ജിഡിപിയുടെ 50% എംഎസ്എംഇകളില്‍ നിന്ന്: ഗഡ്കരി

ജിഡിപിയുടെ 50% എംഎസ്എംഇകളില്‍ നിന്ന്: ഗഡ്കരി

അഞ്ചു വര്‍ഷത്തിനുള്ളില്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ 15 കോടിയായി ഉയര്‍ത്തും

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 50 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയില്‍ നിന്ന് നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 29 ശതമാനമാണ് എംഎസ്എംഇ സംഭാവന. എംഎസ്എംഇ മേഖല 11 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ 15 കോടിയായി ഉയര്‍ത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്‍എസ്ഇയുടെ എംഎസ്ഇ പ്ലാറ്റ്‌ഫോമായ എമെര്‍ജിന്റെ 200 ാമത് ലിസ്റ്റിംഗ് ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്‌ഫോം, 3,136 കോടി രൂപ സമാഹരിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിച്ചു. 8,800 കോടി രൂപയാണ് വിപണി മൂല്യം. എമര്‍ജില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 200 കമ്പനികളില്‍ 22 എംഎസ്ഇകള്‍ കാലക്രമേണ എന്‍എസ്ഇയുടെ പ്രധാന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ആകെ ആറ് കോടിയോളം എംഎസ്എംഇകളുണ്ടെന്നാണ് അനൗദ്യോഗിക കണക്കെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എംഎസ്എംഇകളുടെ രജിസ്‌ട്രേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ‘ഉദ്യോഗ് മിത്ര’ എന്ന സേവനം ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ എംഎസ്എംഇകള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ക്ക് സമാനമായി ഭാരത്ക്രാഫ്റ്റ് എന്ന ഇ-കൊമേഴ്‌സ് പ്രോജക്റ്റും സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്.

Categories: Current Affairs, Slider