വ്യാപാരയുദ്ധത്തിന്റെ കെടുതികള്‍

വ്യാപാരയുദ്ധത്തിന്റെ കെടുതികള്‍

വ്യാപാര യുദ്ധങ്ങള്‍ ഒരു പൊതുപ്രവണതയായി മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്കും ബിസിനസിനുമൊന്നും നല്ലതല്ലിത്. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ കെടുതികള്‍ രൂക്ഷമാക്കുന്നതാണ് ജപ്പാന്‍-കൊറിയ വ്യാപാരയുദ്ധം

സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണിത്. ആഗോളതലത്തിലും ഇന്ത്യയിലും അതിന്റെ അനുരണനങ്ങള്‍ കാണാം. മാന്ദ്യത്തിന് ഏറ്റവും ആക്കം കൂട്ടുന്നതാണ് വ്യാപാര യുദ്ധങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുപ്രസിദ്ധ, ‘അമേരിക്ക ആദ്യം’ നയത്തിന്റെ ഭാഗമായി ഉടലെടുത്ത ചൈനയുമായുള്ള വ്യാപാര തര്‍ക്കം ലോക സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയെ ഇതിനോടകം സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയെ ആദ്യമെത്തിക്കാനല്ല, അവസാനമെത്തിക്കാനാണ് ഈ പ്രസിഡന്റ് ശ്രമിക്കുന്നതെന്ന ഗൗരവതരമായ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നും കഴിഞ്ഞു.

സ്വതന്ത്രമായ വ്യാപാര കൊടുക്കല്‍-വാങ്ങലുകള്‍ക്ക് അമിത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അമേരിക്ക പോലെ തുറന്ന സമ്പദ് വ്യവസ്ഥയെന്ന് ഖ്യാതി നേടിയ രാജ്യത്തിന് ഭൂഷണമല്ല. അതിനെ കണ്ടില്ലെന്ന് നടിക്കയാണ് ട്രംപ്. വ്യാപാര യുദ്ധത്തിന്റെ നാളുകളെത്തിയതോടെ പലയിടത്തും വറുതിയുടെ സൂചനകളുമെത്തി. വ്യാപാര യുദ്ധത്തിന്റെ ആഘാതമെന്ന നിലയില്‍ 2021 ആകുമ്പോഴേക്കും 585 ബില്യണ്‍ ഡോളറിന്റെ നഷ്ടം ആഗോള സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുമെന്നാണ് ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട്. ആഗോള ജിഡിപിയില്‍ തരക്കേടില്ലാത്ത ഇടിവിനും ഇത് വഴിവെക്കും.

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് പിന്നാലെ ജപ്പാന്‍-കൊറിയ വ്യാപാര യുദ്ധം കൂടി പൊട്ടിപ്പുറപ്പെട്ടതാണ് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ കാര്യം. മുന്‍ഗണന വ്യാപാര പങ്കാളിയെന്ന നിലയില്‍ ദക്ഷിണ കൊറിയയ്ക്ക് നല്‍കിയിരുന്ന സ്ഥാനം ജപ്പാന്‍ അടുത്തിടെയാണ് എടുത്തുകളഞ്ഞത്. ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആയുധങ്ങള്‍ക്കോ സൈനിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നില്ല എന്നുറപ്പിക്കുന്നതിനായി അധിക പരിശോധന ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ക്ക് വിധേയമാകേണ്ടി വരും. ഓഗസ്റ്റ് 28 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകും. ഇതൊരു വ്യാപാര വിലക്കല്ലെന്ന് ജപ്പാന്‍ വ്യക്തമാക്കിയെങ്കിലും സാമ്പത്തിക യുദ്ധമായി തര്‍ക്കം രൂപാന്തരപ്പെട്ടുകഴിഞ്ഞു.

ദക്ഷിണ കൊറിയയിലേക്കുള്ള മൂന്ന് പ്രധാനപ്പെട്ട രാസവസ്തുക്കളുടെ കയറ്റുമതിക്ക് ജൂലൈ മാസം മുതല്‍ ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. കംപ്യൂട്ടര്‍ ചിപ്പുകള്‍, പരന്ന സ്‌ക്രീനുകള്‍ തുടങ്ങി ടെക്‌നോളജി വ്യവസായത്തിന്റെ നിര്‍ണായക ഘടകങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതിക്കായിരുന്നു ജപ്പാന്റെ നിയന്ത്രണം. ഫഌറിനേറ്റഡ് പോളിഅമൈഡ്‌സ്, ഫോട്ടോറെസിസ്റ്റ്‌സ്, ഹൈഡ്രജന്‍ ഫ്‌ളൂറൈഡ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതിയാണ് പ്രശ്‌നത്തിലായത്. ഇവയില്‍ ഓരോ പദാര്‍ത്ഥം കയറ്റി അയക്കുന്നതിന് മുമ്പും ജപ്പാന്‍ കമ്പനികള്‍ ലൈസന്‍സിന് അപേക്ഷിക്കണം. ഈ പ്രക്രിയ ഏകദേശം 90 ദിവസം നീളുകയും ചെയ്യും. ആഗോളതലത്തിലുള്ള സെമി കണ്ടക്റ്റര്‍ (അര്‍ദ്ധ ചാലകങ്ങള്‍) വ്യവസായത്തെ തകര്‍ക്കുന്നതാണ് ജപ്പാന്റെ തീരുമാനം.

ലോകത്തുള്ള മെമ്മറി ചിപ്പുകളില്‍ മൂന്നില്‍ രണ്ടും നിര്‍മിക്കുന്നത് ദക്ഷിണ കൊറിയന്‍ കമ്പനികളായ സാംസംഗും എസ് കെ ഹൈനിക്‌സുമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറുകളില്‍ വരെ ഇതാണ് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും വാവെയുമടക്കം മെമ്മറി ചിപ്പുകള്‍ക്കായി ആശ്രയിക്കുന്നത് ദക്ഷിണ കൊറിയന്‍ കമ്പനികളെയാണ്. സാംസംഗിന്റെയും ഹൈനിക്‌സിന്റെയും സാമ്പത്തിക പ്രകടനത്തെ ഇതിനോടകം ജപ്പാന്റെ കയറ്റുമതി നിയന്ത്രണം ബാധിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും ജപ്പാന്റെ നടപടിയെന്നത് തീര്‍ച്ച, അതിനപ്പുറം ലോകത്തെ സ്മാര്‍ട്ട് ടെക്‌നോളജി വ്യവസായവും തകരും.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് കമ്പനികള്‍ ദക്ഷിണ കൊറിയക്കാരെ ചൂഷണം ചെയ്തതിന്, കമ്പനികളില്‍ നിന്ന് ഇപ്പോള്‍ നഷ്ടപരിഹാരം ഈടാക്കാന്‍ പൗരന്മാരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ദക്ഷിണ കൊറിയ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഭാവിയെ മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയാറാകുകയാണ് വേണ്ടത്. ഉത്തരവാദിത്തമുള്ള ടെക്‌നോളജി രാജ്യങ്ങളെന്ന നിലയില്‍ അവര്‍ക്കതിന് ബാധ്യതയുണ്ട്.

Categories: Editorial, Slider
Tags: trade war