ബരിയാട്രിക്കല്‍ ശസ്ത്രക്രിയയില്‍ 100 മടങ്ങ് വര്‍ദ്ധന

ബരിയാട്രിക്കല്‍ ശസ്ത്രക്രിയയില്‍ 100 മടങ്ങ് വര്‍ദ്ധന

തൂക്കം കുറയ്ക്കല്‍ ശസ്ത്രക്രിയയില്‍ ഇന്ത്യയുടെ ഒന്നര പതിറ്റാണ്ട്

തൂക്കം കുറയ്ക്കാന്‍ ശസ്ത്രക്രിയക്കു വിധേയരാകുന്നവരുടെ എണ്ണത്തില്‍ പോയ 15 വര്‍ഷക്കാലയളവില്‍ 100 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ എണ്ണവും പതിന്മടങ്ങായി. രാജ്യത്ത് 2003 ല്‍ ബരിയാട്രിക് ശസ്ത്രക്രിയാ വിദഗ്ധരുടെ എണ്ണം എട്ടായിരുന്നെങ്കില്‍ ഇന്ന് അത് 450 ആയി ഉയര്‍ന്നു. ഡെല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഓരോ വര്‍ഷവും നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണത്തില്‍ മുന്നില്‍. ശരീരഭാരം കുറയ്ക്കല്‍, അല്ലെങ്കില്‍ ബരിയാട്രിക്, ശസ്ത്രക്രിയയില്‍ ഒരു വ്യക്തിയുടെ വിശപ്പ് കുറയ്ക്കുന്നതിന് ആമാശയത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയോ അടച്ചു വെക്കുകയോ ചെയ്യുന്നു.

ബരിയാട്രിക് ശസ്ത്രക്രിയകളുടെ വര്‍ദ്ധനവ് രാജ്യത്ത് അതിവേഗം വളരുന്ന അമിതവണ്ണ പ്രശ്നത്തിന്റെ സൂചനയാണെങ്കിലും, ഇന്ത്യയില്‍ നടത്തിയ അത്തരം ശസ്ത്രക്രിയകളുടെ എണ്ണം ഇപ്പോഴും യുഎസിനേക്കാള്‍ താഴെയാണ്, കഴിഞ്ഞ വര്‍ഷം ഭാരം കുറയ്ക്കാന്‍ 2.5 ലക്ഷം ആളുകള്‍ ശസ്ത്രക്രിയക്കു വിധേയരായി.ഇന്ത്യയിലെ ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയകള്‍ 2004ലെ 200-ല്‍ നിന്ന് 2019 ല്‍ എത്തിയപ്പോള്‍ 20,000 ത്തിലധികമായി ഉയര്‍ന്നുവെന്ന് ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ (ഒ.എസ്.എസ്.ഐ) അറിയിച്ചു.

ജീവിതശൈലീരോഗമെന്ന നിലയില്‍ അമിതവണ്ണം നിയന്ത്രിക്കാന്‍ ജീവിതരീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടും ഫലമില്ലതെ വരുന്നവരാണ് ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയകളിലേക്കു തിരിയുന്നതെന്ന് ഒ.എസ്.എസ്.ഐ പ്രസിഡന്റും മണിപ്പാല്‍ ആശുപത്രിയിലെ ബരിയാട്രിക്, മെറ്റബോളിക് സര്‍ജറി സെന്റര്‍ മേധാവിയുമായ ഡോ. അരുണ്‍ പ്രസാദ് പറഞ്ഞു. പ്രമേഹനിയന്ത്രണത്തിനായി ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെയും കൂര്‍ക്കംവലി, സന്ധി വേദന തുടങ്ങിയ രോഗങ്ങളുള്ളവരുടെയും എണ്ണം വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു തെറ്റായ പ്രവണതയാണെന്ന് ഡോ. പ്രസാദ് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണവും പ്രമേഹവും പ്രതിരോധിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടി വരുന്നു. ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും സ്വീകരിക്കുന്നതിലൂടെ പലര്‍ക്കും തടയാനോ നിയന്ത്രിക്കാനോ കഴിയുന്ന കാര്യമേയുള്ളൂ. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനായി സ്‌കൂള്‍ തലത്തില്‍ നിന്ന് ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധികൃതര്‍ക്കു മുന്നറിയിപ്പ് നല്‍കുക എന്നതാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നിലെ ആശയമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായ ഭൂരിഭാഗം ആളുകളും 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, എന്നാല്‍, 15 വയസ്സിന് താഴെയുള്ളവരും ഇപ്പോള്‍ ശസ്ത്രക്രിയ്ക്കു വിധേയരാകാന്‍ മുന്നോട്ടു വരുന്നുണ്ട്. നിരവധി രോഗികള്‍ പ്രമേഹ പരിഹാരത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമിതവണ്ണവും പ്രമേഹവും ഇന്ത്യയില്‍ ഗണ്യമായി വളര്‍ന്നു. ഇവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം കുറവാണ്. നിരവധി ആളുകള്‍ക്ക് ശസ്ത്രക്രിയ താങ്ങാന്‍ കഴിയാത്തതിനാലോ അല്ലെങ്കില്‍ അവര്‍ക്ക് ബരിയാട്രിക് ശസ്ത്രക്രിയാ വിദഗ്ധരെ കാണാന്‍ അവസരമില്ലാത്തതിനാലോ ആകാം ഇത് സംഭവിക്കുന്നത്.

2018 ല്‍ യുഎസ്എയില്‍ ഏകദേശം 2.5 ലക്ഷം പേരില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയകള്‍ നടത്തി, ഇത് ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്. ഈ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഓസ്ട്രേലിയ, ചൈന, ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കും പിന്നിലാണു നമ്മുടെ സ്ഥാനമെങ്കിലും ഇത് അഭിമാനിക്കേണ്ട ഒന്നല്ല. നമ്മുടെ പൊണ്ണത്തടിയുള്ള ജനസംഖ്യ കുതിച്ചുയരുകയാണ്. ബരിയാട്രിക് ശസ്ത്രക്രിയ ചെലവേറിയതും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

Comments

comments

Categories: Health