ബോണ്ട് എത്തുന്നു, 25-ാം ചിത്രവുമായി

ബോണ്ട് എത്തുന്നു, 25-ാം ചിത്രവുമായി

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്കു വിസ്മയമാണ്. ബോണ്ട് ചിത്രങ്ങള്‍ സമ്മാനിക്കുന്ന ആവേശം പറഞ്ഞ് അറിയിക്കുക അസാദ്ധ്യം. ലോകമെങ്ങും ഇതു പോലൊരു നായക കഥാപാത്രത്തെ സ്വീകരിക്കുന്നത് അപൂര്‍വ്വമാണ്. 1962 മുതല്‍ ഇക്കാലമത്രയും ബോണ്ട് പ്രേക്ഷകരെ രസിപ്പിച്ചും വിസ്മയിപ്പിച്ചും തന്റെ ദൗത്യം തുടരുന്നു. അടുത്ത വര്‍ഷം പുതിയ ബോണ്ട് ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

ദ നെയിം ഈസ് ബോണ്ട്, ജെയിംസ് ബോണ്ട്!

തിയേറ്ററിനുള്ളിലെ ഇരുട്ടില്‍, ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ കോട്ടും സൂട്ടുമണിഞ്ഞ, സൂപ്പര്‍ സ്‌പൈ ആയ നായകന്‍ സ്‌ക്രീനിലെത്തുമ്പോള്‍ കേള്‍ക്കുന്ന ഈ ഡയലോഗില്‍ ആവേശം തോന്നാത്ത പ്രേക്ഷകര്‍ കുറവായിരിക്കും. 1962-ല്‍ തുടങ്ങിയ ബോണ്ട് ചിത്രങ്ങളുടെ നിര അരനൂറ്റാണ്ട് പിന്നിട്ടിട്ടും അനസ്യൂതം തുടരുന്നതിന്റെ കാരണവും ഈ ആവേശമാണ്. കഴിഞ്ഞ ദിവസം പുതിയ ബോണ്ട് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുകയുണ്ടായി. നോ ടൈം ടു ഡൈ എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന ടൈറ്റില്‍. ബോണ്ട് പരമ്പരയിലെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. മര്‍ത്ത്യത അഥവാ മരണമുള്ള അവസ്ഥയാണ് (mortality) ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പ്രധാന തീം. നോ ടൈം ടു ഡൈ എന്നു നാമകരണം ചെയ്തതിലൂടെ പുതിയ ബോണ്ട് ചിത്രം മര്‍ത്ത്യതയായിരിക്കുമോ ചര്‍ച്ച ചെയ്യുകയെന്നതിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും സൂചനകളൊന്നും നല്‍കിയിട്ടില്ല. സൂപ്പര്‍ഹീറോ നായകന്മാരെ സമ്മാനിക്കുന്ന മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സും അനുബന്ധ കമ്പനികളുമൊക്കെ ആധിപത്യം പുലര്‍ത്തുന്ന ഈ കാലത്ത് 007 ഫ്രാഞ്ചൈസി ഇപ്പോഴും കലാപരമായി സാധുതയുള്ളതും വാണിജ്യപരമായി ലാഭകരവുമാണെന്നതുമായിരിക്കുമോ നോ ടൈം ടു ഡൈ എന്ന ടൈറ്റിലിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത് ?

1962-ലാണ് ആദ്യ ബോണ്ട് ചിത്രം റിലീസ് ചെയ്യുന്നത്. Dr. No എന്നായിരുന്നു ചിത്രത്തിന്റെ പേര്. ബോണ്ട് എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ ശീതയുദ്ധം ആരംഭിച്ച സമയം കൂടിയായിരുന്നു. തങ്ങള്‍ ഒരു ലോകശക്തിയല്ല എന്ന് ബ്രിട്ടന്‍ തിരിച്ചറിഞ്ഞ നേരം. ബ്രിട്ടന്റെ ഈ തകര്‍ച്ചയ്ക്കുള്ള ഇയാന്‍ ഫെഌമിംഗിന്റെ ഉത്തരം കൂടിയായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടന്റെ സ്‌പൈ ആണല്ലോ ജെയിംസ് ബോണ്ട്. എഴുത്തുകാരായ ജോണ്‍ ബുക്കന്‍, സാപ്പര്‍ എന്നിവര്‍ സൃഷ്ടിച്ച ഇംഗ്ലീഷ് ജെന്റില്‍മാന്‍ സ്‌പൈകളുടെ(മാന്യന്മാരായ ചാരന്മാര്‍) സമകാലിക പുനര്‍നിര്‍മാണം കൂടിയായിരുന്നു ഫെഌമിംഗിന്റെ ജെയിംസ് ബോണ്ട്. ബ്രിട്ടനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടരായ വിദേശ ശക്തികളില്‍നിന്നും ഇംഗ്ലണ്ടിനെ സാഹസികമായി സംരക്ഷിക്കുന്ന കഥാപാത്രങ്ങളാണു ജോണ്‍ ബുക്കന്റെ റിച്ചാര്‍ഡ് ഹന്നെയും, സാപ്പേഴ്‌സിന്റെ ‘ബുള്‍ഡോഗ്’ ഡ്രമ്മണ്ടും. സമാനമാണ് ജെയിംസ് ബോണ്ടും.

പ്രശസ്ത എഴുത്തുകാരന്‍ സാക്‌സ് റോഹ്മര്‍ സൃഷ്ടിച്ച സാങ്കല്‍പ്പിക വില്ലന്‍ കഥാപാത്രമായ ഫു മാന്‍ചുവിനെ അനുസ്മരിപ്പിക്കും വിധം ഈ വില്ലന്‍മാരും (ബ്രിട്ടനെതിരേ തിരിയുന്ന ദുഷ്ടരായ വിദേശ ശക്തികള്‍) പ്രതിഫലിപ്പിക്കുന്നത് ഇതര ജനവിഭാഗത്തോടുള്ള വിദ്വേഷഭാവം തന്നെയാണ്. മറ്റ് ശക്തികളുമായും സംസ്‌കാരങ്ങളുമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉണ്ടായതാണ് ആ വിദ്വേഷഭാവം. റഷ്യക്കെതിരെയുള്ള ക്രിമിയന്‍ യുദ്ധം, ചൈനയിലെ ഇടപെടലുകള്‍, ബ്രിട്ടീഷ് അധീശത്വത്തിനെതിരെ ഭീഷണിയായി ജര്‍മനി ഉയര്‍ന്നു വന്നതൊക്കെ അതില്‍ പെടും. ഫെഌമിംഗിന്റെ ബോണ്ട്, മറ്റുള്ളവരില്‍ നിറഞ്ഞുനിന്ന ഈ ഭീതി നിലനിര്‍ത്തി. ഇതര വംശങ്ങളിലെ ആളുകളെ കുറിച്ചുള്ള പലതരം ഭയാനകമായ സങ്കല്‍പങ്ങളെ ഉദാഹരണമായി കാണിച്ചു കൊണ്ട് വില്ലന്മാരുടെ ഒരു ഗാലറി തന്നെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.
പുസ്തകത്തില്‍നിന്ന് സ്‌ക്രീനിലേക്ക് ബോണ്ടിനെ അവതരിപ്പിച്ചപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. അത് സ്വാഭാവികവുമാണ്. സിനിമാറ്റിക് അനുഭവമേകാന്‍ അത് ആവശ്യവുമാണല്ലോ. ആദ്യ ബോണ്ട് ചിത്രം പുറത്തിറങ്ങിയത് 1962-ലായിരുന്നു. ആദ്യ ചിത്രം റിലീസ് ചെയ്ത് 57 വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടെ ബോണ്ട് ചിത്രങ്ങള്‍ അവയുടെ ആകര്‍ഷണം നിലനിര്‍ത്താന്‍ ബോണ്ടിന്റെ സ്വഭാവത്തിലും കഥയുടെ സന്ദര്‍ഭത്തിനും മാറ്റങ്ങള്‍ വരുത്തി. ഈ മാറ്റം അടിസ്ഥാനപരമായി കൂടുതല്‍ പ്രകടമായത് സ്ത്രീകളോടുള്ള ബോണ്ടിന്റെ ബന്ധത്തിലും ബോണ്ട് നേരിടുന്ന ഭീഷണികളുടെ സ്വഭാവത്തിലുമായിരുന്നു. ശീതയുദ്ധം അവസാനിച്ചതോടെ ബോണ്ടിന് അദ്ദേഹത്തിന്റെ ആരംഭകാലത്ത് ഉണ്ടായിരുന്ന വ്യക്തിത്വത്തില്‍നിന്നും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ഫിലിം മേക്കര്‍മാര്‍ ഒരിക്കല്‍ വിജയിച്ചു കഴിഞ്ഞാല്‍, അവര്‍ പിന്നീട് ഒരു നല്ല കഥയ്ക്കു വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കുകയും എല്ലായ്‌പ്പോഴും വിജയിച്ച പഴയ പ്ലേ ബുക്കിലേക്കോ ഫോര്‍മുലയിലേക്കോ മടങ്ങുകയും ചെയ്യുന്നതാണു പതിവ്. ബോണ്ട് ചിത്രം നിര്‍മിക്കുന്നതിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് എന്നു പൊതുവേ പറയുന്നത് അവയ്ക്ക് ഒരു സ്ഥാപിത ഫോര്‍മുല അഥവാ സമവാക്യമുണ്ടെന്നതാണ്. അത് പിന്തുടരാനുള്ള പ്രലോഭനമാണു ബോണ്ട് ചിത്രം നിര്‍മിക്കുന്നതിനുള്ള ബുദ്ധിമുട്ടായി പറയുന്നത്. എന്നാല്‍ 2012-ല്‍ റിലീസ് ചെയ്ത സ്‌കൈഫാള്‍ എന്ന ബോണ്ട് ചിത്രം ഇതിന് ഒരു അപവാദമാണ്. ആധുനിക ലോകത്ത് ബോണ്ടിന്റെ സ്ഥാനം എന്താണെന്ന ചോദ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന കഥയുമായി അണിയറ പ്രവര്‍ത്തകരെത്തിയ ചിത്രമായിരുന്നു സ്‌കൈഫാള്‍. എന്നാല്‍ സ്‌കൈഫാളിനു ശേഷമിറങ്ങിയ സ്‌പെക്ടര്‍ ബോണ്ട് ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുല സ്വീകരിക്കുകയും ചെയ്തു.

നോ ടൈം ടു ഡൈ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പേരാണ് ‘നോ ടൈം ടു ഡൈ’. ഇക്കാര്യം ചിത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചൊവ്വാഴ്ച (ഓഗസ്റ്റ് 20) സ്ഥിരീകരിക്കുകയും ചെയ്തു. ബോണ്ട് നിരയിലെ 25-ാമത്തെ ചിത്രവും, ബോണ്ട് വേഷമിട്ടു കൊണ്ടുള്ള നടന്‍ ഡാനിയേല്‍ ക്രെയ്ഗിന്റെ അവസാന ചിത്രവുമായിരിക്കും നോ ടൈം ടു ഡൈ എന്നാണ് അണിയറ സംസാരം. ഡാനി ബോയലായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് തലങ്ങളില്‍ ഡാനി ബോയലും ബ്രിട്ടീഷ് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ഇയോണും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു സംവിധാനത്തില്‍നിന്നും ബോയല്‍ പിന്മാറുകയായിരുന്നു. ജെയിംസ് ബോണ്ട് മരിക്കുന്നത് പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്ന വിധത്തിലാണു ബോയല്‍ കഥ രൂപപ്പെടുത്തിയത്. എന്നാല്‍ ഇതിനോട് ഇയോണിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതാണു ബോയല്‍ പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ഏതായാലും പുതിയ ചിത്രത്തില്‍ ബോയല്‍ ഇല്ല. പകരം സംവിധാനം നിര്‍വഹിക്കുന്നത് കാരി ഫുകുനാഗയാണ്. ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍, ട്രൂ ഡിക്ടറ്റീവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു കാരി. ഫോയിബെ വാലര്‍ ബ്രിജ് എന്ന ഇംഗ്ലീഷ് നടിയും എഴുത്തുകാരിയുമാണ് പുതിയ ബോണ്ട് ചിത്രത്തിനു വേണ്ടി രചന നിര്‍വഹിക്കുന്നത്. പുതിയ ബോണ്ട് ചിത്രത്തിന്റെ സ്‌ക്രിപ്റ്റിനു മാന്ത്രികസ്പര്‍ശമേകാന്‍ ബ്രിജിന്റെ പേനയ്ക്കു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ എട്ടിനു യുഎസിലും, ഏപ്രില്‍ മൂന്നിനു യുകെയിലും റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സജീവ സേവനം ഉപേക്ഷിച്ചു ബോണ്ട് ജമൈക്കയില്‍ താമസം തുടങ്ങുന്നതിലൂടെയാണു ചിത്രം ആരംഭിക്കുന്നത്. എന്നാല്‍ ബോണ്ടിന്റെ ഒരു പഴയ സുഹൃത്ത് ഫെലിക്‌സ് ലെയ്റ്ററിന് (ജെഫ്രി റൈറ്റ്) ബോണ്ടിന്റെ സഹായം വേണ്ടി വരുന്നു. തട്ടിക്കൊണ്ടു പോവുകയും ഹീനമായ സാഹചര്യത്തില്‍ പാര്‍പ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഒരു ശാസ്ത്രജ്ഞനെ രക്ഷപ്പെടുത്താനാണു ബോണ്ടും ഫെലിക്‌സും ഒരുമിക്കുന്നത്. റാമി മാലെക് ആണു പുതിയ ചിത്രത്തില്‍ ബോണ്ടിന്റെ വില്ലനായെത്തുന്നത്. ബോണ്ട് പരമ്പരയില്‍ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം 2015-ല്‍ സ്‌പെക്ടര്‍ (Spectre) ആയിരുന്നു. നാല് വര്‍ഷം പിന്നിടുമ്പോള്‍ സ്‌പെക്ടര്‍ ആഭ്യന്തരതലത്തില്‍ 200 ദശലക്ഷം ഡോളറും, അന്താരാഷ്ട്രതലത്തില്‍ 880 ദശലക്ഷം ഡോളറും സമ്പാദിക്കുകയുണ്ടായി. ബോണ്ട് നിരയിലെ പുതിയ ചിത്രം 2020-ലായിരിക്കും പുറത്തിറങ്ങുക.

Categories: Top Stories
Tags: James Bond

Related Articles