40,000 ഓളം വാഗണ്‍ആര്‍ തിരിച്ചുവിളിച്ചു

40,000 ഓളം വാഗണ്‍ആര്‍ തിരിച്ചുവിളിച്ചു

2018 നവംബര്‍ 15 നും 2019 ഓഗസ്റ്റ് 12 നുമിടയില്‍ നിര്‍മ്മിച്ച 40,618 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഇന്ധന ഹോസും ലോഹ ക്ലാമ്പും തമ്മില്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത പരിശോധിക്കും

ന്യൂഡെല്‍ഹി : നാല്‍പ്പതിനായിരത്തോളം വാഗണ്‍ആര്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. 2018 നവംബര്‍ 15 നും 2019 ഓഗസ്റ്റ് 12 നുമിടയില്‍ നിര്‍മ്മിച്ച 40,618 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണിത്. ഇന്ധന ഹോസും ലോഹ ക്ലാമ്പും തമ്മില്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത പരിശോധിക്കുന്നതിനാണ് തിരിച്ചുവിളി. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന വാഗണ്‍ആര്‍ വാഹനങ്ങള്‍ക്ക് കുഴപ്പമില്ല.

തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ഇന്ന് മുതല്‍ മാരുതി സുസുകി ഡീലര്‍മാര്‍ ബന്ധപ്പെട്ടുതുടങ്ങും. പരിശോധന നടത്തി പാര്‍ട്‌സ് മാറ്റിസ്ഥാപിക്കും. റീപ്ലേസ്‌മെന്റ് സൗജന്യമായിരിക്കുമെന്ന് മാരുതി സുസുകി ഇന്ത്യ അറിയിച്ചു. മാരുതി സുസുകി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വാഗണ്‍ആര്‍ ഉടമകള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഹാച്ച്ബാക്കിന്റെ ഷാസി നമ്പര്‍ നല്‍കിയാല്‍ മതി.

ഈ വര്‍ഷം ജനുവരി 23 നാണ് പുതിയ വാഗണ്‍ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍. 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമാണ് ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവ രണ്ട് എന്‍ജിനുകളുടെയും ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ്. ടാറ്റ ടിയാഗോ, ഹ്യുണ്ടായ് സാന്‍ട്രോ, ഡാറ്റ്‌സണ്‍ ഗോ എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto
Tags: Wagon R