ലക്ഷ്യം 90,000 കോടിയുടെ പ്രതിരോധ ഉല്‍പ്പാദനം

ലക്ഷ്യം 90,000 കോടിയുടെ പ്രതിരോധ ഉല്‍പ്പാദനം

മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12% അധിക ഉല്‍പ്പാദനത്തിന് ശ്രമം

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ മേഖലയില്‍ 90,000 കോടി രൂപയുടെ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് 15,000 കോടി രൂപയുടെ കയറ്റുമതിയും വിഭാവനം ചെയ്തിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനത്തെക്കാള്‍ ഏകദേശം 12% കൂടുതലാണ് പ്രതിരോധ വകുപ്പ് ലക്ഷ്യം വെക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 80,502 കോടി രൂപയുടെ ഉപകരണങ്ങളാണ് വകുപ്പ് നിര്‍മിച്ചിരുന്നത്. 10,745 കോടി രൂപയുടെ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തു. ഉല്‍പ്പാദനത്തിലെയും കയറ്റുമതിയിലെയും മുന്നേറ്റം ഇന്ത്യന്‍ പ്രതിരോധ നിര്‍മാതാക്കള്‍ക്ക് മികച്ച അവസരമൊരുക്കുന്നുണ്ട്. പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിലെ ഇന്ത്യന്‍ കമ്പനികളെ സഹായിക്കാന്‍ ലെയ്‌സണ്‍ ഓഫീസറായി ഡൊമിനിക് ബീല്‍സിനെ യുകെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു.

പ്രതിരോധ ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആധുനികവല്‍ക്കരണത്തിലും തദ്ദേശീയവല്‍ക്കരണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് വകുപ്പുകളില്‍ ഒന്നാണ് പ്രതിരോധ ഉല്‍പ്പാദന വകുപ്പ്. പ്രതിരോധ ഉല്‍പ്പാദനം, ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ തദ്ദേശീയവല്‍ക്കരണം, സ്‌പെയറുകള്‍, ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡിന്റെയും പ്രതിരോധ പൊതുമേഖലാ സ്ഥപനങ്ങളുടെയും ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ആസൂത്രണവും നിയന്ത്രണവും എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

വളര്‍ച്ചയുടെ പാതയില്‍

വര്‍ഷം പ്രതിരോധ ഉല്‍പ്പാദനം (കോടി രൂപ) കയറ്റുമതി(കോടി രൂപ)

2016-17 74,121 1,521

2017-18 78,817 4,682

2018-19 80,502 10,745

2019-20(ലക്ഷ്യം) 90,000 15,000

Categories: FK News, Slider
Tags: Defence