വാഹനപ്പുക നേത്രരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

വാഹനപ്പുക നേത്രരോഗങ്ങള്‍ വര്‍ദ്ധിപ്പിക്കും

വാഹനങ്ങള്‍ പുറന്തള്ളുന്ന പുക ശ്വാകോശത്തെ മാത്രമല്ല, മനുഷ്യരുടെ കാവ്ചശക്തിയെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി വാഹനപ്പുക കണ്ണിലടിക്കുന്നത് നേത്രരോഗങ്ങള്‍ക്ക് വലിയ അളവില്‍ കാരണമാകുമെന്നാണ് കണ്ടെത്തിയത്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ രോഗം (എഎംഡി) വഷളാക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

റെറ്റിനയുടെ മധ്യഭാഗത്തെ ബാധിക്കുന്ന ന്യൂറോ-ഡീജനറേറ്റീവ് അവസ്ഥയാണ് എഎംഡി, ഇത് മാക്കുല എന്നറിയപ്പെടുന്നു. പ്രായമായവരില്‍ കാഴ്ചശക്തി കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണിത്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഇതിന് കാരണമാകാറുണ്ട്. ജേണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് ഏറ്റവും ഉയര്‍ന്ന അളവില്‍ വായു മലിനീകരണത്തിന് വിധേയമാകുന്നത് 50 വയസു തികഞ്ഞവരിലാകാമെന്നാണ്. ഇവരില്‍ രോഗസാധ്യത ഇരട്ടിക്കുന്നു. തായ്വാനിലെ ഏഷ്യ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 1998 മുതല്‍ 2010 വരെയുള്ള ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകളും വായുവിന്റെ ഗുണനിലവാര വിവിരങ്ങളും വിശകലനം ചെയ്താണ് ഇക്കാര്യം കണ്ടെത്തിയത്. വഹനപ്പുകയിലൂടെ പുറംതള്ളപ്പെടുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും ദീര്‍ഘകാലമായി അഭിമുഖീകരിക്കുന്നവരില്‍ എഎംഡിക്ക് കൂടിയ സാധ്യതയുണ്ടോ എന്നാണു പരിശോധിച്ചത്. പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നതിനാല്‍, 50 വയസ്സിനു മുകളിലുള്ള 39,819 ആളുകളില്‍ ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിരീക്ഷണ കാലയളവില്‍ ആകെ 1,442 പേരില്‍ എഎംഡി ബാധ കണ്ടെത്തി. ഏറ്റവും കൂടുതല്‍ രോഗസാധ്യത കണ്ടെത്തിയത് നൈട്രജന്‍ ഡൈ ഓക്‌സൈഡ് കൂടുതല്‍ കണ്ണിലടിച്ചവരിലാണ്. ഇവരില്‍ രോഗ സാധ്യത മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണ് (91 ശതമാനം). ഏറ്റവും ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് കണ്ണിലടിച്ചവരിലകട്ടെ രോഗ സാധ്യത 84 ശതമാനം കൂടുതലാണ്. ഗവേഷകര്‍ പറയുന്നത് കൂടുതല്‍ മലിനീകരണത്തിനു വിധേയരാകുന്നവരില്‍ ഹൃദയ, മസ്തിഷ്‌ക രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ്. റെറ്റിന കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗമായതിനാല്‍, ഈ മലിനീകരണത്തിനുള്ള സാധ്യതയെക്കുറിച്ച് കൂടുതല്‍ വിശദീകരണമാവശ്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health