വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ ചിത്രീകരണം: നിഷേധിച്ച് എമിറേറ്റ്‌സ്

വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ ചിത്രീകരണം: നിഷേധിച്ച് എമിറേറ്റ്‌സ്

ഐഎഫ്ഇ സംവിധാനത്തിന്റെ ഭാഗമായി ക്യാമറയുണ്ടെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ല

ദുബായ്: വിമാനങ്ങള്‍ക്കുള്ളിലെ വിനോദത്തിനായുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെ ചിത്രീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി. ന്യൂസിലാന്‍ഡിലുള്ള ഒരു മാധ്യമ സ്ഥാപനമാണ് ആരോപണം ഉന്നയിച്ചിരുന്നത്. വിമാനത്തിനുള്ളിലെ ഐഎഫ്ഇ( ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റംസ്) ഉപയോഗിച്ച് എമിറേറ്റ്‌സ് സംശയിക്കേണ്ട സാഹചര്യമില്ലാത്ത യാത്രക്കാരുടെയും ചിത്രീകരണം നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം.

ക്യാമറകള്‍ ഐഎഫ്ഇ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും അവ ഉപയോഗിക്കുകയെന്നത് ഇതുവരെ എമിറേറ്റ്‌സിന്റെ നയമല്ലെന്ന് കമ്പനി അറിയിച്ചു. പാനസോണിക് കമ്പനിയില്‍ നിന്നും വാങ്ങിച്ച ഐഎഫ്ഇ ഹാര്‍ഡ്‌വെയറുകളില്‍ ക്യാമറകളും ഉണ്ട്. ഇവ ചില 777 മോഡല്‍ വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിവിധ സീറ്റുകളിലുള്ള യാത്രികര്‍ക്കിടയില്‍ വീഡിയോ കോളിംഗ് സേവനം ലഭ്യമാക്കാനാണ് ഇവയില്‍ ക്യാമറ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഇത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.

ഐഎഫ്ഇ സംവിധാനം വഴിയും വീഡിയോ ക്യാമറകള്‍ വഴിയും യാത്രക്കാരുടെ നീക്കങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് ഹോങ്കോംഗ് വിമാനക്കമ്പനിയായ കാത്തെ പസഫിക് ഈ മാസം ആദ്യം അറിയിച്ചിരുന്നു. സീറ്റിന് പുറകിലുള്ള ക്യാമറ ഉപയോഗിച്ചല്ല, ഐഎഫ്ഇ ഉപയോഗിച്ചാണ് യാത്രക്കാരുടെ ചിത്രങ്ങളെടുക്കുന്നതെന്നും വിമാനത്തിനുള്ളില്‍ അവരെങ്ങനെയാണ് സമയം ചിലവഴിക്കുന്നതെന്ന് അറിയാനാണ് ഇവ ഉപയോഗിക്കുന്നതെന്നും സിഎന്‍എന്‍ ട്രാവലിനോട് കാത്തെ പസഫിക് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അനുവദിനീയമായ തരത്തില്‍ എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും വിമാനത്തിനുള്ളില്‍ കോക്പിറ്റ് വാതിലിന് സമീപത്തായും സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എന്നാല്‍ യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ഐഎഫ്ഇയില്‍ ഏതെങ്കിലും തരത്തിലുള്ള ക്യാമറകളോ മൈക്രോഫോണുകളോ മോണിറ്ററോ പ്രവര്‍ത്തനക്ഷമമാക്കി വെച്ചിട്ടില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Emiartes