോഹിതന്റെ സഹായത്തോടെ ജപ്പാനിലെ 400 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രം ബുദ്ധമതത്തില്‍ താല്‍പര്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. റോബോട്ടിക് പുരോഹിതന്‍ മതത്തിന്റെ മുഖച്ഛായ മാറ്റുമെന്ന വിശ്വാസത്തിലാണ് അവര്‍. എന്നാല്‍ ഈ യന്ത്രമനുഷ്യനെ വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നത് ‘ഫ്രാങ്കന്‍സ്റ്റെയ്ന്‍ മോണ്‍സ്റ്ററാ’യിട്ടാണ്. സൃഷ്ടി കര്‍ത്താവിനു നാശം ചെയ്യുന്ന സൃഷ്ടിയെയാണു ഫ്രാങ്കന്‍സ്റ്റെയ്ന്‍ മോണ്‍സ്റ്ററെന്നു വിശേഷിപ്പിക്കുന്നത്. ജപ്പാനിലെ ക്യോട്ടോയിലുള്ള കൊടെയ്ജി ക്ഷേത്രത്തിലാണു മിന്‍ഡാര്‍ എന്നു പേരുള്ള ആന്‍ഡ്രോയ്ഡ് അഥവാ ഹ്യൂമനോയ്ഡ് റോബോട്ടിനെ ബുദ്ധമത പ്രസംഗത്തിനും തിരുവെഴുത്തുകളും ചൊല്ലാനും നിയോഗിച്ചിരിക്കുന്നത്. ഇതിലൂടെ ചെറുപ്പക്കാരെ ആകര്‍ഷിക്കാനാണു ക്ഷേത്രം ഭാരവാഹികള്‍ പദ്ധതിയിടുന്നത്. ആറ് അടി ഉയരമുള്ള സിലിക്കണ്‍- അലുമിനിയം നിര്‍മിത റോബോട്ട് ബുദ്ധമതത്തില്‍ കാരുണ്യത്തിന്റെ ദേവതയായ കണ്ണോണിനെ അനുസ്മരിപ്പിക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം ഒരു മില്യന്‍ ഡോളറാണു മിന്‍ഡാറിനെ വികസിപ്പിക്കാന്‍ ചെലവഴിച്ചത്. ഈ വര്‍ഷമാദ്യം സെന്‍ ക്ഷേത്ര ഭാരവാഹികള്‍ ഒസാക്ക സര്‍വകലാശാലയിലെ റോബോട്ടിക്‌സ് ടീമിലെ പ്രഫസര്‍ ഹിരോഷി ഇഷിഗുരോയുമായി സഹകരിച്ചാണു മിന്‍ഡാര്‍ എന്ന റോബോട്ടിനെ രൂപകല്‍പന ചെയ്തത്. ജാപ്പനീസ് ഭാഷയില്‍ അറിയപ്പെടുന്ന ജാപ്പനീസ് തിരുവെഴുത്തായ ഹൃദയ സൂത്രം പാരായണം ചെയ്യാന്‍ മിന്‍ഡാര്‍ റോബോട്ടിന് അറിയാം. ഇതിന്റെ ഇംഗ്ലീഷ്, ചൈനീസ് വിവര്‍ത്തനങ്ങള്‍ ടൂറിസ്റ്റുകള്‍ക്കു മനസിലാക്കുവാനായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഒരു വിദ്യയുടെ ഭാഗമായിട്ടല്ല റോബോട്ടിക് പുരോഹിതനെ നിയോഗിച്ചതെന്നു ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. കണ്ണോണ്‍ ജപ്പാനില്‍ കരുണയുടെ ദേവതയാണ്. കരുണയുടെ ദേവതയ്ക്ക് ഇഷ്ടാനുസരണം സ്വയം രൂപാന്തരപ്പെടാന്‍ കഴിയുമെന്നും ഒരു ആന്‍ഡ്രോയ്ഡ് അഥവാ ഹ്യൂമനോയ്ഡ് റോബോട്ട് കരുണയുടെ ഏറ്റവും പുതിയ അവതാരമാണെന്നും ക്ഷേത്രം ഉറപ്പിച്ചു പറയുന്നു.

അനുകമ്പയെക്കുറിച്ചും ആഗ്രഹം, കോപം, ഈഗോ എന്നിവയുടെ അപകടങ്ങളെക്കുറിച്ചും മിന്‍ഡാര്‍ മനുഷ്യരെ പഠിപ്പിക്കും.’ലൗകിക മോഹങ്ങള്‍ കടലില്‍ നഷ്ടപ്പെട്ട മനസാണ്, അതല്ലാതെ മറ്റൊന്നുമല്ല’ എന്ന് പ്രസംഗിക്കുന്ന മനുഷ്യസമാനമായ റോബോട്ടിനു ജപ്പാനിലെ പൊതുസമൂഹത്തില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പാശ്ചാത്യര്‍ മിന്‍ഡാര്‍ റോബോട്ടിനെ ഇതുവരെ സ്വാഗതം ചെയ്തിട്ടില്ല. അവര്‍ മിന്‍ഡാറിനെ ഫ്രാങ്കന്‍സ്റ്റെയ്ന്‍ മോണ്‍സ്റ്ററായിട്ടാണു താരതമ്യം ചെയ്യുന്നതെന്നു ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ടെന്‍ഷ് ഗോട്ടോ പറയുന്നു. ബുദ്ധമതം പ്രധാനമായും ബുദ്ധന്റെ പാത പിന്തുടരുകയെന്നതാണ്. മിന്‍ഡാര്‍ റോബോട്ടിനു സഹായം തേടുന്ന ആരെയും രക്ഷിക്കാന്‍ കഴിയുമെന്നു മുഖ്യ പുരോഹിതനായ ഗോട്ടോ പറയുന്നു. ‘തീര്‍ച്ചയായും ഒരു യന്ത്രത്തിന് ആത്മാവുണ്ടാകില്ല. അതു കൊണ്ടു തന്നെ എങ്ങനെയാണ് ആത്മാവില്ലാത്ത ഒരു വസ്തുവിനു പുരോഹിതനാകുവാന്‍ സാധിക്കുക അഥവാ ആത്മീയകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ സാധിക്കുക എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. എന്നാല്‍ ബുദ്ധമത വിശ്വാസം വൈദത്തില്‍ വിശ്വസിക്കുന്നതിനെ കുറിച്ചു മാത്രമുള്ളതല്ല. പകരം അത് ബുദ്ധന്റെ പാത പിന്തുടരുന്നതിനെ കുറിച്ചാണ്. അതിനാല്‍ ബുദ്ധമത പുരോഹിതന്‍ എന്നത് ഒരു യന്ത്രമോ, ഇരുമ്പിന്റെ സ്‌ക്രാപ്പോ അല്ലെങ്കില്‍ ഒരു വൃക്ഷമോ എന്നത് ഒരു പ്രശ്‌നമല്ല. സഹായം തേടുന്ന ആരെയും രക്ഷിക്കുക എന്നതാണ് ബുദ്ധമത പുരോഹിതന്റെ കടമ. മിന്‍ഡാര്‍ റോബോട്ട് ഒരിക്കലും മരിക്കുന്നില്ല, അത് വികസിച്ചു കൊണ്ടും, അപ്‌ഡേറ്റ് ചെയ്തു കൊണ്ടുമിരിക്കും. അതാണ് റോബോട്ടിന്റെ യഥാര്‍ഥ സൗന്ദര്യം. അറിവ് എന്നന്നേക്കുമായി പരിധിയില്ലാതെ സംഭരിക്കാന്‍ ഈ റോബോട്ടിനു സാധിക്കും. ഏറ്റവും ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങളെ പോലും മറികടക്കാന്‍ ആളുകളെ സഹായിക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ റോബോട്ട് വിവേകത്തോടെ പെരുമാറുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ബുദ്ധമതത്തെ മാറ്റുകയാണ്-ഗോട്ടോ പറഞ്ഞു.

ആധുനിക സമൂഹം നല്‍കുന്നത് മറ്റ് പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ്. എന്നാല്‍ കഴിഞ്ഞ 2000 വര്‍ഷത്തോളമായി സമൂഹത്തിന്റെ ലക്ഷ്യത്തില്‍ വലിയ മാറ്റങ്ങളൊന്നും യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുമില്ല’ -മുഖ്യ പുരോഹിതനായ ഗോട്ടോ പറഞ്ഞു. ജപ്പാനിലെ പൊതുസമൂഹത്തില്‍ മതത്തിന്റെ സ്വാധീനം മാറ്റമില്ലാതെ തുടരുകയാണ്. പരമ്പരാഗത പുരോഹിതന്മാര്‍ക്കു പോലും സാധിക്കാത്തിടത്താണു മിന്‍ഡാര്‍ റോബോട്ട് യുവതലമുറയെ സ്വാധീനിക്കുന്നത്. ഒരു ക്ഷേത്രം സംസ്‌കാര ചടങ്ങുകള്‍ക്കോ, വിവാഹങ്ങള്‍ക്കോ ഉള്ള സ്ഥലമാണെന്നു ഭൂരിഭാഗം യുവാക്കളും കരുതുന്നു. എന്നാല്‍ അതു മാത്രമല്ല, ക്ഷേത്രത്തിന് മറ്റ് പ്രാധാന്യങ്ങളുമുണ്ടെന്നു യുവാക്കളെ പറഞ്ഞ് മനസിലാക്കാന്‍ പരമ്പരാഗത, പഴയ പുരോഹിതര്‍ക്കു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ പ്രത്യേകതകള്‍ യുവാക്കള്‍ക്കു പറഞ്ഞു മനസിലാക്കി കൊടുക്കുവാനുള്ള രസകരമായ മാര്‍ഗമാണ് റോബോട്ട്. ആളുകള്‍ റോബോട്ട് കാണുകയും ബുദ്ധമതത്തിന്റെ സത്തയെക്കുറിച്ചു ചിന്തിക്കുകയും ചെയ്യണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നു ബുദ്ധമത പുരോഹിതനായ ഗോട്ടോ പറയുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ മിന്‍ഡാര്‍ റോബോട്ടിനെ ക്ഷേത്രത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഒരു മുതിര്‍ന്ന മനുഷ്യന്റെ വലുപ്പത്തിലുള്ള റോബോട്ടിന് അതിന്റെ ഉടലും, കരങ്ങളും, തലയും ചലിപ്പിക്കാന്‍ നന്നായി സാധിക്കും. പ്രാര്‍ഥനയില്‍ കൈകോര്‍ത്തു പിടിച്ചു ശാന്തമായ സ്വരത്തില്‍ സംസാരിക്കാനും ഈ റോബോട്ടിന് അറിയാം. മനുഷ്യ ചര്‍മത്തിന്റെ തനിപ്പകര്‍പ്പ് പോലെ തോന്നിപ്പിക്കാന്‍ റോബോട്ടിന്റെ കരങ്ങള്‍, മുഖം, ഷോള്‍ഡര്‍ അഥവാ ചുമലുകള്‍ സിലിക്കോണ്‍ കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. ജപ്പാനും, ബുദ്ധമതവും റോബോട്ടുകളെയും കൃത്രിമബുദ്ധിയെയും സ്വീകരിക്കുന്നത് ഇതാദ്യമല്ല. 2017മുതല്‍, ജപ്പാനില്‍ ബുദ്ധമത സംസ്‌കാര ചടങ്ങുകളില്‍ മനുഷ്യ പുരോഹിതന്മാര്‍ക്കു ബദലായി കുറഞ്ഞ ചെലവില്‍ തിരുവെഴുത്തുകള്‍ വായിക്കാനും ചൊല്ലാനും പ്രോഗ്രാം ചെയ്ത പെപ്പര്‍ എന്ന റോബോട്ടിനെ ഉപയോഗിച്ചു വരുന്നുണ്ട്.

Comments

comments

Categories: Top Stories