മോണ്ടിസോറി മികവില്‍ ഡോള്‍ഫിന്‍സിലെ ടീച്ചറാന്റിയും കുട്ട്യോളും

മോണ്ടിസോറി മികവില്‍ ഡോള്‍ഫിന്‍സിലെ ടീച്ചറാന്റിയും കുട്ട്യോളും

അണുകുടുംബങ്ങളിലെ ജോലിക്കാരായ മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടില്‍ ആളില്ലാത്തത്. ഡേ കെയര്‍ സെന്ററുകള്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകുന്നുണ്ടെങ്കിലും പലപ്പോഴും ഡേ കെയര്‍ സെന്ററുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ ഈ ചോദ്യം ചെയ്യലുകള്‍ക്കപ്പുറം മാതാപിതാക്കളുടെ വിശ്വാസ്യതയും സ്‌നേഹവും ആര്‍ജിച്ച സ്ഥാപനമാണ് കൊച്ചി , കാക്കനാടിനടുത്തുള്ള ഇടച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍സ് പ്രീ സ്‌കൂള്‍. ആറ് മാസം മുതല്‍ പ്രായം വരുന്ന ഏതൊരു കുഞ്ഞിനേയും വിശ്വസിച്ചേല്‍പ്പിക്കാവുന്ന ഇടമായി തന്റെ സ്ഥാപനത്തെ മാറ്റിയത് അധ്യാപികയായിരുന്ന മാലിനി അരുണ്‍ മേനോന്‍ ആണ്. മോണ്ടിസോറി വിദ്യാഭ്യാസ രീതി പിന്തുടരുന്ന മാലിനി ,കുട്ടികളുടെ മാനസികവും കായികവും ബൗദ്ധികവുമായ വികസനത്തെ മുന്‍നിര്‍ത്തിയാണ് ഡോള്‍ഫിന്‍സിലെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ 200 ല്‍ പരം കുട്ടികളും 13 അധ്യാപകരും 15 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടുന്ന ഡോള്‍ഫിന്‍സിന്റെ അമരത്ത് ഏറെ സന്തുഷ്ടയാണ് മാലിനി. ”ബിസിനസ് കണ്ണോട് കൂടി മാത്രം കിന്റര്‍ ഗാര്‍ട്ടണ്‍ സെന്ററുകളും ഡേ കെയറുകളും ആരംഭിക്കാതിരിക്കുക, യഥാര്‍ത്ഥ പാഷനോടെ ആരംഭിച്ചാല്‍ തീര്‍ച്ചയായും ഈ മേഖലയില്‍ മികച്ച വിജയം നേടാന്‍ നമുക്കാകും”. കേവലം രണ്ട് കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച് 200 നു മുകളില്‍ കുട്ടികളെ ഉള്‍ക്കൊള്ളുന്ന ഡോള്‍ഫിന്‍സിന്റെ വിജയരഹസ്യം മാലിനി പങ്കുവയ്ക്കുന്നു…

വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെന്നൈ ജീവിതത്തിനുശേഷം 2013 ല്‍ കുടുംബവുമായി കൊച്ചിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ മാലിനി അരുണ്‍ മേനോന്‍ എന്ന അധ്യാപികയുടെ മനസ് ശൂന്യമായിരുന്നു. കൊച്ചി തന്റെ ജന്മസ്ഥലമാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടം വിട്ട മാലിനിക്ക് കൊച്ചിയുടെ നിലവിലെ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് അറിയില്ല. ഐടി മേഖലയില്‍ ജോലിയുള്ള ഭര്‍ത്താവ് അരുണ്‍ മേനോന്റെ ജോലി മാറ്റത്തിന്റെ ഭാഗമായാണ് മാലിനി കൊച്ചിയില്‍ തിരികെയെത്തുന്നത്. നീണ്ട പത്ത് വര്‍ഷകാലം അധ്യാപികയായി ജോലി നോക്കിയിരുന്ന മാലിനിക്ക് വെറുതെ വീട്ടമ്മയുടെ റോളില്‍ ഒതുങ്ങിക്കൂടുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. ഭര്‍ത്താവ് ഓഫീസിലേക്കും മക്കളായ ആദിത്യയും അമൃതയും സ്‌കൂളിലേക്കും പോയശേഷം കാക്കനാട് ഇടച്ചിറയിലുള്ള ഫ്‌ലാറ്റില്‍ അനുഭവപ്പെടുന്ന ഏകാന്തതക്ക് ഒരു പരിഹാരം എന്ന നിലക്കാണ് മാലിനി ഒരു ജോലി അന്വേഷിച്ചു തുടങ്ങിയത്. തുടക്കത്തില്‍ പാര്‍ട്ട്‌ടൈം അധ്യാപികയുടെ പോസ്റ്റിലേക്കാണ് അപേക്ഷിച്ചത്. നിരവധി സ്‌കൂളുകള്‍ കയറിയിറങ്ങി അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആരും തന്നെ പാര്‍ട്ട്‌ടൈം അധ്യാപകരെ ജോലിക്ക് വയ്ക്കുവാന്‍ താല്‍പര്യം കാണിച്ചില്ല.

അങ്ങനെയിരിക്കെയാണ് താന്‍ താമസിക്കുന്ന കാക്കനാട് ഇടച്ചിറ ഭാഗത്ത് നല്ലൊരു പ്രീ സ്‌കൂള്‍ ഇല്ല എന്ന ഭര്‍ത്താവ് അരുണിന്റെ വാക്കുകള്‍ മാലിനിയെ സ്വാധീനിക്കുന്നത്. ഇന്‍ഫോപാര്‍ക്കിന്റെ സാന്നിധ്യമുള്ളതിനാല്‍ നിരവധി അവിടെ ഒരു പ്രീ സ്‌കൂള്‍ ആരംഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഗുണകരമാകുമെന്ന് മാലിനിക്ക് തോന്നി. കാരണം ജോലിക്ക് വരുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ പ്രീ സ്‌കൂളില്‍ വിടാനും തിരികെ പോകുമ്പോള്‍ വിളിച്ചുകൊണ്ട് പോകാനുമുള്ള എളുപ്പമാണ് മാലിനി പരിഗണിച്ചത്. പിന്നെ അധികം വൈകാതെ തന്നെ തന്റെ മനസ്സില്‍ തോന്നിയ ആശയം അരുണുമായി മാലിനി പങ്കുവച്ചു. മാലിനിയുടെ സ്വപ്നങ്ങള്‍ക്ക് എന്നും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള അരുണ്‍ ഇക്കാര്യത്തിലും കൂടെ നിന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല, ജോലിക്കായുള്ള അന്വേഷണം പാതി വഴിയില്‍ ഉപേക്ഷിച്ചു.തന്റെ കൈവശമുള്ള മോണ്ടിസോറി പഠനരീതി ഒന്നുകൂടി അപ്‌ഡേറ്റ് ചെയ്തു. വല്യ മാര്‍ക്കറ്റിംഗ് , ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ ഒന്നും കൂടാതെ ഇടക്കച്ചിറയില്‍ ഒരു കെട്ടിടം വാടകക്കെടുത്ത് ഡോള്‍ഫിന്‍സ് പ്രീ സ്‌കൂളിന് തുടക്കം കുറിച്ചു.

തുടക്കത്തില്‍ കേവലം രണ്ട് കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ക്ക് അധ്യാപികയും ആന്റിയും കളിക്കൂട്ടും ഒക്കെയായി കൂടെയുണ്ടായിരുന്നത് മാലിനിയും. 2013 ഒക്ടോബര്‍ 14, വിജയ ദശമി ദിനത്തിലാണ് മാലിനി ഡോള്‍ഫിന്‍സിന് തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ പ്രീ സ്‌കൂള്‍ സൗകര്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്‍കെജി, യുകെജി വിഭാഗങ്ങള്‍ കൂടി ആരംഭിക്കുകയായിരുന്നു. എല്‍കെജി, യുകെജി ക്ലാസ്സുകള്‍ കൂടി ആരംഭിച്ചപ്പോഴാണ് കൂടുതല്‍ സൗകര്യമുള്ള ഒരു കെട്ടിടത്തിലേക്ക് സ്ഥാപനം മാറുന്നത്.

മോണ്ടിസോറി ; സമാനതകളില്ലാത്ത പാഠ്യരീതി

മോണ്ടിസോറി വിദ്യാഭ്യാസ രീതിയിലുള്ള കിന്റര്‍ഗര്‍ട്ടന്‍, പ്രീ സ്‌കൂള്‍ എന്നിവയോടൊപ്പം ഡേ കെയര്‍ സെന്റര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഡോള്‍ഫിന്‍സ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് പ്രീ സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി മോണ്ടിസോറി പാഠ്യരീതി പിന്തുടരുന്നു എന്നതാണ് ഡോള്‍ഫിന്‍സിനെ വ്യത്യസ്തമാക്കുന്നത്. വെറുതെ പുസ്തകത്തിലുള്ള കാര്യങ്ങള്‍ മാത്രം പഠിപ്പിച്ചെടുക്കാതെ ടച്ച് ആന്‍ഡ് ഫീല്‍ രീതിയില്‍ കാര്യങ്ങള്‍ കണ്ടറിഞ്ഞു പഠിപ്പിക്കുകയാണ് ഈ വിദ്യാഭ്യാസ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളെ പോലെ എപ്പോഴും അഴകോടെ ചിരിക്കുന്ന ജീവജാലമായ ഡോള്‍ഫിന്റെ പേര് തന്നെ സ്‌കൂളിനും മാലിനി തിരഞ്ഞെടുക്കുകയായിരുന്നു. പ്രവര്‍ത്തനമാരംഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 65 കെജിപ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, 40 ഓളം ഡേ കെയര്‍ കുട്ടികളും ഡോള്‍ഫിന്‍സിന്റെ ഭാഗമായി. നീണ്ട ആറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ , നിലവില്‍ 200 ല്‍ പരം കുട്ടികളും 13 അധ്യാപകരും 16 ഹെല്‍പ്പര്‍മാര്‍ക്കും സ്ഥാപനത്തിലുണ്ട്. എല്‍കെജി , യുകെജി കഌസുകള്‍ 5 സെക്ഷനുകളായാണ് ഉള്ളത്. 20 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും ഒരു അസിസ്റ്റന്റ് ടീച്ചറും രണ്ട് ഹെല്‍പ്പര്‍ ആന്റിമാരുമാണ് ഒരു കഌസിലുള്ളത്.

കുട്ടികള്‍ മാതാപിതാക്കളെ പിരിഞ്ഞു നില്‍ക്കുമ്പോള്‍ വാശിപിടിച്ചു കരയുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരത്തിലൊരു കാഴ്ച ഡോള്‍ഫിന്‍സില്‍ കാണാനാവില്ല. ആദ്യമായി സ്‌കൂളില്‍ വരുമ്പോള്‍ കരയുന്ന കുട്ടിയെ ശാസിച്ചു ക്ലാസ്സില്‍ കയറ്റുന്നതിന് പകരം അവരെ കളിയ്ക്കാന്‍ വിടുകയാണ് മാലിനിയുടെ പതിവ്. മുറ്റത്ത് ഒരുക്കിയിട്ടുള്ള പ്ലേ ഏരിയയില്‍ അവര്‍ക്ക് മതി വരുവോളം കളിക്കാം. കുട്ടികള്‍ക്ക് എന്ത് സഹായത്തിനും ഒരു ആന്റി എപ്പോഴും കൂടെ കാണും. കുട്ടികള്‍ എന്നാണോ സ്വമേധയാ കഌസിലേക്ക് കയറാന്‍ തയ്യാറാകുന്നത്, അന്ന് വരെ ഈ നിലക്ക് പോകും. എന്നാല്‍ അധ്യാപകരോട് ചങ്ങാത്തം കൂടി കുഞ്ഞുങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കഌസില്‍ കയറാനാണ് പതിവ്. മോണ്ടിസ്സോറി ഉപകരണങ്ങളുമായി അധ്യാപകര്‍ പതുക്കെ മുറ്റത്തേക്ക് ചെന്നിട്ട് കളിയിലൂടെ കുട്ടികളെ പഠനത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.മോണ്ടിസോറി പാഠ്യരീതി കുട്ടികളില്‍ കൗതുകം ജനിപ്പിക്കുന്നു. ഇത്തരത്തില്‍ മോണ്ടിസോറി ഉപകരണങ്ങള്‍ കണ്ട കുട്ടികള്‍ കൗതുകം അടക്കാന്‍ പറ്റാതെ അത് എന്താണ് എന്ന് ചോദിക്കുന്നു. ഈ ചോദ്യം കേള്‍ക്കേണ്ട താമസം അധ്യാപകര്‍ മോണ്ടിസ്സോറി ടൂള്‍സ് വഴി കുട്ടികളെ ക്ലാസിലേക്ക് കയറ്റും.

”മികച്ച അധ്യാപകരെയും വാത്സല്യവും അര്‍പ്പണ മനോഭാവുമുള്ള ഹെല്‍പ്പര്‍ ആന്റിമാരെയും കിട്ടുക എന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം. കാരണം ഞാന്‍ പിന്തുടരുന്ന മോണ്ടിസോറി രീതിക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നവരാകണം അവര്‍. അതിനാല്‍ ചേരുന്ന ആളുകളെ കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇത്തരത്തില്‍ തെരെഞ്ഞെടുത്ത ആളുകള്‍ക്ക് പൂര്‍ണമായ പരിശീലനം നല്‍കിയശേഷമാണ് ജോലിക്കായി നിയമിക്കുന്നത്. നിലവില്‍ ഇവിടെയുള്ള അധ്യാപകരും ആന്റിമാരും കുട്ടികളെ ഏറെ സ്‌നേഹിക്കുന്നവരും അവരുടെ താല്‍പര്യങ്ങള്‍ക്കൊത്ത് നില്‍ക്കുന്നവരുമാണ്. എന്റെ സ്ഥാപനത്തിന്റെ കരുത്തും അത് തന്നെയാണ്” മാലിനി അരുണ്‍ മേനോന്‍ പറയുന്നു.

മാതാപിതാക്കളുടെ സംതൃപ്തി പ്രധാനം

ഒരു ഡേ കെയര്‍ അല്ലെങ്കില്‍ പ്രീ സ്‌കൂള്‍ നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ലെന്നാണ് മാലിനിയുടെ പക്ഷം. കുട്ടികള്‍ എത്ര സന്തോഷത്തോടെയിരുന്നാലും മാതാപിതാക്കള്‍ സന്തുഷ്ടരാകണമെന്നില്ല. കുഞ്ഞുങ്ങള്‍ അവരുടെ അടുത്തില്ല എന്നത് തന്നെയാണ് പ്രധാന കാര്യം. ഈയവസരത്തില്‍ കുറച്ച് കൂടി മാനസീകപരമായ സമീപനമാണ് ആവശ്യം. കുട്ടികളുടെ ആക്ടിവിറ്റികള്‍ മാതാപിതാക്കള്‍ക്ക് കാണിച്ച് കൊടുക്കുന്നതിനായി സിസിടിവി സൗകര്യങ്ങള്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ എന്നിവ മാലിനി പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഏത് സമയത്തും ഈ ആവശ്യവുമായി ബന്ധപ്പെട്ട് മാലിനി ഓണ്‍ലൈനിലുണ്ടായിരിക്കും. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ലൈവ് ചിത്രങ്ങളോ , വീഡിയോകളോ എന്തും ആവശ്യപ്പെടാം. മാലിനി അത് അയച്ചു കൊടുക്കുന്നു. ഭക്ഷണ കാര്യത്തിലും ആരോഗ്യകാര്യത്തിലും പ്രത്യേക ശ്രദ്ധയും പുലര്‍ത്തുന്നു.

കുട്ടികള്‍ക്കായി ഇന്‍ഡോര്‍ , ഔട്ട്‌ഡോര്‍ കളിസ്ഥലങ്ങള്‍, എക്കോ ഫ്രണ്ട്‌ലി കളിപ്പാട്ടങ്ങള്‍, ബുദ്ധിയും മാനസികമായ വളര്‍ച്ചയും ഉറപ്പ് പറയുന്ന കളികള്‍ എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു. കുഞ്ഞു കളികളും പാട്ടും ഡാന്‍സും ഒക്കെയായി കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും മടുപ്പുണ്ടാകാത്ത തരത്തിലാണ് ഡോള്‍ഫിന്‍സിലെ ഓരോ ദിവസവും കടന്നു പോകുന്നത്. വിദ്യാഭ്യാസം കച്ചവടമല്ല എന്ന് വിശ്വസിക്കുന്ന മാലിനി, തന്റെ കന്നി സംരംഭത്തിലും ഒരു നല്ല മോണ്ടിസ്സോറി സ്‌കൂളിന് വേണ്ട എല്ലാ സൗകര്യങ്ങളും ഡോള്‍ഫിന്‍സില്‍ ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് ഒരുക്കിയിട്ടുള്ള വിവിധതരം സ്ലൈഡുകളും റൈഡുകളും കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മാലിനി പ്രത്യേകമായി പറഞ്ഞു ചെയ്യിപ്പിച്ചതാണ് . മോണ്ടിസ്സോറി ഉപകരണങ്ങള്‍ ബാംഗ്ലൂര്‍ ക്രെഡോളജിയില്‍ നിന്ന് പ്രത്യേകമായി വരുത്തിയതാണ്. വാടകക്കെട്ടിടത്തില്‍ നിന്നും മാറി, മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതോടെ കൂടുതല്‍ ഊര്‍ജ്ജത്തിലും ആവേശത്തിലുമാണ് ഡോള്‍ഫിന്‍സിന്റെ പ്രവര്‍ത്തനം.രാവിലെ 9.30 മുതല്‍ 12.20 വരെയാണ് ക്ലാസുകള്‍. വൈകുന്നേരം 6.30 വരെ ഡേ കെയര്‍ പ്രവര്‍ത്തിക്കും. ബാഗ്, ബുക്‌സ് എന്നിവ ഉള്‍പ്പടെ എല്ലാം സ്‌ക്കൂളില്‍ നിന്ന് തന്നെ കൊടുക്കും. ഇതുകൂടാതെ കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയാന്‍ 3 മാസം കൂടുമ്പോള്‍ പി.ടി.എ മീറ്റിങ്ങും ഉണ്ട്. സ്‌പോക്കണ്‍ ഇംഗ്‌ളീഷ് പരിശീലനത്തിനായി പ്രത്യേക ആപ്പ്, ഫാം വിസിറ്റ് എന്നിവയെല്ലാം ഡോള്‍ഫിന്‍സിന്റെ പ്രത്യേകതയാണ്.

ബിസിനസ് മൈന്‍ഡ് അല്ല പാഷനാണ് പ്രധാനം

ഡേ കെയറുകളും പ്രീ സ്‌കൂളുകളും കൂണ് പോലെ മുളച്ചു പൊന്തുന്ന ഈ കലഘട്ടത്തില്‍ മികച്ച ഒരു സ്ഥാപനം വാര്‍ത്തെടുക്കുക എന്നത് ഏറെ ശ്രമകരമാണ്. ” ബിസിനസ് മൈന്‍ഡോടെ മാത്രം വിദ്യാഭ്യസ മേഖലയിലേക്ക് എത്തരുത്,ആദ്യ സംരംഭം വിജയിച്ച ഉടനെ ഫ്രാഞ്ചൈസികള്‍ തുടങ്ങി വരുമാനം നേടാം എന്ന ചിന്ത വേണ്ട ,കുട്ടികളെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മാതാപിതാക്കളെ കൈകാര്യം ചെയ്യുക എന്നതും , മികച്ച , വിശ്വാസമുള്ള ആളുകളെ ജോലിക്കായി വയ്ക്കുക” താന്‍ വിജയം നേടിയ മേഖലയിലേക്ക് കടന്ന് വരാനാഗ്രഹിക്കുന്ന സംരംഭകരോട് മാലിനിക്ക് പറയാനുള്ളത് ഇതാണ്.”

ഭാവി പദ്ധതികള്‍

കൂടുതല്‍ മികവോടെ സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാന്‍ പദ്ധതിയിടുന്നു മാലിനി അരുണ്‍ മേനോന്റെ അജണ്ടയില്‍ ആദ്യമുള്ളത് ഡോള്‍ഫിന്‍സിനെ അഞ്ചാം തരാം വരെയുള്ള ഒരു സ്‌കൂള്‍ ആക്കിമാറ്റുക എന്ന ലക്ഷ്യമാണ്. ഐടി മേഖലയില്‍ നിന്നും ജോലി രാജിവച്ച ഭര്‍ത്താവ് അരുണ്‍ മേനോനും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മാലിനിക്കൊപ്പമുണ്ട്. നിരവധിയാളുകള്‍ ഫ്രാഞ്ചൈസി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗുണമേന്മ കുറയുമോ എന്ന ഭയത്താല്‍ അത്തരം ഒരു നീക്കത്തിന് മാലിനി തയ്യാറല്ല.

Categories: FK Special, Slider