സമ്പദ് വ്യവസ്ഥ 300 വര്‍ഷത്തെ മികച്ച സ്ഥിതിയില്‍: നാരായണ മൂര്‍ത്തി

സമ്പദ് വ്യവസ്ഥ 300 വര്‍ഷത്തെ മികച്ച സ്ഥിതിയില്‍: നാരായണ മൂര്‍ത്തി

രാജ്യം മാന്ദ്യത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ഇന്‍ഫോസിസ് മേധാവി

ഗോരഖ്പൂര്‍: വര്‍ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യ ആശങ്കകളെ ഖണ്ഡിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലവില്‍, കഴിഞ്ഞ 300 വര്‍ഷങ്ങളിലെ ഏറ്റവും മികച്ച വളര്‍ച്ചാതലത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയ്ക്ക് പട്ടിണിയെ തുടച്ചുമാറ്റാനാകുമെന്നും അത് ജനങ്ങള്‍ക്ക് ഭാവിയില്‍ മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുമെന്ന വിശ്വാസത്തിന് ശക്തിപകരുന്നതാണ് നിലവിലെ രാജ്യത്തെ സാഹചര്യങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം 6-7% വളര്‍ച്ച രാജ്യം കൈവരിക്കുന്നുണ്ട്. ഇന്ത്യ ആഗോള സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രമായി മാറുകയാണ്. വിദേശ കറന്‍സി ശേഖരം ചരിത്രത്തിലാദ്യമായി 29 ലക്ഷം കോടി രൂപ കടന്നെന്നും ഐടി വിദഗ്ധന്‍ പറഞ്ഞു.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിശ്വാസമാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്കുള്ളത്. വിദേശ പോര്‍ട്ട്്‌ഫോളിയോ നിക്ഷേപങ്ങളും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും മുന്‍പ് ഒരിക്കലുമില്ലാത്ത രീതിയിലാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യയിലെ കോടിപതികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണെന്നാണ് ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ പതാകയില്‍ പൊതിഞ്ഞ് മുദ്രാവാക്യം വിളിച്ചാല്‍ ദേശസ്‌നേഹമാവില്ല. ഓരോ പൗരനില്‍ നിന്നും അവന്റെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതാകണം ദേശസ്‌നേഹം. വിഭാഗീയതയും അഹംഭാവവും ഒഴിവാക്കി നമ്മുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ ദേശീയ താല്‍പ്പര്യങ്ങളെ പ്രതിഷ്ഠിക്കാനാവണമെന്നും മൂര്‍ത്തി പറഞ്ഞു.

Comments

comments

Categories: Business & Economy