അതിശയോക്തി കലര്‍ന്ന ട്രംപ് നയതന്ത്രത്തിനു പിന്നില്‍

അതിശയോക്തി കലര്‍ന്ന ട്രംപ് നയതന്ത്രത്തിനു പിന്നില്‍

കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച മാത്രമേ ഉണ്ടാവുകയുള്ളെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടും വിഷയത്തില്‍ മധ്യസ്ഥന്‍ ചമയാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ച് പ്രകടമാക്കുകയാണ്. പതിവ് പൊങ്ങച്ച പ്രഭാഷണത്തിനും അനാവശ്യ വിഷയങ്ങളില്‍ തലയിടാനുള്ള സ്ഥിരം സ്വഭാവത്തിനുമപ്പുറം ഇത്തവണത്തെ ട്രംപിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ പാരവശ്യവും ദൃശ്യമാണ്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള വാഗ്ദാനം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. അതിന് പാകിസ്ഥാന്റെ സഹായം കൂടിയേ കഴിയൂ

തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക് നയിക്കുകയും എല്ലാ വഴക്കങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ദുരവസ്ഥയിലേക്ക് സാഹചര്യങ്ങളെ എത്തിക്കാതെ നോക്കുന്ന ന്യൂനോക്തിയുടെ കലയാണ് നയതന്ത്രം എന്ന, സാര്‍വത്രികമായി ഉരുവിട്ടുവരുന്ന മന്ത്രത്തെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വഴക്കമുണ്ടായിരിക്കുകയെന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ കാപട്യമുണ്ടായിരിക്കുകയെന്ന് അര്‍ത്ഥമില്ല. നയതന്ത്ര ബന്ധങ്ങളില്‍ പൊടുന്നനെയുള്ള വൈകാരിക പ്രതികരണങ്ങള്‍ അപകടകരമാണ്. പ്രത്യേകിച്ച്, അത് സൈനിക വിലപേശലില്‍ നിന്നും വേര്‍തിരിച്ച് കാണാനാവാത്ത രീതിയില്‍ അതിശയോക്തിപരമായ പ്രകടനങ്ങളാല്‍ പൊതിഞ്ഞ നയതന്ത്ര സമ്മര്‍ദ്ദമാണെങ്കില്‍.

നിഷ്ഠൂരമായുള്ള തുറന്നടിക്കലുകള്‍ക്ക് വിദേശ നയത്തില്‍ സ്ഥാനമുണ്ടെന്നത് ശരിയാണ്. എന്നാല്‍ പ്രതികരണം ഒരു പ്രത്യേക സാഹചര്യത്തെ അനുകൂലമാക്കാന്‍ അവലംബിച്ച വ്യാജമായ ഒന്നാണ് എന്ന സന്ദേഹത്തിനിടയാക്കരുത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കന്നി യുഎസ് സന്ദര്‍ശനത്തിലും പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയിലും ഇവയെല്ലാം സംഭവിച്ചു. ഇന്ത്യയുടെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ നയങ്ങളിലും ഇസ്ലാമിക തീവ്രവാദത്തില്‍ വേരൂന്നിയ പുതിയ ഭീകരവാദത്തോടുള്ള സമീപനത്തിലും നിര്‍ണായകമായതിനാല്‍ യുഎസ്-പാക്കിസ്ഥാന്‍ ചര്‍ച്ചകളുടെ സ്വഭാവം സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.

പാക്കിസ്ഥാന്‍ സൈന്യാധിപന്‍ ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ, പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പുതിയ മേധാവിയായ ലഫ്. ജനറല്‍ ഫായിസം ഹമീദ് എന്നിവര്‍ക്കൊപ്പം വാഷിംഗ്ടണിലെത്തിയ ഇമ്രാന്‍ ഖാന് ചട്ടപ്രകാരമുള്ള ഏറ്റവും തണുത്ത വരവേല്‍പ്പാണ് ലഭിച്ചത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കലഹമാണ് ഇതിന് കാരണമായത്. തങ്ങളുടെ മണ്ണില്‍ എല്ലാത്തരം ഇസ്ലാമിക ഭീകരവാദികള്‍ക്കും സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്രംപ്, പാക് ഭരണകൂടത്തെ നിശിതമായി അപലപിച്ചിരുന്നു. അല്‍ ക്വയ്ദ-താലിബാന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് പോലെയുള്ള ഇസ്ലാമിക് ഭീകരസംഘടനകളെ ചെറുക്കുന്നതില്‍ പാക് സൈന്യം കാണിക്കുന്ന കാപട്യത്തിന്റെ പശ്ചാത്തലത്തില്‍, ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പാക്കിസ്ഥാന് നല്‍കിയിരുന്ന ധനസഹായവും ട്രംപ് നിര്‍ത്തലാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം സാധ്യമാക്കുന്നതിനായി യുഎസ്-താലിബാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പാക്കിസ്ഥാന്‍ സത്യസന്ധനായ ഇടനിലകാരനായി വര്‍ത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനാവട്ടെ തുടര്‍ച്ചയായി മര്‍ക്കടമുഷ്ടിയുടെ പ്രദര്‍ശനം നടത്തി. ഇന്ത്യയെ അഫ്ഗാന്‍ പ്രശ്‌നത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും അഫ്ഗാനില്‍ ഭാവിയിലുണ്ടാകുന്ന എല്ല അധികാര വ്യവസ്ഥകളിലും തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനുമുദ്ദേശിച്ചായിരുന്നു ഈ സമയം കൊല്ലല്‍. ഇതുകൂടാതെ രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള കശ്മീരിലെ കലുഷികമായ സാഹചര്യം, പടിഞ്ഞാറുള്ള അഫ്ഗാന്‍ മേഖലയില്‍ നിന്ന് തങ്ങളുടെ ശ്രദ്ധ തിരിക്കുന്നുവെന്ന പഴഞ്ചന്‍ വാദം പാക്കിസ്ഥാന്‍ പൊടിതട്ടിയെടുത്തിട്ടുമുണ്ട്. അതിനാല്‍ കശ്മീര്‍ എന്ന ‘അടിസ്ഥാന പ്രശ്‌ന’ത്തില്‍ തങ്ങളുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് ഇന്ത്യയെ പ്രേരിപ്പിക്കണമെന്നാണ് ആവശ്യം.

അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി സമാധാന കരാര്‍ ഉണ്ടാക്കുന്നതിനും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കാനും ട്രംപിനുള്ള പാരവശ്യം എത്രമാത്രമാണെന്ന് ഇമ്രാന്‍ ഖാന്റെ യുഎസ് സന്ദര്‍ശനത്തിന് മുന്‍പ് പാക്കിസ്ഥാന്‍ ശ്രദ്ധയോടെ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ‘നല്ല തീവ്ര’വാദവും ‘മോശം തീവ്ര’വാദവും തമ്മില്‍ വേര്‍തിരിക്കുന്നതിന് തന്റെ മുന്‍ഗാമികള്‍ പിന്‍തുടര്‍ന്നിരുന്ന നയപരമായ രീതി പൂര്‍ണമായും ഉപേക്ഷിച്ചയാളാണ് ട്രംപ്. യുഎസ് നേതൃത്വം നല്‍കുന്ന പാശ്ചാത്യ സമൂഹത്തിന് ഭീക്ഷണിയാകുന്ന അല്‍ ക്വയ്ദ-താലിബാന്‍ ഭീകര സംഘനടകളെയും പ്രത്യേകിച്ച് ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യമിടുന്ന ലക്ഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ പോലെയുള്ള ഭീകര സംഘങ്ങളെയും ഇല്ലായ്മ ചെയ്യണമെന്ന് പാകിസ്ഥാനോട് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ യുദ്ധകാലം തൊട്ട് യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണില്‍ നിന്നുള്ള പിന്തുണ പരമ്പരാഗതമായി പാക്കിസ്ഥാന്‍ സൈന്യം ആസ്വദിച്ചുവരുന്നുണ്ടായിരുന്നു. അഫ്ഗാനിലെ ഭീകരതക്കെതിരായ യുദ്ധത്തിന്റെ സമയത്ത് ഈ പിന്തുണ വീണ്ടും വര്‍ധിക്കുകയും പാക്കിസ്ഥാന്‍ മുന്‍നിര സഖ്യകക്ഷിയായി പരിഗണിക്കപ്പെടുകയും ചെയ്തു.

പാക്കിസ്ഥാനില്‍ നിന്നുല്‍ഭവിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനോടുള്ള ഇന്ത്യയുടെ ആശങ്കകളും പാക്കിസ്ഥാന്റെ സഹായത്തോടെ ഏതുവിധേനയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സാന്നിധ്യത്തെ മറികടക്കാനുള്ള ഇപ്പോഴത്തെ യുഎസ് നയതന്ത്രജഞരുടെ പ്രാഥമിക ചിന്തകളും ഇന്തോ-യുഎസ്് ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യം നേരിടാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ചാതുര്യത്തോടെയുള്ള സമീപനം ആവശ്യമാണ്. ‘എല്ലാ ദിവസങ്ങളിലും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുന്ന’ സ്ഥലമെന്ന് തെറ്റിദ്ധരിച്ച കശ്മീരില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചകള്‍ക്കായി വാദിക്കുന്നത് വലിയ പ്രശ്‌നമുളവാക്കുന്നതാവില്ലെന്ന ചിന്തയാവാം ട്രംപിനെ നയിച്ചത്. ചര്‍ച്ചകളിലൂടെ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിന് സഹായിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പരസ്യമായി അഭ്യര്‍ത്ഥിച്ചതോടെ ഇടനിലകാരനായി വര്‍ത്തിക്കാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിയിയോടനുബന്ധിച്ച് അരങ്ങേറിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥനാകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ട്രംപ് അവകാശവാദമുന്നയിച്ചു. ഒരു അമേരിക്കന്‍ പ്രസിഡന്റ് പുലര്‍ത്തേണ്ട മികച്ച രാഷട്രതന്ത്രജ്ഞതയെ ട്രംപിന്റെ പൊങ്ങച്ചം കവച്ചുവെച്ചെന്നതാണ് വാസ്തവം.

ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചകളില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ ആവശ്യമില്ലെന്നുള്ള ഇന്ത്യയുടെ സുസ്ഥിര നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന തരത്തിലുള്ള അഭ്യര്‍ത്ഥനകളൊന്നും പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിനോട് നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉടനെതന്നെ പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയുണ്ടായി. പ്രതീക്ഷിച്ചപോലെ യുഎസ് സ്‌റ്റേറ്റ് അണ്ടര്‍ സെക്രട്ടറി ആലിസ് വെല്‍സിന്റെ പ്രസ്താവനയോടു കൂടി അമേരിക്കന്‍ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ വ്യക്തത വന്നു. കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുഎസ് ഇക്കാര്യത്തില്‍ സഹായിക്കാന്‍ തയാറാണെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. ഒസാക്കയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കശ്മീര്‍ വിഷയമായിട്ടുണ്ടായിരുന്നെങ്കില്‍ തന്നെ ഇതില്‍ അനാവശ്യമായി തലകടത്തുന്ന രീതിയില്‍ ട്രംപ് നല്‍കിയ വളച്ചൊടിക്കല്‍, അഫ്ഗാന്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ സഹായം ലഭിക്കാനായി എന്തും ചെയ്യാന്‍ താന്‍ തയാറാണെന്ന അദ്ദേഹത്തിന്റെ പാരവശ്യം തന്നെയാണ് പ്രകടമാക്കുന്നത്.

അഫ്ഗാനില്‍ ഏതുവിധേനയും സമാധാനം കൊണ്ടുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറയുന്നു. അതിശയോക്തി കലര്‍ന്ന രീതിയില്‍, വിജയം കൈവരിക്കാനായി ആവശ്യമെങ്കില്‍ ‘ഭൂമിയില്‍ നിന്ന് ആ രാജ്യത്തെ എപ്പോള്‍ വേണമെങ്കിലും തുടച്ചുമാറ്റാ’മെന്ന ബദല്‍ മാര്‍ഗവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. ഈ ചിന്താഗതി തീര്‍ച്ചയായും പാകിസ്ഥാനെ സ്വാധീനിക്കാനുദ്ദേശിച്ചുള്ളതാവാം. നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ സൈനിക നടപടിയെന്ന ഭീഷണി ട്രംപ് ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമല്ല അഫ്ഗാനിസ്ഥാന്‍. ഇത്തരം നിലപാടുകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്നും കാത്തിരുന്നു കാണേണ്ടതാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ പ്രസ്താവനകള്‍ അവിടെത്തന്നെ ഉപേക്ഷിക്കുകയും പാക്കിസ്ഥാന്‍ നയം ദൃഢമായി പിന്തുടരുകയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയുമാണ് കരണീയം.

പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദ ഭീക്ഷണികള്‍ നേരിടുന്നതിനുള്ള ഇന്തോ-യുഎസ് കൂട്ടായ്മ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അല്‍പ്പം ദുര്‍ബലപ്പെട്ടേക്കാമെന്ന് ഇന്ത്യ മനസിലാക്കേണ്ടതുണ്ട്. പുതിയ അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതിന് താലിബാനില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് വരുത്തിക്കൊണ്ടും അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസിനു നേര്‍ക്ക് ഇനി ഒരു ആക്രമണമുണ്ടാവില്ലെന്ന് ഉറപ്പു നല്‍കികൊണ്ടും പാക്കിസ്ഥാന്‍ ഒരു പക്ഷേ യുഎസിന്റെ പഴയ പ്രീതി പിടിച്ചു പറ്റാന്‍ സാധ്യതയുണ്ട്. അഫ്ഗാന്‍ വിഷയത്തില്‍ ഇത് പാക്കിസ്ഥാനെ സംബന്ധിച്ച് വിജയകരമായ സാഹചര്യമാവും. കശ്മീരിലേക്ക് ഭീകരവാദികളെ കടത്തിവിടുന്നതിന്റെ പേരില്‍ പാക്കിസ്ഥാന് മേല്‍ ഉപരോധമോ സമ്മര്‍ദ്ദമോ ഉണ്ടാവില്ലെന്നു സാരം.

അഫ്ഗാനിസ്ഥാനിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനകളുടെ പ്രവര്‍ത്തനം പാക് ചാര സംഘടനയായ ഐഎസ്‌ഐ അവിടേക്ക് കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനൊപ്പം തങ്ങളുടെ സ്വാധീനത്തിലുള്ള ഭീകരവാദികളുടെ സഹായത്തോടെ കശ്മീരിലെ ജിഹാദ് കൂടുതല്‍ ശക്തമാക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുമെന്ന എല്ലാ സാധ്യതകളുമുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ധിക്കുന്ന മതതീവ്രവാദം, രാജ്യത്തിന്റെ വിദേശ നയം, ആഭ്യന്തര സുരക്ഷ എന്നിവയെ സംബന്ധിച്ച് കശ്മീര്‍ സുപ്രധാനമാണ്. ശ്രീനഗര്‍ സന്ദര്‍ശിച്ചതിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീരിലെ സംഭവവികാസങ്ങളില്‍ ഇന്ത്യക്ക് നിയന്ത്രണമുണ്ടാവേണ്ടതിന് സമഗ്രവും ഏകീകൃതവുമായ ചട്ടക്കൂടിലുള്ള തന്ത്രപരവും പ്രവര്‍ത്തനക്ഷമവുമായ നീക്കങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

(ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്റ്ററാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider
Tags: india-pak, Trump