ദുബായില്‍ ശക്തി വര്‍ധിപ്പിച്ച് ഇന്ത്യന്‍ കമ്പനികള്‍; 6 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2,208 കമ്പനികള്‍

ദുബായില്‍ ശക്തി വര്‍ധിപ്പിച്ച് ഇന്ത്യന്‍ കമ്പനികള്‍; 6 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2,208 കമ്പനികള്‍

ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനവ്

ദുബായ്: കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറുമാസങ്ങളില്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ അംഗങ്ങളായ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 2,208. 2019ന്റെ ആദ്യ ആറുമാസങ്ങളില്‍ ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനികളില്‍ 24.4 ശതമാനവും ഇന്ത്യന്‍ കമ്പനികളാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലഘട്ടത്തില്‍ ദുബായ് ചേംബറില്‍ അംഗങ്ങളായ കമ്പനികളുടെ എണ്ണത്തേക്കാളും 18 ശതമാനം അധികമാണ് ഇത്തവണ അംഗങ്ങളായ കമ്പനികളുടെ എണ്ണം.

ആകെ 38,704 ഇന്ത്യന്‍ കമ്പനികളാണ് ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദുബായ് വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് വേണ്ടി കഴിഞ്ഞ ആറ് മാസത്തിനിടെ മുംബൈയിലുള്ള ദുബായ് ചേംബര്‍ ഓഫീസ് 124 യോഗങ്ങള്‍ സംഘടിപ്പിച്ചതായും ദുബായ് ചേംബര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ദുബായ് ചേംബര്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യ-യുഎഇ ബന്ധത്തെ ശക്തിപ്പെടുത്തുന്ന രീതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട സംഭവവികാസങ്ങളാണ് ദുബായ് ചേംബറില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തിലുള്ള വര്‍ധനവില്‍ പ്രതിഫലിക്കുന്നതെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഹമദ് ബുആമിം പറഞ്ഞു. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി, എഐ, സ്മാര്‍ട്ട്‌സിറ്റി സൊലൂഷന്‍സ് തുടങ്ങി ദുബായ് കൂടുതലായി നിക്ഷേപം നടത്തുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 200 ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ദുബായിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുണ്ടെന്നും ബുആമിം വെളിപ്പെടുത്തി.

ദുബായുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 116 ബില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയ്ക്കും ദുബായ്ക്കുമിടയില്‍ 2018ല്‍ നടന്നത്. വിലപിടിപ്പുള്ള ലോഹങ്ങള്‍, മുത്തുകള്‍, ധാതു ഉല്‍പ്പന്നങ്ങള്‍, അടിസ്ഥാന ലോഹങ്ങള്‍ എന്നിവയായിരുന്നു അവയില്‍ മുഖ്യം.

ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രിക് മെഷീനുകള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ യുഎഇയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടെന്ന് ദുബായ് ചേംബര്‍ കഴിഞ്ഞിടെ നടത്തിയ വിശകലനത്തില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള അച്ചടിപ്പുസ്തകങ്ങള്‍, വ്യാജമല്ലാത്ത മുത്തുകള്‍, ധാന്യ വിഭവങ്ങള്‍, ചവിട്ടികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കും ഭാവിയില്‍ യുഎഇയില്‍ ആവശ്യകതയേറുമെന്നാണ് കരുതപ്പെടുന്നത്.

യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും സഹകരണത്തിനുള്ള പുതിയ അവസരങ്ങള്‍ കണ്ടെത്താനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് മോദിയുടെ മൂന്നാമത്തെ യുഎഇ സന്ദര്‍ശനം നല്‍കുന്ന സന്ദേശമെന്നും ബുആമിം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia