ആരോഗ്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ആരോഗ്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

68 ലക്ഷം രേഖകള്‍ ചൈനക്കാര്‍ ചോര്‍ത്തി

  • ചൈനീസ് ഹാക്കര്‍മാര്‍ രേഖകള്‍ മോഷ്ടിച്ചത് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ വെബ്‌സൈറ്റില്‍ നിന്ന്
  • രോഗികളുടെയും ഡോക്റ്റര്‍മാരുടെയും നിര്‍ണായക വിവരങ്ങളും ചോര്‍ത്തിയവയില്‍ പെടുന്നു
  • ചൈനയുടെ മോഷണം കണ്ടെത്തിയത് യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയായ ഫയര്‍ഐ
  • ചോര്‍ത്തിയ വിവരങ്ങള്‍ ചൈനീസ് സൈബര്‍ ക്രിമിനലുകള്‍ ലോകമെങ്ങും വിറ്റഴിക്കുന്നു

ന്യൂഡെല്‍ഹി: ആരോഗ്യ രംഗത്ത് ദൂരവ്യാപകമായ ഭവിക്ഷ്യത്തുകളുണ്ടാക്കുന്ന രീതിയില്‍ രാജ്യത്തെ ഏറ്റവും പ്രമുഖ ആരോഗ്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ചൈനീസ് ഹാക്കര്‍മാര്‍ 68 ലക്ഷം ഇന്ത്യക്കാരുടെ രേഖകള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രോഗികളുടെയും ഡോക്റ്റര്‍മാരുടെയും വ്യക്തി വിവരങ്ങളും രോഗങ്ങളും ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട രേഖകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഫയര്‍ഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാക്കായ വെബ്‌സൈറ്റിന്റെ പേര് പുറത്തുവിട്ടിട്ടില്ല. മോഷ്ടിച്ച വിവരങ്ങള്‍ ആഗോള സൈബര്‍ അധോലോക കമ്പോളത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ പരസ്യമായി വിപണനത്തിന് വെച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ വെബ്‌സൈറ്റുകളില്‍ നിന്നും ആരോഗ്യ പരിപാലന സംഘടനകളുടെ വെബ്‌സൈറ്റുകളില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ 2,000 ഡോളറില്‍ താഴ്ത്തി വിലയിട്ടാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നതെന്ന് ഫയര്‍ഐ വെളിപ്പെടുത്തി.

ഫെബ്രുവരിയിലാണ് ഇന്ത്യയിലെ ആരോഗ്യ വെബ്‌സൈറ്റില്‍ കടന്നുകയറ്റം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘ഫോളന്‍സ്‌കൈ519’ എന്ന പേരിലുള്ള ഹാക്കറാണ് വിവരങ്ങള്‍ മോഷ്ടിച്ചത്. വ്യക്തിപരമായി തിരിച്ചറിയാനുള്ള രേഖകളും ഇവയില്‍ ഉള്‍പ്പെടും. സൈബര്‍ ചാരന്‍മാരും ക്രിമിനലുകളും ഈ വിവരം കൈവശപ്പെടുത്തി കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്ന് ഫയര്‍ഐ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാന വ്യക്തികളുടെയും മറ്റും രേഖകള്‍ ഉപയോഗിച്ച് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യകതകളും ചൂണ്ടിക്കാട്ടപ്പെടുന്നു.

2018 ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് വന്‍ തോതില്‍ ചൈനീസ് ഹാക്കര്‍മാര്‍ രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് ഫയര്‍ഐ അറിയിച്ചു. ലോകമെങ്ങുമുള്ള ആരോഗ്യ പരിപാലന, സേവന വെബ്‌സൈറ്റുകളില്‍ ചൈനീസ് ഹാക്കര്‍മാരുടെ നേതൃത്വത്തില്‍ സെര്‍ച്ചിംഗ് നടക്കുന്നത് ശദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പരതലുകള്‍ കൂടി വരികയാണ്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്ത് (ഐഒടി) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രോഗികളെ നിരീക്ഷിക്കുന്ന സംവിധാനമടക്കമുള്ള ഉപകരണങ്ങള്‍ സൈബര്‍ ആക്രമണ സാധ്യത വര്‍ധിപ്പിക്കുന്നെന്ന് ഫയര്‍ഐയിലെ മുഖ്യ വിശകലന വിദഗ്ധനായ ലൂക്ക് മക്‌നമാറ പറയുന്നു. മേഖലയിലാകെ ആശയക്കുഴപ്പം സൃഷ്ടിക്കാനും കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ മോഷ്ടിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രില്‍ മാസത്തില്‍ ‘ഈവിള്‍നജ്ജെറ്റ്’ എന്ന മാല്‍വെയര്‍ ഉപയോഗിച്ച് യുഎസില്‍ കാന്‍സര്‍ മരുന്ന് ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എപിടി-22 എന്ന ചൈനീസ് ഹാക്കിംഗ് സംഘമാണ് ഈ ശ്രമം നടത്തിയത്. ചൈനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് യുഎസിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ റിസര്‍ച്ചിലെ നിരവധി ഉദ്യോഗസ്ഥരെ ഏപ്രിലില്‍ പുറത്താക്കുകയും ചെയ്തിരുന്നു.

ലക്ഷ്യം പലത്

ലോകമെങ്ങുമുള്ള ആരോഗ്യ സംവിധാനങ്ങളില്‍ സൈബര്‍ റെയ്ഡ് നടത്തി വിവരങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കത്തിനു പിന്നില്‍ വിവിധ ലക്ഷ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട ചികിത്സാ, ഗവേഷമ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രത്യേകം ശ്രമം നടക്കുന്നുണ്ട്. വ്യവസായവല്‍ക്കരണം തീവ്രമായി നടക്കുന്ന ചൈനയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് കാന്‍സര്‍ ബാധിച്ചാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട ഷീ ജിന്‍പിംഗ് സര്‍ക്കാരിന് കാന്‍സര്‍ രോഗികളുടെ ചികിത്സ വന്‍ ബാധ്യതയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗവേഷണ ഫലങ്ങളും മരുന്നുകളുടെ ഫോര്‍മുലയും ചുളുവില്‍ നേടിയെടുക്കുകയാണ് ഒരു ലക്ഷ്യം. ഒപ്പം ലോകത്തെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ ഹബ്ബുകളിലൊന്നായ രാജ്യത്തെ മരുന്ന് കമ്പനികളെ പുതിയ കാന്‍സര്‍ മരുന്നുകളുണ്ടാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ആഗോള വിപണിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീര്‍ഘകാലമായി നടക്കുന്ന മരുന്ന് പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ പുതിയ കാന്‍സര്‍ മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ ചൈനീസ് കോര്‍പ്പറേറ്റുകളെ സഹായിക്കും.

Categories: FK News, Slider
Tags: hacking