വളര്‍ച്ചാ വേഗം കുറഞ്ഞിട്ടില്ല ഇന്ത്യ ഇപ്പോഴും ഒന്നാമത്

വളര്‍ച്ചാ വേഗം കുറഞ്ഞിട്ടില്ല ഇന്ത്യ ഇപ്പോഴും ഒന്നാമത്
  • എഫ്പിഐകള്‍ക്ക് മേലുള്ള അധിക സര്‍ചാര്‍ജ് പിന്‍വലിച്ചു
  • സിഎസ്ആര്‍ ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ല
  • ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് താഴ്ത്താന്‍ നടപടി

ന്യൂഡെല്‍ഹി: ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി തുടരുകയാണെന്നും വളര്‍ച്ചാ മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അമേരിക്കയും ചൈനയുമടക്കം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ചാ നിരക്കില്‍ ഏറ്റവും പിന്നിലാണെന്ന് ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി കണക്കുകള്‍ സഹിതം സമര്‍ത്ഥിച്ചു. 2014 ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒരു മുടക്കവും കൂടാതെ സര്‍ക്കാര്‍ തുടരുകയാണ്. സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണ് സാമ്പത്തിക പരിഷ്‌കാരമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് പോവുകയാണെന്നും സാമ്പത്തിക ഉത്തേജന പദ്ധതി ആവശ്യമാണെന്നുമുള്ള വാദത്തിനിടെ വിവിധ ആശ്വാസ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് മേല്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക സര്‍ചാര്‍ജ് പിന്‍വലിച്ചു. വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നെന്ന പരാതി ശക്തമായതിനെ തുടര്‍ന്നാണിത്. നികുതി ഭീകരത അവസാനിപ്പിക്കാനും നടപടികള്‍ പ്രഖ്യാപിച്ചു. എല്ലാ ആദായ നികുതി നോട്ടീസുകളും മൂന്ന് മാസത്തിനകം തീര്‍പ്പാക്കും. ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ആദായ നികുതി സംബന്ധിച്ച എല്ലാ നോട്ടീസുകളും സമന്‍സുകളും ഉത്തരവുകളും കേന്ദ്രീകൃത കംപ്യൂട്ടര്‍ സംവിധാനം മുഖേനയായിരിക്കും നല്‍കുക. പക്ഷപാത രഹിതമായുള്ള പ്രവര്‍ത്തനം ഇതിലൂടെ ഉറപ്പാക്കും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പരിപാടിയിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നും സിവില്‍ പ്രശ്‌നമായി കാണുമെന്നും മന്ത്രി വ്യക്തമാക്കി.

  1. ഡിപിഐഐടി മുഖേന രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് എയ്ഞ്ചല്‍ ടാക്‌സ് ഈടാക്കില്ല
  2. ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് താഴ്ത്തും. ആര്‍ബിഐയുടെ ഓരോ നിരക്ക് താഴ്ത്തലിന്റെയും ഗുണഫലം ഉടനടി എംസിഎല്‍ആര്‍ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തീരുമാനിച്ചെന്ന് ധനമന്ത്രി പറഞ്ഞു.
  3. റിപ്പോ റേറ്റുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ട വായ്പകള്‍ ബാങ്കുകള്‍ അവതരിപ്പിക്കും
  4. പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടിയുടെ സാമ്പത്തിക സഹായം
  5. ജിഎസ്ടി കൂടുതല്‍ ലളിതവല്‍ക്കരിക്കും; എംഎസ്എംഇകള്‍ക്കുള്ള എല്ലാ ജിഎസ്ടി റീഫണ്ടുകളും 30 ദിവസത്തിനകം കൊടുത്തു തീര്‍ക്കും
  6. വായ്പ തിരിച്ചടച്ച് 15 ദിവസത്തിനകം ഈടിന് നല്‍കിയ രേഖകള്‍ ഉപഭോക്താവിന് തിരിച്ചുനല്‍കും; എംഎസ്എംഇ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കും
Categories: FK News, Slider