പശ്ചിമേഷ്യയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് വിസ്താര; പ്രീമിയം ഇക്കണോമി ക്ലാസിലൂടെ യുഎഇ വിമാനക്കമ്പനികളെ പിന്നിലാക്കുമെന്ന് സിഇഒ

പശ്ചിമേഷ്യയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് വിസ്താര; പ്രീമിയം ഇക്കണോമി ക്ലാസിലൂടെ യുഎഇ വിമാനക്കമ്പനികളെ പിന്നിലാക്കുമെന്ന് സിഇഒ

മുംബൈ-ദുബായ് പാതയിലുള്ള വിസ്താരയുടെ ആദ്യ ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചു

ദുബായ്: ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാനകമ്പനികളില്‍ ഒന്നാമതെത്താനുള്ള ശ്രമവുമായി ഇന്ത്യന്‍ കമ്പനിയായ വിസ്താര. ലോകോത്തര നിലവാരത്തിലുള്ള പ്രീമിയം ഇക്കണോമി ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കി മുന്‍നിര യുഎഇ എയര്‍ലൈനുകളെ കടത്തിവെട്ടുകയാണ് വിസ്താരയുടെ ലക്ഷ്യം. മുംബൈയില്‍ നിന്നും ദുബായിലേക്കുള്ള വിസ്താരയുടെ നേരിട്ടുള്ള ആദ്യ സര്‍വീസ് ബുധനാഴ്ച ആരംഭിച്ചിരുന്നു.

ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ പ്രീമിയം ഇക്കണോമി സേവനം ലഭ്യമാക്കുന്ന ഏക വിമാനസര്‍വീസ് കൂടിയാണ് വിസ്താര. വിമാനങ്ങളില്‍ ഇക്കണോമി ക്ലാസിനും ബിസിനസ് ക്ലാസിനും ഇടയിലുള്ള ടിക്കറ്റ് നിരക്കും മറ്റ് യാത്രാസൗകര്യങ്ങളും ലഭ്യമാക്കുന്ന സീറ്റ് വിഭാഗമാണ് പ്രീമിയം ഇക്കണോമി അഥവാ എലൈറ്റ് ഇക്കണോമി ക്ലാസ് എന്നറിയപ്പെടുന്നത്. ഇന്ത്യ-യുഎഇ പാതയില്‍ പ്രീമിയം നിലവാരത്തിലുള്ള അനുഭവം ലഭ്യമാക്കുന്ന ഇന്ത്യന്‍ വിമാനക്കമ്പനിക്കുള്ള ആവശ്യകത ശക്തമാണെന്നും വിസ്താര ജനങ്ങളുടെ കമ്പനിയായിരിക്കുമെന്നും അറേബ്യന്‍ ബിസിനസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിസ്താര സിഇഒ ലെസ്ലീ തംഗ് വ്യക്തമാക്കി. .

വ്യോമഗതാഗത രംഗത്ത് ദീര്‍ഘകാലമായി തുടര്‍ന്ന് പോന്നിരുന്ന പതിവുകളെ വെല്ലുവിളിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിമാനയാത്രയെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ മാറ്റിമറിച്ചെന്നും തംഗ് അവകാശപ്പെട്ടു. അന്താരാഷ്ട്ര സര്‍വീസുകളിലും ഈ സമീപനത്തില്‍ മാറ്റമുണ്ടാകുകയില്ലെന്നും പശ്ചിമേഷ്യയിലും ഇതേ സമീപനം തുടരുമെന്നും തംഗ് പറഞ്ഞു.

ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ചയ്ക്ക് ശേഷം യുഎഇയിലേക്കും പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലേക്കും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക വിമാനക്കമ്പനി എയര്‍ ഇന്ത്യ മാത്രമായിരുന്നു. മുംബൈ-ദുബായ് സര്‍വീസോടെ വിസ്താരയും ഈ കൂട്ടത്തില്‍ അംഗമായി.
ഇന്ത്യ-ദുബായ് പാതയിലുള്ള വര്‍ധിച്ച യാത്രാതിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ വിസ്താരയുടെ പുതിയ സര്‍വീസിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ യാത്രികരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ദുബായ്. ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര സര്‍വീസുകളില്‍ 50 ശതമാനവും ഗള്‍ഫ് മേഖലയിലേക്കുള്ളവയാണെന്നാണ് യാത്രക്കാരുടെ കണക്കുകള്‍ സംബന്ധിച്ച ഡാറ്റ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര പശ്ചിമേഷ്യയിലെ വികസന പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. യുഎഇയെ കൂടാതെ പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലും വിസ്താരയുടെ പുതിയ സര്‍വീസുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് തംഗ് വ്യക്തമാക്കി.

ഇന്ത്യ-യുഎഇ പാതയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് തുടരുമെന്നും സമാനതകളില്ലാത്ത സേവനവും യാത്രാനുഭവവും നല്‍കുന്ന, ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിമാനക്കമ്പനിയെന്ന നിലയില്‍ ഇന്ത്യ-യുഎഇ പാതയില്‍ വിസ്താരയ്ക്ക് വലിയ സാധ്യതകളാണ് ഉള്ളതെന്ന് തംഗ് പറഞ്ഞു.

പശ്ചിമേഷ്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും ഇന്ത്യയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി കരാറുകള്‍, വിമാനങ്ങളുടെയും സ്ലോട്ടുകളുടെയും ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും യുഎഇയിലും പശ്ചിമേഷ്യയുടെ മറ്റ് മേഖലകളിലും കമ്പനി വികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് തംഗ് വ്യക്തമാക്കി. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വിസ്താര വളരെയധികം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 മാര്‍ച്ചോടെ ആകെ സര്‍വീസുകളുടെ എണ്ണം 40 ആയി ഉയര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം.

രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പദ്ധതിയിടുന്ന വിസ്താര ചില മേഖലകളില്‍ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കൂടുതല്‍ കോഡ് ഷെയര്‍ കരാറുകളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇന്ത്യയിലും രാജ്യത്തിന് പുറത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ ലോകമെങ്ങുമുള്ള സമാനചിന്താഗതിയുള്ള കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് നിലവിലെ ഉപഭോക്താക്കള്‍ക്കും ലോകത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ക്കും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്ന് തംഗ് അറിയിച്ചു.

ജെറ്റിന്റെ തകര്‍ച്ചയോടെ ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജെറ്റിന്റെ ക്വാട്ടയിലുള്ള സീറ്റുകള്‍ ഇന്ത്യയിലെ മറ്റ് വിമാനക്കമ്പനികള്‍ക്ക് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുക്കുകയും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഈ അവസരം വിനിയോഗിച്ച് കൊണ്ട് കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ഗള്‍ഫ് നഗരങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Arabia
Tags: Visthara