മാരുതി സുസുകി എക്‌സ്എല്‍6 പുറത്തിറക്കി

മാരുതി സുസുകി എക്‌സ്എല്‍6 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.79 ലക്ഷം മുതല്‍ 11.46 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എംപിവി) എക്‌സ്എല്‍6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.79 ലക്ഷം മുതല്‍ 11.46 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സീറ്റ-മാന്വല്‍ വേരിയന്റിന് 9.79 ലക്ഷം രൂപയും ആല്‍ഫ-മാന്വല്‍ വേരിയന്റിന് 10.36 ലക്ഷം രൂപയും സീറ്റ-ഓട്ടോമാറ്റിക് വേരിയന്റിന് 10.89 ലക്ഷം രൂപയും ആല്‍ഫ-ഓട്ടോമാറ്റിക് വേരിയന്റിന് 11.46 ലക്ഷം രൂപയും വില വരും. 6 സീറ്റര്‍ മോഡലാണ് മാരുതി സുസുകി എക്‌സ്എല്‍6. മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെയാണ് വില്‍പ്പന. നെക്‌സ ബ്ലൂ, ബ്രേവ് കാക്കി, ഔബേണ്‍ റെഡ്, മാഗ്മ ഗ്രേ, പ്രീമിയം സില്‍വര്‍, ആര്‍ട്ടിക് വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ ലഭിക്കും. റെനോ ലോഡ്ജി, മഹീന്ദ്ര മറാറ്റ്‌സോ, ഹോണ്ട ബിആര്‍-വി എന്നിവയാണ് പ്രധാന എതിരാളികള്‍.

പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍വശത്തോടെയാണ് മാരുതി സുസുകി എക്‌സ്എല്‍6 വരുന്നത്. പുതിയ ഷഡ്ഭുജ ആകൃതിയുള്ളതാണ് ഗ്രില്‍. കുറുകെ ക്രോം സ്ലാറ്റ് നല്‍കിയിരിക്കുന്നു. പുതിയ അഗ്രസീവ് ലുക്കിംഗ് ഹെഡ്‌ലാംപുകള്‍ ഗ്രില്ലിന്റെ ഇരു പാര്‍ശ്വങ്ങളിലും കാണാം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും ഹെഡ്‌ലാംപുകളുടെ കൂടെത്തന്നെയാണ്. മുന്നിലെ ബംപറില്‍ മസ്‌കുലര്‍ ലൈനുകള്‍ നല്‍കി. വിസ്താരമുള്ള എയര്‍ഡാം, കറുപ്പ് നിറത്തിലുള്ള ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ മറ്റ് പ്രത്യേകതകള്‍. കറുത്ത ക്ലാഡിംഗിലാണ് പുതിയ ഫോഗ് ലാംപുകള്‍ കുടികൊള്ളുന്നത്. പിറകില്‍, എര്‍ട്ടിഗയില്‍ കാണുന്നതുപോലെ വലിയ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ നല്‍കി. ബ്ലാക്ക് ഇന്‍സര്‍ട്ടുകള്‍ പിറകുവശത്തിന് സ്‌പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നു. പിന്നിലെ ബംപറും പുതിയതാണ്. വെള്ളി നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ് കൂടി നല്‍കി.

കാബിന്‍ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സഹിതം ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്. തുകല്‍ പൊതിഞ്ഞ ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വളയമാണ് നല്‍കിയിരിക്കുന്നത്. ക്രൂസ് കണ്‍ട്രോള്‍, മറ്റ് വിവിധ കണ്‍ട്രോളുകള്‍ എന്നിവ എളുപ്പമായിരിക്കും. പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ളതാണ് വാഹനത്തിന്റെ ഉള്‍വശം. അതേസമയം സ്റ്റോണ്‍ ഫിനിഷ്, റിച്ച് സില്‍വര്‍ സാന്നിധ്യം കാബിനെ പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. 2+2+2 സീറ്റ് ലേഔട്ടിലാണ് പുതിയ മോഡല്‍ വരുന്നത്. രണ്ടാം നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കി. എന്നാല്‍ മൂന്നാം നിരയില്‍ 2 സീറ്റര്‍ ബെഞ്ച് കാണാം. രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകളില്‍ വണ്‍ ടച്ച് റിക്ലൈന്‍, സ്ലൈഡ് പ്രവര്‍ത്തനം ഉള്ളതിനാല്‍ മൂന്നാം നിര സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും എളുപ്പമായിരിക്കും. വെന്റിലേറ്റഡ് കപ്പ് ഹോള്‍ഡറുകള്‍, ഓവര്‍ഹെഡ് കണ്‍സോള്‍, ആക്‌സസറി സോക്കറ്റുകള്‍ തുടങ്ങിയ യൂട്ടിലിറ്റി ഇടങ്ങള്‍ ഓരോ നിരയിലും നല്‍കിയിരിക്കുന്നു. റിയര്‍ എസി വെന്റുകളാണ് മറ്റൊരു സവിശേഷത.

മുന്‍സീറ്റ് യാത്രക്കാര്‍ക്കായി ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പ്രീ-ടെന്‍ഷനറുകള്‍, ഫോഴ്‌സ് ലിമിറ്ററുകള്‍ എന്നിവ സഹിതം മുന്‍സീറ്റ് യാത്രികര്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, അമിത വേഗത്തില്‍ പാഞ്ഞാല്‍ മുന്നറിയിപ്പ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി. ഹില്‍ ഹോള്‍ഡ് ഫംഗ്ഷന്‍ സഹിതം ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) ഓട്ടോമാറ്റിക് വേരിയന്റുകളില്‍ മാത്രമാണ് സ്റ്റാന്‍ഡേഡായി നല്‍കിയത്.

ബിഎസ് 6 പാലിക്കുന്ന മാരുതിയുടെ പുതിയ 1.5 ലിറ്റര്‍ കെ15 പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുകി എക്‌സ്എല്‍6 മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് കരുത്തേകുന്നത്. എസ്എച്ച്‌വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുകി) സാങ്കേതികവിദ്യയും നല്‍കിയിരിക്കുന്നു. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി പരമാവധി കരുത്തും 4,400 ആര്‍പിഎമ്മില്‍ 138 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പുതു തലമുറ എര്‍ട്ടിഗയില്‍ ഈ എന്‍ജിന്‍ ഈയിടെ നല്‍കിയിരുന്നു. 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 5 സ്പീഡ് മാന്വല്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡീസല്‍ മോട്ടോര്‍ തല്‍ക്കാലം നല്‍കിയിട്ടില്ല. എന്നാല്‍ ആവശ്യകത ഉയര്‍ന്നാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മാരുതി സുസുകി ഇന്ത്യ അറിയിച്ചു.

Comments

comments

Categories: Auto