ഗ്രീന്‍ലാന്‍ഡില്‍ ആശങ്കപ്പെടുത്തുന്ന അടയാളങ്ങള്‍ കാണുന്നതായി ശാസ്ത്രജ്ഞര്‍

ഗ്രീന്‍ലാന്‍ഡില്‍ ആശങ്കപ്പെടുത്തുന്ന അടയാളങ്ങള്‍ കാണുന്നതായി ശാസ്ത്രജ്ഞര്‍

ഗ്രീന്‍ലാന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ഒരു വിദൂര സ്ഥലമെന്നു തോന്നിയേക്കാം. പക്ഷേ, അവിടെ സംഭവിക്കുന്ന ചെറു ചലനങ്ങളുടെ ആഘാതം ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഉണ്ടാകും. ഈ മാസം രണ്ടിന് ഗ്രീന്‍ലാന്‍ഡില്‍ 12.5 ബില്യന്‍ ടണ്‍ ഐസ് ഉരുകിയെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് പാളികളില്‍ സമുദ്രനിരപ്പ് 7.4 മീറ്റര്‍ (25അടി) വരെ ഉയര്‍ത്താന്‍ ആവശ്യമുള്ള വെള്ളമുണ്ട്. അനിയന്ത്രിതമായ തോതില്‍ ഐസ് ഉരുകുന്നത് സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകും. ഇത് നിരവധി പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തുകയും ചെയ്യും.

ഈ വേനല്‍ക്കാലത്തെ, ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നില്‍, ഗ്രീന്‍ലാന്‍ഡിലെ കുലുസുക് എന്ന ചെറിയ ഗ്രാമത്തിലെ നാട്ടുകാര്‍ ഒരു സ്‌ഫോടനം ശബ്ദം പോലുള്ള ഒന്ന് കേള്‍ക്കാനിടയായി. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ഐസ്, ഒഴുകി നടന്ന ഒരു മഞ്ഞുകട്ടിയെ അഥവാ ഗ്ലേസിയറിനെ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായതായിരുന്നു ആ ശബ്ദം. ഓഗസ്റ്റ് രണ്ടിന് ഗ്രീന്‍ലാന്‍ഡിന് 12.5 ബില്യന്‍ ടണ്‍ ഐസ് ആണ് ഉരുകി നഷ്ടപ്പെട്ടത്. ഒളിംപിക്‌സിനു വേണ്ടി തയാറാക്കുന്ന സ്വിമ്മിംഗ് പൂളിന്റെ അത്രയും വലുപ്പമുള്ള നാല് ദശലക്ഷം സ്വിമ്മിംഗ് പൂള്‍ നിറയ്ക്കാനുള്ള ഐസ് വരുമിത്. ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടം കൂടിയാണിത്. കാലാവസ്ഥ പ്രതിസന്ധിയുടെ മറ്റൊരു ഉദാഹരണമാണിത്. 1980-കളില്‍ ഉണ്ടായതിനേക്കാള്‍ ആറ് മടങ്ങ് വേഗത്തിലാണ് ഗ്രീന്‍ലാന്‍ഡില്‍ ഐസ് പാളികള്‍ ഉരുകുന്നത്. ഗ്രീന്‍ലാന്‍ഡിലെ കുലുസുക് എന്ന ചെറിയഗ്രാമം നാസയുടെ ഓഷ്യന്‍ മെല്‍റ്റിംഗ് ഗ്രീന്‍ലാന്‍ഡ് (ഒഎംജി) പ്രോഗ്രാമിന്റെ ബേസ് ക്യാംപ് കൂടിയാണ്. ഗ്രീന്‍ലാന്‍ഡിന്റെ ഹിമാനികള്‍ (ഗ്ലേസിയേഴ്‌സ്) ഉരുകുന്നതില്‍ സമുദ്രം വഹിക്കുന്ന പങ്ക് മനസിലാക്കാന്‍ ജെപിഎല്‍ ശാസ്ത്രജ്ഞന്‍ ജോഷ് വില്ലിസിന്റെ നേതൃത്വത്തിലുള്ള ദൗത്യമാണു ഒഎംജി. ഈ വര്‍ഷം യുഎസിലും യൂറോപ്പിലും ഉഷ്ണതരംഗമുണ്ടായതിനെ തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിലേക്ക് ഒഎംജി ശാസ്ത്രജ്ഞര്‍ യാത്ര ചെയ്തത്. ഏകദേശം ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന യാത്ര 800 മൈലുകള്‍ പിന്നിടുകയുണ്ടായി.
താപനില ഉയരുന്നതും, സമുദ്രം ചൂടാകുന്നതുമാണു ഐസ് ഉരുകാന്‍ കാരണമാകുന്നത്. ഈ ഘടകങ്ങള്‍ക്കു പുറമേ എങ്ങനെയാണ് ഐസ് ഉരുകാന്‍ കാരണമാകുന്നതെന്നു കൂടി അന്വേഷിക്കുന്നുണ്ട് നാസയുടെ ഓഷ്യാനോഗ്രാഫര്‍ ജോഷ് വില്ലിസ്. 2016 മുതല്‍ ഈ അന്വേഷണം നടത്തുന്നുണ്ട്. പുതിയ മാതൃകയില്‍ പുനര്‍നിര്‍മിച്ച രണ്ടാം ലോകമഹായുദ്ധത്തിലെ ഡിസി-3 വിമാനത്തില്‍ (ഇപ്പോള്‍ ബാസ്‌ലര്‍ ബിടി-57 എന്നു വിളിക്കുന്നു) ഗ്രീന്‍ലാന്‍ഡ് തീരത്തേയ്ക്ക് ഒരു കൂട്ടം ഒഎംജി ഗവേഷകര്‍ പോകാറുണ്ട്. വിമാനത്തിലിരുന്ന് സൂക്ഷ്മപരിശോധനയ്ക്കുള്ള ഉപകരണം (probes) മഞ്ഞു പാളിയിലേക്കു ഗവേഷകര്‍ വിക്ഷേപിക്കുകയും ചെയ്യും. ഓരോ വര്‍ഷവു ഇത്തരത്തില്‍ ചുരുങ്ങിയത് 250 പ്രോബ്‌സ് വിക്ഷേപിക്കാറുണ്ട്. അതിലൂടെ താപനിലയെയും, ലവണത്വത്തെയും (salinity) കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയാണു ചെയ്യുന്നത്. ഭാവിയില്‍ സമുദ്രനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗപ്പെടും ഈ ഡാറ്റ എന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.

സമുദ്രനിരപ്പ് 7.5 മീറ്റര്‍ ഉയര്‍ത്താന്‍ മതിയായ അത്രയും ഐസ് ഗ്രീന്‍ലാന്‍ഡിലുണ്ട്. അത് ഏകദേശം 25 അടിയോളം വരും. ഈ ഐസ് ഉരുകിയാല്‍ അത് ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളില്‍ വിനാശം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഹെല്‍ഹെയ്മിനു മുകളിലൂടെയും നാസ ഗവേഷകര്‍ വിമാനത്തിലൂടെ പറക്കാറുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ഏറ്റവും വലിയ ഗ്ലേസിയേഴ്‌സില്‍ ഒന്നാണിത്. ഈ ഹിമാനിക്ക് അഥവാ ഗ്ലേസിയറിന് നാല് മൈല്‍ വീതിയും അമേരിക്കയിലെ പ്രമുഖമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഉയരവുമുണ്ട്. വിമാനം ഹെല്‍ഹെയ്മിനു സമീപമെത്തിയപ്പോള്‍ ഗ്ലേസിയറിന്റെ മുന്‍വശത്ത് ഒരു ഐസ് രഹിത തടാകം ഗവേഷകര്‍ കാണാനിടയായി. അതൊരു അപൂര്‍വ കാഴ്ചയായിരുന്നു. ഹെല്‍ഹെയ്മിനു ചുറ്റുമുള്ള വെള്ളം ചൂടേറിയതുമായിരുന്നു. ഈ ചൂടു വെള്ളം ഹിമവുമായി നേരിട്ട് ബന്ധം വരാനിടയാകുന്നു. അതിലൂടെ ഐസ് ഉരുകുന്നത് വേഗത്തിലാകുന്നു. ഹെല്‍ഹെയിം സമീപകാലത്ത് മാധ്യമശ്രദ്ധ നേടുകയുണ്ടായി. കാരണം ഇത് അതിശയകരമായ തോതില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. 2017-ല്‍ ഹിമാനിയുടെ രണ്ട് മൈല്‍ വരുന്ന ഭാഗം നഷ്ടപ്പെട്ടിരുന്നു. 2018-ല്‍ ഒരു മൈല്‍ നീളമുള്ള ഐസ് ഹെല്‍ഹെയിം ഗ്ലേസിയറിന്റെ മുന്‍വശത്തുനിന്നും തകര്‍ന്നുവീഴുന്നത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പകര്‍ത്തിയിരുന്നു. ഈ വര്‍ഷവും ഐസ് ഉരുകുന്നത് മന്ദഗതിയിലാണെന്നു തോന്നുന്നില്ലെന്നാണു ഗവേഷകര്‍ പറയുന്നത്. ഹെല്‍ഹെയ്മിനെ പോലുള്ള ഗ്ലേസിയറുകള്‍ക്കും ഗ്രീന്‍ലാന്‍ഡിലെ കുലുസുക് ഗ്രാമത്തിനു ചുറ്റുമുള്ള വളരെ ചെറിയ ഗ്ലേസിയറുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ സമുദ്ര നിരപ്പ് അരമില്ലിമീറ്റര്‍ വരെ ഉയര്‍ത്താന്‍ പ്രാപ്തിയുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രീന്‍ലാന്‍ഡിന് ഗ്രഹത്തിനു ചുറ്റും സ്വാധീനമുണ്ടെന്നാണ്. ഗ്രീന്‍ലാന്‍ഡില്‍ ഉരുകി നഷ്ടപ്പെടുന്ന ഒരു ബില്യന്‍ ടണ്‍ ഐസിന് ഓസ്‌ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ സമുദ്രനിരപ്പ് ഉയര്‍ത്താന്‍ സാധിക്കും. മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനേക്കാള്‍ നാസ മുന്‍ഗണന നല്‍കേണ്ടത് ഭൂമിയിലെ കാലാവസ്ഥ വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങള്‍ നിരീക്ഷിക്കുന്നതിനായിരിക്കണമെന്ന അഭിപ്രായം ഇന്നു ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കുമുണ്ട്.

ഒഎംജി ദൗത്യം

ഓഷ്യന്‍ മെല്‍റ്റിംഗ് ഗ്രീന്‍ലാന്‍ഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഒഎംജി. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയാണ് ഈ ദൗത്യത്തിനു 2016-ല്‍ തുടക്കമിട്ടത്. ദൗത്യത്തിനു നേതൃത്വം നല്‍കുന്നത് ജെപിഎല്‍ ശാസ്ത്രജ്ഞനായ ജോഷ് വില്ലിസാണ്. ഗ്രീന്‍ലാന്‍ഡിലെ ഹിമാനികള്‍ അഥവാ ഗ്ലേസിയേഴ്‌സ് ഉരുകുന്നതില്‍ സമുദ്രം വഹിക്കുന്ന പങ്കിനെ കുറിച്ച് മനസിലാക്കുകയെന്നതാണു ദൗത്യത്തിന്റ ലക്ഷ്യം. അഞ്ച് വര്‍ഷമാണു ഒഎംജി ദൗത്യത്തിന്റെ കാലാവധി. ഒഎംജി പ്രധാനമായും രണ്ട് സര്‍വേകളാണു നടത്തുന്നത്. ജലത്തിന്റെ താപനിലയും, ഉപ്പുരസവും (saltiness) അളക്കുന്നതിനായി വേനല്‍ക്കാലത്ത് നടത്തുന്ന ഓഷ്യന്‍ സര്‍വേയാണ് ഒന്നാമത്തേത്. വിമാനത്തിലിരുന്ന് സൂക്ഷ്മപരിശോധനയ്ക്കുള്ള ഉപകരണം (probes) മഞ്ഞു പാളിയിലേക്കു ഗവേഷകര്‍ വിക്ഷേപിക്കും. ഇതിലൂടെ ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നു. ഐസ് സര്‍വേയാണ് രണ്ടാമത്തേത്. ഇത് റഡാറിന്റെ സഹായത്തോടെയാണു നടത്തുന്നത്. ഒരു വര്‍ഷത്തിനിടെ ഐസിന്റെ മാറ്റങ്ങളെ നിരീക്ഷിക്കുന്നതാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Comments

comments

Categories: Top Stories
Tags: Greenland