നിക്ഷേപകരെ വശീകരിക്കും ‘പിച്ച്‌ഡെക്ക്’

നിക്ഷേപകരെ വശീകരിക്കും ‘പിച്ച്‌ഡെക്ക്’

അന്നയും മെറ്റില്‍ഡയും കളിക്കൂട്ടുകാരാണ്. ഫാഷന്‍ ഡിസൈനിംഗും പഠിച്ചത് ഒരുമിച്ചാണ്. പഠനം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൂടി ഒരു ബോട്ടിക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചു. കുറച്ച് പണം വീട്ടില്‍ നിന്നും സംഘടിപ്പിക്കാം പക്ഷേ ബാക്കി മൂലധനം മറ്റെവിടെയെങ്കിലും നിന്ന് സമാഹരിച്ചേ പറ്റൂ. ഒരു ഏഞ്ചല്‍ നിക്ഷേപകനെ ലഭിക്കുമോ എന്നറിയാനാണ് എന്നെ സമീപിച്ചത്.

‘ധാരാളം ബോട്ടിക്കുകള്‍ ഇവിടെ ഉണ്ടല്ലോ. നിങ്ങളുടെ ബോട്ടിക്കിന് എന്ത് പ്രത്യേകതയാണ് ഉള്ളത്? നിങ്ങളുടെ കസ്റ്റമേഴ്‌സ്ആരായിരിക്കും’ ഞാന്‍ ചോദിച്ചു.

‘എല്ലാവര്‍ക്കും വസ്ത്രങ്ങള്‍ ആവശ്യമുണ്ടല്ലോ? അത് ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയുമാണ്. അതുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കള്‍ എല്ലാവരുമാണ്.’ അവര്‍ മറുപടി പറഞ്ഞു. ‘ബോട്ടിക്കുകള്‍ക്ക് ക്ഷാമമില്ലാത്ത ഒരിടത്ത് എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു സാധാരണ ബോട്ടിക്കില്‍ നിക്ഷേപിക്കുവാന്‍ ആര്‍ക്കാണ് താല്‍പ്പര്യം ഉണ്ടാവുക. നിങ്ങളുടെ ബിസിനസില്‍ നിക്ഷേപകന് താല്‍പ്പര്യം ജനിപ്പിക്കുന്ന രീതിയില്‍ ചില രൂപമാറ്റങ്ങള്‍ ആവശ്യമാണ്. അല്ലെങ്കില്‍ ഒരിക്കലും ഒരു നിക്ഷേപകന്‍ അതില്‍ നിക്ഷേപിക്കുവാന്‍ തയ്യാറാവുകയില്ല.’ എന്റെ അഭിപ്രായം അറിയിച്ചു.

ഇത് അന്നയുടേയും മെറ്റില്‍ഡയുടേയും മാത്രം കഥയല്ല. നിക്ഷേപകരെ തേടി അലയുന്ന പുതുതലമുറ ബിസിനസില്‍ ഭൂരിഭാഗവും ഇങ്ങനെ തന്നെയാണ്. തങ്ങള്‍ക്ക് മൂലധനനിക്ഷേപം വേണം എന്നതല്ലാതെ അതെങ്ങിനെ നേടിയെടുക്കാം എന്നതിനെക്കുറിച്ച് യാതൊരുവിധ ഗ്രാഹ്യവും ഭൂരിഭാഗം പേര്‍ക്കുമില്ല. അതിനെക്കുറിച്ച് പഠിക്കുവാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ പ്രൊജക്റ്റുകള്‍ മികച്ചതാണ് എന്ന് കരുതുമ്പോള്‍ തന്നെ അവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് എങ്ങിനെ എന്നവര്‍ക്ക് അറിയുകയില്ല.

ഇവിടെ അന്നക്കും മെറ്റില്‍ഡക്കും തങ്ങള്‍ എന്താണ് ചെയ്യുവാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പക്ഷേ തങ്ങളുടെ കസ്റ്റമര്‍ സെഗ്മെന്റ് നിര്‍വചിക്കുന്നതില്‍ അവര്‍ക്ക് തെറ്റ് പറ്റി. ‘എല്ലാവര്ക്കും ആവശ്യമായ ഉത്പന്നങ്ങള്‍’ എന്ന അതിവിശാലമായ നിര്‍വചനം ഒരിക്കലും നിക്ഷേപകനെ ആകര്‍ഷിക്കുന്ന ഒന്നല്ല. അത് മികച്ച ഒരു ബിസിനസ് തന്ത്രമായി ഒരിക്കലും കണക്കാക്കപ്പെടുന്നില്ല. വളരെ സൂക്ഷമവും കൃത്യവുമായി ടാര്‍ഗാറ്റ് കസ്റ്റമേഴ്‌സ് ആരാണ് എന്ന് നിര്‍വചിക്കുവാന്‍ സംരംഭകന് സാധിക്കേണ്ടതുണ്ട്.

ആശയം വില്‍ക്കാനിറങ്ങും മുന്‍പ്

നിങ്ങളുടെ ബിസിനസ് ആശയമാണ് നിങ്ങള്‍ നിക്ഷേപകന് മുന്നില്‍ അവതരിപ്പിക്കുവാന്‍ പോകുന്നത്. അതിന് മുമ്പ് വിശദമായ തയ്യാറെടുപ്പുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. തന്റെ ബിസിനസിനെക്കുറിച്ച് അടിതൊട്ട് മുടിവരെ തനിക്കറിയാം എന്ന ആത്മവിശ്വാസം നല്ലത് തന്നെ. നിങ്ങള്‍ എങ്ങിനെയാണ് അത് അവതരിപ്പിക്കുവാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നെടുങ്കന്‍ വാചകങ്ങളിലെ നീണ്ട അവതരണം ഇവിടെ ഫലപ്രദമാവുകില്ല. എഴുതിയിരിക്കുന്നതോ പറയുന്നതോ മുഴുവന്‍ വായിക്കാനോ കേട്ടിരിക്കാനോ ഉള്ള ക്ഷമയും സമയവും നിക്ഷേപകര്‍ക്ക് ഉണ്ടാവണമെന്നില്ല. ചുരുക്കം വാക്കുകളില്‍ നിക്ഷേപകനെ പ്രൊജക്റ്റിലേക്ക് വശീകരിക്കുവാന്‍ കഴിയണം.അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ നിങ്ങളെ കൂടുതല്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറാവുകയുള്ളൂ.

പരമ്പരാഗതമായ ബിസിനസ് പ്ലാന്‍ അല്ല ആവശ്യം

സാധാരണ ഗതിയില്‍ നാം തയ്യാറാക്കുന്ന പ്രൊജക്റ്റ് റിപ്പോര്‍ട്ടോ ബിസിനസ് പ്ലാനോ അല്ല നിക്ഷേപകന്റെ മുന്നില്‍ ചെല്ലുമ്പോള്‍ നമുക്കാവശ്യം. വളരെ വിശദമായ അത്തരം റിപ്പോര്‍ട്ടുകള്‍ വായിച്ചു നോക്കുവാനോ പഠിക്കുവാനോ ആരും മിനക്കെടില്ല. മറിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിക്ഷേപകനെ പ്രൊജക്റ്റിലേക്ക് ആകര്‍ഷി ക്കുന്ന, ബിസിനസിനെക്കുറിച്ച് ഉയര്‍ന്ന തലത്തിലുള്ള ഒരു കാഴ്ചപ്പാട് പ്രദാനം ചെയ്യുന്ന കാച്ചിക്കുറുക്കിയ ഒരു കുഞ്ഞന്‍ പ്രസന്റേഷന്‍ ആണ് നമുക്കാവശ്യം.

കുഞ്ഞന്‍ പ്രസന്റേഷന്‍

ഈ കുഞ്ഞന്‍ പ്രസന്റേഷനെ നമുക്ക് ‘പിച്ച് ഡെക്ക്’ എന്ന് വിളിക്കാം. ഇവന്‍ ആള് ചെറുതാണെങ്കിലും ഇവന്റെ ശക്തി വലിയൊരു പ്രസന്റേഷനെക്കാളും നൂറ് മടങ്ങാണ്. നിക്ഷേപകന്റെ മനസിലേക്ക് തുളച്ചു കയറുന്ന വജ്രായുധമാണ് പിച്ച് ഡെക്ക്. വാരിവലിച്ചെഴുതുന്ന കഥകള്‍ ഒന്നുംതന്നെ നമുക്കിവിടെ ആവശ്യമില്ല. ചുരുക്കം വാക്കുകളില്‍ ബിസിനസിനെ നാം മനോഹരമായി ഇവിടെ വരച്ചിടുന്നു. നിക്ഷേപകന്റെ ബിസിനസ് ഹോര്‍മോണുകളെ പ്രചോദിപ്പിക്കുവാന്‍ നമ്മുടെ പിച്ച് ഡെക്കിന് കഴിഞ്ഞാല്‍ മൂലധന സമാഹരണം വലിയൊരു കടമ്പയാകില്ല.

പിച്ച് ഡെക്ക് എങ്ങിനെ തയ്യാറാക്കാം?

പത്തിനും ഇരുപതിനും ഇടക്കുള്ള എണ്ണം സ്ലൈഡുകളിലായി പിച്ച് ഡെക്ക് നമുക്ക് തയ്യാറാക്കാം. പിന്നീട് വിശദമായ ഒരു ബിസിനസ് പ്ലാന്‍ ആവശ്യമായി വരുമ്പോള്‍ അത് തയ്യാറാക്കുവാനുള്ള അടിസ്ഥാന പ്രമാണമായും പിച്ച് ഡെക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. ബിസിനസിലും മാനേജ്മന്റിലും ഉപയോഗിക്കുന്ന പ്രത്യേക പദപ്രയോഗങ്ങള്‍ പിച്ച് ഡെക്കില്‍ ഒഴിവാക്കാം. കഴിവതും ഏറ്റവും ലളിതമായി വേണം കാര്യങ്ങള്‍ പറയാന്‍.

പിച്ച് ഡെക്കിന്റെ ഉള്ളടക്കം

പിച്ച് ഡെക്കില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട വസ്തുതകള്‍ താഴെ പറയുന്നവയാണ്. ഇതൊരു സൂചകം മാത്രമാണ്. ബിസിനസ് പ്രൊജക്റ്റിന്റെ ആഴവും പരപ്പും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരുത്താം.

1. നിങ്ങളുടെ ബിസിനസിന്റെ വ്യക്തിത്വം

എങ്ങിനെയാണ് നിങ്ങളുടെ ബിസിനസ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്? നിങ്ങളുടെ ശ്രദ്ധ എന്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്?

ഒന്നോ രണ്ടോ വാചകങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വളരെ വ്യക്തമായി പ്രതിഫലിപ്പിക്കുവാന്‍ ഇവിടെ കഴിയണം.

2. എന്ത് പ്രശ്‌നമാണ് നിങ്ങള്‍ പരിഹരിക്കുവാന്‍ പോകുന്നത്?

കസ്റ്റമര്‍ക്ക് ഒരു പ്രശ്‌നമുണ്ടോ? എങ്കില്‍ എങ്ങിനെയാണ് നിങ്ങള്‍ കസ്റ്റമറെ സഹായിക്കാന്‍ പോകുന്നത്?

എല്ലാ ബിസിനസും കസ്റ്റമറുടെ പ്രശ്‌നങ്ങള്‍ ആണ് പരിഹരിക്കുന്നത്. അവര്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുവാനായാണ് അവര്‍ നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നത്.

ഉദാഹരണമായി നമ്മുടെ വീടുകളില്‍ നാം ഉപയോഗിക്കുന്ന ഓരോ ഉത്പന്നവും ശ്രദ്ധിക്കുക. അവ ഓരോന്നും നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളെയാണ് പരിഹരിക്കുന്നത്. വാഷിംഗ് മെഷീനും ഫ്രിഡ്ജും മിക്‌സിയുമെല്ലാം ചെയ്യുന്നത് അത് തന്നെയാണ്. കസ്റ്റമറുടെ പ്രശ്‌നത്തിന് പരിഹാരമല്ല നമ്മള്‍ നല്കുന്നതെങ്കില്‍ അവര്‍ നമ്മുടെ ഉത്പന്നങ്ങളെ നിരസിക്കും. ഏതൊരു പ്രശ്‌നമാണോ നിങ്ങള്‍ പരിഹരിക്കുവാന്‍ പോകുന്നത് അത് വ്യക്തമായി ഇവിടെ അവതരിപ്പിക്കുവാന്‍ കഴിയണം.

3. പ്രശ്‌നത്തിന് നിങ്ങളുടെ പരിഹാരമാര്‍ഗം എന്താണ്?

കസ്റ്റമറുടെ പ്രശ്‌നം പറഞ്ഞു കഴിഞ്ഞു. ഇനി അതിനുള്ള പരിഹാരമാണ്. എങ്ങിനെയാണ് നിങ്ങളുടെ ബിസിനസ് കസ്റ്റമറുടെ പ്രശ്‌നത്തിന് പരിഹാരമാകുന്നത്? എന്താണ് നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം?

ഇവിടെ നിങ്ങളുടെ ഉത്പന്നത്തെ/സേവനത്തെ ഫലപ്രദമായി അവതരിപ്പിക്കുവാന്‍ സാധിക്കണം. കസ്റ്റമര്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്നും അതിനുള്ള പരിഹാരം നിങ്ങളുടെ ബിസിനസിന് നല്കാന്‍ കഴിയുമെന്നും നിക്ഷേപകനില്‍ വിശ്വാസം ജനിപ്പിക്കുവാന്‍ കഴിയണം.

4. ആരാണ് നിങ്ങളുടെ കസ്റ്റമേഴ്‌സ്?

നിങ്ങള്‍ കസ്റ്റമറുടെ പ്രശ്‌നം പരിഹരിക്കും എന്ന് പറഞ്ഞു കഴിഞ്ഞു. ഇനി ആരാണ് നിങ്ങളുടെ കസ്റ്റമേഴ്‌സ് എന്ന് വ്യക്തമായി നിര്‍വചിക്കാന്‍ സാധിക്കണം. ആദ്യം പരമാര്‍ശിച്ച കഥയിലെ അന്നയും മെറ്റില്‍ഡയും പറഞ്ഞപോലെ എല്ലാവരും ഞങ്ങളുടെ കസ്റ്റമേഴ്‌സാണ് എന്ന് കേള്‍ക്കുവാന്‍ നിക്ഷേപകന് താല്പ്പര്യമുണ്ടാകില്ല. അത്തരമൊരു കസ്റ്റമര്‍ സെഗ്മെന്റ് നിക്ഷേപകനെ ആകര്‍ഷിക്കില്ല. അതുകൊണ്ട് ടാര്‍ഗെറ്റ് കസ്റ്റമേഴ്‌സിനെ കൃത്യമായി നിര്‍വചിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം.

5. വിപണിയിലെ എതിരാളികള്‍

ആരൊക്കെയാണ് വിപണിയിലെ എതിരാളികള്‍? എത്ര രൂക്ഷമാണ് വിപണിയിലെ കിടമത്സരം? അത്തരമൊരു മത്സരത്തില്‍ നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണ്?

നിങ്ങളുടെ എതിരാളികള്‍ നല്കുന്നതിനേക്കാള്‍ എന്ത് മെച്ചപ്പെട്ട ഉത്പന്നം/സേവനമാണ് നിങ്ങള്‍ക്ക് നല്കാന്‍ കഴിയുന്നത് എന്ന് ഇവിടെ വ്യക്തമാക്കണം. എതിരാളികളില്‍ നിന്നും നിങ്ങളുടെ ബിസിനസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കുവാന്‍ സാധിക്കണം.

6. വില്‍പ്പനയുടെ മാര്‍ഗങ്ങള്‍

എങ്ങിനെയാണ് നിങ്ങള്‍ കസ്റ്റമറുടെ അടുത്തേക്ക് എത്തുന്നത്? ഏത് തരം മാര്‍ഗങ്ങളാണ് അതിന് അവലംബിക്കുക? നിങ്ങളുടെ സ്വന്തമായ സ്റ്റോറുകള്‍ ആണോ തുറക്കുക? വിതരണക്കാര്‍ മുഖേനയാണോ വില്ക്കുക? ഓണ്‍ലൈന്‍ വില്‍പ്പന മാര്‍ഗങ്ങള്‍ ഉപയോഗിക്കുമോ? എന്നതിനൊക്കെയും ഇവിടെ ഉത്തരങ്ങള്‍ നല്‍കണം.

7. മാര്‍ക്കറ്റിംഗ്/വില്‍പ്പന തന്ത്രങ്ങള്‍

നിങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോ നിങ്ങള്‍ എങ്ങിനെയായിരിക്കും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുക? ഏതൊക്കെ പ്രോമോഷണല്‍ മാര്‍ഗങ്ങളാകും ഉപയോഗിക്കുക? എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ചുരുക്കി നല്‍കാം.

8. നിങ്ങളുടെ ടീം

ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. നിക്ഷേപകന്‍ ഏറ്റവും സൂഷ്മമായി വിലയിരുത്തുന്ന, വിശകലനം ചെയ്യുന്ന നിര്‍ണായകമായ ഒരു ഘടകം. ഒരു ആശയത്തെ യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാന്‍ മികച്ചൊരു കൂട്ടായ്മ കൂടിയേ തീരൂ. അങ്ങനെ ഒരു ടീം നിങ്ങള്‍ക്കുണ്ടോ? അവരുടെ നിപുണതകള്‍ എന്താണ്? ഇനിയും ടീം അംഗങ്ങളുടെ ആവശ്യകതയുണ്ടോ? ചിലപ്പോള്‍ ബിസിനസ് നയിക്കാനും വളര്‍ത്താനും പുതിയ അംഗങ്ങളുടെ ആവശ്യകതയുണ്ടെങ്കില്‍ അവകൂടി പറയാന്‍ മടിക്കരുത്.

9. നിങ്ങളുടെ ബിസിനസ് മോഡല്‍/റവന്യൂ മോഡല്‍

നിങ്ങളുടെ പ്രൊജക്റ്റ് എന്താണ് എന്ന് നേരത്തേ പറഞ്ഞു കഴിഞ്ഞു. ഇവിടെ നിങ്ങള്‍ എങ്ങിനെയാണ് വരുമാനം ഉണ്ടാക്കുവാന്‍ പോകുന്നത് എന്നാണ് വിശദീകരിക്കുവാന്‍ പോകുന്നത്. നല്ലൊരു ബിസിനസ് മോഡല്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അതെന്താണ്? എങ്ങിനെയാണ് ആ ബിസിനസ് മോഡല്‍ വരുമാനം കൊണ്ടുവരുന്നത്?

ഇവിടെ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഉത്പന്നമോ സേവനമോ എന്താണ് എന്നല്ല പറയേണ്ടത് മറിച്ച് അതില്‍ നിന്നും തുടര്‍ച്ചയായി വരുമാനം എങ്ങിനെ ഉടലെടുക്കും എന്നതാണ്? വരുമാനത്തിന്റെയും ചെലവിന്റെയും ഒരു സംക്ഷിപ്ത രൂപം ഇവിടെ നല്കാം. മൂലധനത്തിന്റെ ആവശ്യകതയും അത് എങ്ങിനെയാണ് ചിലവഴിക്കുവാന്‍ പോകുന്നതെന്നുമുള്ള ഒരു ചെറു വിവരണം കൂടി നല്‌കേണ്ടതുണ്ട്.

10. നാഴികക്കല്ലുകള്‍

പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാത്ത ആശയങ്ങള്‍ ഏട്ടിലെ പശുക്കളാണ്. ആശയത്തെ യഥാര്‍ത്ഥ ബിസിനസ് ആക്കി മാറ്റുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അത് സാധ്യമാകണമെങ്കില്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഓരോ പ്രവൃത്തിയും പൂര്‍ത്തീ കരിക്കുവാനുള്ള ഏകദേശസമയം നിശ്ചയിക്കുകയും അത് നിറവേറ്റുവാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ് എന്നും ഇവിടെ വ്യക്തമാക്കണം.

11. കൂട്ടുകെട്ടുകളും വിഭവങ്ങളും

നിങ്ങളുടെ ഉത്പന്നം നിര്‍മിക്കുവാന്‍ പുറമേയുള്ള ഉത്പാദകരെ ആവശ്യമുണ്ടോ? ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ വിതരണക്കാരെ ആവശ്യമുണ്ടോ? അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുവാന്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ടോ? സാങ്കേതികതയെ പിന്തുണക്കുവാന്‍ പുറമേ നിന്നും സഹായങ്ങള്‍ ആവശ്യമുണ്ടോ? ഇത്തരം കാര്യങ്ങളില്‍ അധിക കൂട്ടുകെട്ടുകളോ മറ്റ് വിഭവങ്ങളുടെ ലഭ്യതയോ ആവശ്യമുണ്ടെങ്കില്‍ അത് ഇവിടെ വിശദീകരിക്കാം.

പിച്ച് ഡെക്ക് വായിക്കുന്ന നിക്ഷേപകന്‍ നിങ്ങളെ നേരിട്ട് കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. മുന്നില്‍ കോറിയിട്ട കുറെ അക്ഷരങ്ങളും കണക്കുകളും മാത്രമാണ് അദ്ദേഹം കാണുന്നത്. നിങ്ങളുടെ ബിസിനസിനെക്കുറിച്ച് അദ്ദേഹം കാണുന്ന ആദ്യത്തെ പ്രമാണം പിച്ച് ഡെക്ക് ആണ്. നിക്ഷേപകന്റെ ഉള്ളില്‍ ഒരു തീപ്പൊരി ജ്വലിപ്പിക്കുവാന്‍ പിച്ച് ഡെക്കിന് കഴിയണം. എങ്കില്‍ മാത്രമേ അടുത്ത കവാടം തുറക്കപ്പെടുകയുള്ളൂ.

നിക്ഷേപകനെ തേടുന്ന ഏതൊരു ബിസിനസിനും ഒഴിവാക്കുവാനാകാത്ത ഒന്നാണ് പിച്ച് ഡെക്ക്. ഒരു കഥ പറയും പോലെ തന്റെ ബിസിനസിനെ അവതരിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നിക്ഷേപകന്റെ ഹൃദയത്തെ തൊടാന്‍ സാധിക്കുകയുള്ളൂ.

പിച്ച് ഡെക്കിന്റെ ഉദ്ദേശ്യങ്ങള്‍ ഇവയൊക്കെ

  • കുറഞ്ഞ സമയത്തിനുള്ളില്‍ ചുരുക്കം വാക്കുകളില്‍ ഫലപ്രദമായി ബിസിനസ് ആശയം അവതരിപ്പിക്കുക
  • കസ്റ്റമര്‍ക്ക് ഒരു പ്രശ്‌നമുണ്ടെന്നും അതിനുള്ള പരിഹാരമാണ് തങ്ങളുടെ ഉത്പന്നം/സേവനം എന്ന് നിക്ഷേപകനെ ബോധ്യപ്പെടുത്തുക
  • തങ്ങളുടെ കസ്റ്റമര്‍ സെഗ്മെന്റ് ഏതാണ് എന്ന് കൃത്യമായി സംവേദിക്കുക.
  • ബിസിനസിന്റെ വളര്‍ച്ച സാധ്യതകളും വരുമാന സാധ്യതകളും നിക്ഷേപകനെ ബോധ്യപ്പെടുത്തുക.
  • ബിസിനസിനെക്കുറിച്ചുള്ളസമൂലമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ നിക്ഷേപകനെ സഹായിക്കുക.
Categories: FK Special
Tags: Pitch deck