ആകര്‍ഷക വിലയില്‍ കിയ സെല്‍റ്റോസ് എത്തി

ആകര്‍ഷക വിലയില്‍ കിയ സെല്‍റ്റോസ് എത്തി

കോംപാക്റ്റ് എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി : കിയ സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നത്തിന് മല്‍സരക്ഷമമായി വില നിശ്ചയിക്കാന്‍ കഴിഞ്ഞത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നേട്ടമാകും. ടെക് ലൈന്‍, ജിടി ലൈന്‍ എന്നീ രണ്ട് ട്രിം ഓപ്ഷനുകളിലാണ് കിയ സെല്‍റ്റോസ് വരുന്നത്. ഇ, കെ, കെ പ്ലസ്, എക്‌സ്, എക്‌സ് പ്ലസ് എന്നിവയാണ് അഞ്ച് വേരിയന്റുകള്‍. ആകെ 16 വേരിയന്റുകളില്‍ കിയ സെല്‍റ്റോസ് എസ്‌യുവി ലഭിക്കും. ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് കിയ മോട്ടോഴ്‌സ് പുറത്തിറക്കിയത്. ഇതോടെ കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു.

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് സെല്‍റ്റോസ്. ആന്ധ്ര പ്രദേശിലെ അനന്ത്പുര്‍ പ്ലാന്റിലാണ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ വില്‍പ്പന കൂടാതെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ഹ്യുണ്ടായ് ക്രെറ്റ, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ് എന്നീ മഹാരഥന്‍മാരാണ് കിയ സെല്‍റ്റോസ് എസ്‌യുവിയുടെ പ്രധാന എതിരാളികള്‍.

‘സ്മാര്‍ട്ട്‌സ്ട്രീം’ എന്‍ജിന്‍ കുടുംബത്തിലെ രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എന്‍ജിനുകളാണ് കിയ സെല്‍റ്റോസ് ഉപയോഗിക്കുന്നത്. എല്ലാ എന്‍ജിനുകളും ബിഎസ് 6 പാലിക്കുന്നവയാണ്. 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ മോട്ടോര്‍ 138 ബിഎച്ച്പി കരുത്തും 242 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍, ഐവിടി (ഇന്‍ഫിനിറ്റ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) എന്നിവയാണ് ഓപ്ഷനുകള്‍. 1.5 ലിറ്റര്‍ വിജിടി ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

1.4 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിന്റെ കൂടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമ്പോള്‍ 16.5 കിലോമീറ്ററും മാന്വല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുമ്പോള്‍ 16.1 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. 1.5 പെട്രോള്‍ എന്‍ജിന്റെ കൂടെ സിവിടി ഉപയോഗിക്കുമ്പോള്‍ 16.8 കിലോമീറ്ററും മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമ്പോള്‍ 16.5 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 1.5 വിജിടി ഡീസല്‍ എന്‍ജിനുമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമ്പോള്‍ 18.0 കിലോമീറ്ററും മാന്വല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുമ്പോള്‍ 21.0 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.

ടെക് ലൈന്‍ വേരിയന്റുകളുടെ വില

വേരിയന്റ് 1.5 പെട്രോള്‍ 1.5 ഡീസല്‍

എച്ച്ടിഇ 9.69 ലക്ഷം 9.99 ലക്ഷം

എച്ച്ടികെ 9.99 ലക്ഷം 11.19 ലക്ഷം

എച്ച്ടികെ പ്ലസ് 11.19 ലക്ഷം 12.19 ലക്ഷം

എച്ച്ടികെ പ്ലസ് എടി — 13.19 ലക്ഷം

എച്ച്ടിഎക്‌സ് 12.79 ലക്ഷം 13.79 ലക്ഷം

എച്ച്ടിഎക്‌സ് എടി 13.79 ലക്ഷം —-

എച്ച്ടിഎക്‌സ് പ്ലസ് — 14.99 ലക്ഷം

എച്ച്ടിഎക്‌സ് പ്ലസ് എടി — 15.99 ലക്ഷം

ജിടി ലൈന്‍ വേരിയന്റുകളുടെ വില

വേരിയന്റ് 1.4 പെട്രോള്‍

ജിടികെ 13.49 ലക്ഷം

ജിടിഎക്‌സ് 14.99 ലക്ഷം

ജിടിഎക്‌സ് എടി 15.99 ലക്ഷം

ജിടിഎക്‌സ് പ്ലസ് 15.99 ലക്ഷം

(എടി-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍)

Comments

comments

Categories: Auto
Tags: Kia seltos